ആന്റോ ജോസ് പെരേരയും എബി ജോസ് പെരേരയും ചേര്‍ന്ന് സംവിധാനം ചെയ്ത് സാന്ദ്രാ തോമസ് നിര്‍മിച്ച ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ – ഷെയ്ന്‍ നിഗം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആര്‍.ഡി.എക്സിന് ശേഷം ഈ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്.

ചിത്രത്തില്‍ ബാബുരാജും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയിലെ നായികയായ മഹിമയെ കുറിച്ച് പറയുകയാണ് താരം. താന്‍ ഇത്ര എനര്‍ജിയുള്ള ഒരു നായികയെ വേറെ കണ്ടിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്.

റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പ്രൊമോഷന്റെ ഭാഗമായി തിയേറ്ററില്‍ പോയാല്‍ ആളുകളോട് സംസാരിക്കാന്‍ ചമ്മലാണെന്നും എന്നാല്‍ മഹിമ അങ്ങനെയല്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

‘മഹിമ ആള് ഒരു പൊളിയാണ്. ഞാന്‍ ഇത്ര എനര്‍ജിയുള്ള ഒരു പെങ്കൊച്ചിനെ വേറെ കണ്ടിട്ടില്ല. നമ്മള്‍ പ്രൊമോഷന്റെയും മറ്റും ഭാഗമായി തിയേറ്ററിലൊക്കെ പോയാല്‍ എനിക്ക് സത്യത്തില്‍ ചമ്മലാണ്. ഇത്രനാളിന് ഇടയില്‍ നമ്മള്‍ അതൊന്നും പഠിച്ചിട്ടില്ലല്ലോ.

എന്നാല്‍ മഹിമ അങ്ങനെയല്ല. അവള്‍ തിയേറ്ററില്‍ ചാടികയറി സംസാരിക്കും. പിന്നെ നമ്മള് വേണം അവളെ അവിടുന്ന് പിടിച്ചു വലിച്ച് തിരികെ കൊണ്ടുവരാന്‍. അതിന്റെ ഇടയില്‍ ഒരുതവണ തിയേറ്ററില്‍ വെച്ച് ഒരു കാസര്‍ക്കോടുക്കാരനെ കണ്ടു. പിന്നെ അവള്‍ കാസര്‍ക്കോടുകാരിയായി.

അതിന്റെ ഇടയില്‍ മഹിമ അവന്റെ കൂടെയിറങ്ങി പോകുമോയെന്ന് പോലും ഞങ്ങള്‍ക്ക് സംശയമായിരുന്നു (ചിരി). അത്രയും എനര്‍ജിയുള്ള കുട്ടിയാണ് മഹിമ. അവളെ നമ്മള്‍ എന്ത് പറഞ്ഞാലും ഉടനെ തന്നെ കറക്ട് കൗണ്ടറുമായി വരും. മഹിമയെ ഓരോന്നും പറയുകയെന്നതായിരുന്നു ഞങ്ങളുടെ രസം,’ ബാബുരാജ് പറയുന്നു.


Content Highlight: Baburaj Talks About Mahima Nambiar