ഇന്ത്യയൊക്കെ പുറകില്‍; ഓസ്ട്രേലിയ കീഴടക്കി ഏഷ്യയില്‍ തലയുയര്‍ത്തി കടുവക്കൂട്ടം
Cricket
ഇന്ത്യയൊക്കെ പുറകില്‍; ഓസ്ട്രേലിയ കീഴടക്കി ഏഷ്യയില്‍ തലയുയര്‍ത്തി കടുവക്കൂട്ടം
സുദേവ് എ
Sunday, 16th August 2026, 3:15 pm

ബംഗ്ലാദേശിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. മരാറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയന്‍ മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. ആദ്യ വിജയത്തിനൊപ്പം മറ്റൊരു ചരിത്രനേട്ടവും ബംഗ്ലാദേശ് തങ്ങളുടെ പേരിലാക്കി മാറ്റി. ഓസ്ട്രേലിയന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്ന ഏഷ്യന്‍ ടീമായ ബംഗ്ലാദേശ് മാറിയത്. മൂന്നാം മത്സരത്തിലാണ് ബംഗ്ലാദേശ് ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം സ്വന്തമാക്കിയത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യത്തെ വിജയം സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ എട്ട് മത്സരങ്ങളാണ് വേണ്ടി വന്നത്. ഇന്ത്യ ഓസീസിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത് പന്ത്രണ്ടാം മത്സരത്തിലായിരുന്നു. ശ്രീലങ്കക്ക് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും ഓസ്ട്രേലിയന്‍ മണ്ണില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. 15 മത്സരങ്ങള്‍ ഓസ്ട്രേലിയയില്‍ കളിച്ച ലങ്കയ്ക്ക് ഇതുവരെ വിജയം നേടിയിട്ടില്ല.

അതേസമയം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കം പാളിയിരുന്നു. ട്രാവിസ് ഹെഡും ജേക് വെതറാള്‍ഡും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കം നല്‍കിയെങ്കിലും സൂപ്പര്‍ പേസര്‍ ഹസന്‍ മഹ്‌മൂദിന്റെ സ്ട്രൈക്കില്‍ ഇരുവര്‍ക്കും കാലിടറി.

23 റണ്‍സ് നേടിയ വെതറാള്‍ഡിനെ ലിട്ടണ്‍ ദാസിന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ച മഹ്‌മൂദ് അധികം വൈകാതെ ഹെഡിനെയും (39 പന്തില്‍ 22) പിന്നാലെയെത്തിയവരില്‍ സ്മിത് ഒഴികെ ആര്‍ക്കും തന്നെ ചെറുത്തുനില്‍ക്കാന്‍ സാധിക്കാതെ പോയതോടെ ബംഗ്ലാദേശ് ഓസ്ട്രേലിയയെ 198 റണ്‍സിന് പുറത്താക്കി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്താണ് ആതിഥേയരെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 109 പന്ത് നേരിട്ട താരം 71 റണ്‍സിന് മടങ്ങി.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് ആറ് വിക്കറ്റ് വീഴ്ത്തി. ഇതാദ്യമായാണ് ഒരു ബംഗ്ലാ താരം ഓസ്ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേടുന്നത്. എദാബോദ് ഹൊസൈനും താസ്‌കിന്‍ അഹമ്മജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ലീഡ് നേടാനുറച്ച് ക്രീസിലെത്തിയ ബംഗ്ലാദേശിന് 20 റണ്‍സ് നേടിയ ഷദ്മന്‍ ഇസ്ലാമിനെ ഒമ്പതാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവരെ ഒപ്പം കൂട്ടി തന്‍സിദ് ഹസന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രണ്ടാം വിക്കറ്റില്‍ മോമിനുല്‍ ഹഖിനെ (95 പന്തില്‍ 49) ഒപ്പം കൂട്ടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹസന്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാന്റോയ്ക്കൊപ്പം (126 പന്തില്‍ 84) 93 റണ്‍സും കൂട്ടിച്ചേര്‍ത്തു.

197 പന്ത് നേരിട്ട് 101 റണ്‍സുമായാണ് തന്‍സിദ് ഹസന്‍ മടങ്ങിയത്. എട്ട് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഹെമ്ദി ഹസന്‍ മിറാസും (154 പന്തില്‍ 65), മുഷ്ഫിഖര്‍ റഹീമും (55 പന്തില്‍ 36) തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ ബംഗ്ലാദേശ് 426 റണ്‍സിലെത്തി.

കങ്കാരുക്കള്‍ക്കായി ജോഷ് ഹെയ്സല്‍വുഡ് ആറ് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

228 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിനേക്കാള്‍ മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും കാമറൂണ്‍ ഗ്രീന്‍ ഒഴികെയുള്ള താരങ്ങളുടെ പ്രകടനം ശരാശരി മാത്രമായിരുന്നു.

201 പന്ത് നേരിട്ട 104 റണ്‍സുമായാണ് ഗ്രീന്‍ മടങ്ങിയത്. നാല് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

സ്റ്റീവ് സ്മിത് (88 പന്തില്‍ 44), മാര്‍നസ് ലബുഷാന്‍ (59 പന്തില്‍ 31) എന്നിവര്‍ മാത്രമാണ് ഗ്രീനിന് പുറമെ ഹോം ടീമിനായി ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചത്. ഒടുവില്‍ ടീം 284ന് പുറത്തായി.

അഞ്ച് വിക്കറ്റുമായി തിളങ്ങിയ മെഹ്ദി ഹസന്‍ മിറാസാണ് രണ്ടാം ഇന്നിങ്സില്‍ കങ്കാരുക്കൂട്ടത്തെ ചുരുട്ടിക്കെട്ടിയത്. 33.1 ഓവറില്‍ 66 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ ടെന്‍ഫര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തൈജുല്‍ ഇസ്ലാം, താസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

57 റണ്‍സ് എന്ന ദുര്‍ബലമായ വിജയലക്ഷ്യമായിരുന്നു രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന് മുമ്പിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിലെ സെഞ്ചൂറിയന്‍ തന്‍സിദ് ഹസനെ പൂജ്യത്തിന് നഷ്ടപ്പെട്ടെങ്കിലും മോമിനുല്‍ ഹഖ് (39 പന്തില്‍ 30*), ഷദ്മന്‍ ഇസ്ലാം (42 പന്തില്‍ 25*) എന്നിവര്‍ സന്ദര്‍ശകരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം ആദ്യ മത്സരത്തിലെ ചരിത്ര വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു.

ഓഗസ്റ്റ് 22നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഗ്രേറ്റ് ബാരിയര്‍ റീഫാണ് വേദി. ഈ മത്സരം സമനിലയിയാല്‍ പോലും ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

 

Content Highlight: Bangladesh create a history in Australia soil in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.