[]ധാക്ക: സ്വാതന്ത്ര്യസമര കാലത്ത് ബംഗ്ലാദേശില്‍ നടന്ന യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ ജമാഅത്ത് നേതാവ് ഗുലാം അസാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

1971 ലെ യുദ്ധക്കുറ്റം കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണല്‍ കോടതിയാണ് ഗുലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. []

90 വയസായ ഗുലാമിനെ 90 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ നേതാവായ ഇദ്ദേഹത്തിന് വധശിക്ഷയായിരുന്നു നല്‍കേണ്ടി യിരുന്നതെന്നും എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് മാത്രമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതെന്നും കോടതി പറഞ്ഞു.

അഞ്ച് കേസുകളായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത്. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചന, കൂട്ടക്കുരുതി ആസൂത്രണം ചെയ്യല്‍, കൊലപാതകങ്ങള്‍ തടയുന്നതിന് പകരം അണികളെ അതിനായി പ്രേരിപ്പിക്കല്‍ എന്നിവയായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍.

യുദ്ധകാലത്ത് നടന്ന ബലാത്സംഗം, കൊലപാതകം, തീവെപ്പ്, കലാപം എന്നീ കുറ്റകൃത്യങ്ങളില്‍ ഗുലാം അസാമിന് നേരിട്ട് പങ്കുള്ളതായി കോടതി വിലയിരുത്തി.

ഗുലാം അസാമിനെതിരെയുള്ള എല്ലാ കുറ്റങ്ങളും സംശയമന്യേ തെളിഞ്ഞിട്ടുണ്ടെന്നും സാധാരണക്കാരായ രാജ്യത്തെ ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കാനും വംശഹത്യ നടത്താനും ഇദ്ദേഹം മുന്‍പന്തിയില്‍ നിന്നതായി വിചാരണയില്‍ വ്യക്തമായതായും അറ്റോണി ജനറല്‍ മെഹബുബ് ആലം വ്യക്തമാക്കി.

അതേസമയം ഗുലാമിനെതിരെയുള്ള കോടതി വിധി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ നേതാക്കള്‍ കുറ്റപ്പെടുത്തി. വിധിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

കോടതിവിധിക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു. ഗുലാമിന്റെ മോചനം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഇന്നലെ ബംഗ്ലാദേശില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

യുദ്ധക്കുറ്റ കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ നിരവധി ജമാഅത്തെ നേതാക്കളെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളില്‍ നൂറ് കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശില്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മുപ്പത് ലക്ഷം പേര്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്.