പ്രൊമോഷന് പങ്കെടുക്കുന്നില്ല, നിര്‍മാതാവിന് നഷ്ടം 25 ലക്ഷം, ബിജു മേനോനെതിരെ പരാതിയുമായി ബി. ഉണ്ണികൃഷ്ണന്‍
Malayalam Cinema
പ്രൊമോഷന് പങ്കെടുക്കുന്നില്ല, നിര്‍മാതാവിന് നഷ്ടം 25 ലക്ഷം, ബിജു മേനോനെതിരെ പരാതിയുമായി ബി. ഉണ്ണികൃഷ്ണന്‍
അമര്‍നാഥ് എം.
Monday, 9th February 2026, 1:12 pm

നടന്‍ ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍. സിനിമാ പ്രൊമോഷനുകളില്‍ ബിജു മേനോന്‍ പങ്കെടുക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കരാറുണ്ടായിട്ടും താരം പ്രൊമോഷന് പങ്കെടുക്കാത്തതിനാല്‍ നിര്‍മാതാവിന് 25 ലക്ഷത്തോളം നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

അവസാനം പുറത്തിറങ്ങിയ വലതുവശത്തെ കള്ളന്റെ പ്രൊമോഷന് താരം പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവിന്റെ പരാതി തനിക്ക് ലഭിച്ചെന്നും ബിജു മേനോന്റെ പേര് പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും ഫെഫ്ക നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രൊമോഷന് പങ്കെടുക്കണം എന്നത് കരാറിലുള്ള കാര്യമാണെന്നും അത് പാലിക്കപ്പെടാത്തത് എന്താണെന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു.

‘ഞങ്ങളുടെ അസോസിയേഷനിലെ ഒരംഗവും സംവിധായകനുമാണ് ആ നിര്‍മാതാവ്. ബിജു മേനോന്‍ പ്രൊമോഷന് പങ്കെടുക്കാത്തതുകൊണ്ട് 25 ലക്ഷം രൂപയാണ് ചാനലുകളില്‍ നിന്ന് കിട്ടാതിരിക്കുന്നത്. ഇങ്ങനെയൊരു വിഷയം അദ്ദേഹം പരാതിപ്പെട്ടതുകൊണ്ടാണ് പുറത്തുവിടേണ്ടി വരുന്നത്. പ്രിതഫലത്തിന്റെ കാര്യത്തില്‍ നടന്മാരെല്ലാവരും വലിയ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കരാര്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണല്ലോ,’ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് വലതുവശത്തെ കള്ളന്‍. പൊലീസ് ഓഫീസറായാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. ലെന, ഗോകുല്‍ കെ.ആര്‍, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിച്ചത്.

ചിത്രത്തിന്റെ പ്രസ് മീറ്റിലല്ലാതെ മറ്റൊരു പ്രൊമോഷന്‍ പരിപാടികളിലും ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല. മുമ്പും പല സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ പങ്കെടുക്കാറില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിലൂടെ താരത്തിനെതിര പരാതിയും ഉയര്‍ന്നിരിക്കുകയാണ്. ബി. ഉണ്ണികൃഷ്ണന്റെ ആരോപണത്തില്‍ ബിജു മേനോന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: B Unnikrishnan raises complaint against Biju Menon for not attending promotion events

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം