അയോധ്യ ക്ഷേത്രക്കൊള്ള: സി.ബി.ഐ അന്വേഷണം തള്ളി സുപ്രീം കോടതി; ആകാശം ഇടിഞ്ഞുവീഴാനൊന്നും പോണില്ലല്ലോ എന്ന് നിരീക്ഷണം
national news
അയോധ്യ ക്ഷേത്രക്കൊള്ള: സി.ബി.ഐ അന്വേഷണം തള്ളി സുപ്രീം കോടതി; ആകാശം ഇടിഞ്ഞുവീഴാനൊന്നും പോണില്ലല്ലോ എന്ന് നിരീക്ഷണം
ആദര്‍ശ് എം.കെ.
Monday, 29th June 2026, 3:13 pm

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ച സംഭാവനകളില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് തിരിമറിയും നടന്നതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു.

അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഫണ്ട് വകമാറ്റല്‍, അഴിമതി എന്നിവയില്‍ സി.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീല്‍ നാഗു എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ചാണ് തിങ്കളാഴ്ച ഈ ആവശ്യം നിരസിച്ചത്.

പ്രസ്തുത ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ഇക്കാര്യത്തില്‍ ഇത്രയധികം അടിയന്തരാവസ്ഥ എന്താണെന്നും, കേസ് ഇപ്പോള്‍ കേട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ലെന്നും’ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

വേനല്‍ക്കാല അവധിക്ക് ശേഷം കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുമ്പോള്‍ കേസ് പട്ടികപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 12നും 17നും ഇടയിലുള്ള ദിവസങ്ങളില്‍ കേസ് പരിഗണിച്ചേക്കും.

 

നിലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്.ഐ.ടി അന്വേഷണം തൃപ്തികരമല്ലെന്നും അവര്‍ക്ക് സങ്കീര്‍ണമായ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനുള്ള വൈദഗ്ധ്യമില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു.

കേസിലെ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍, ഡി.വി.ആര്‍ ലോഗുകള്‍ തുടങ്ങിയ ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ഹരജിക്കാര്‍ വാദിച്ചു.

കോടിക്കണക്കിന് ഭക്തരുടെ വികാരത്തെയും വിശ്വാസത്തെയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണങ്ങള്‍ ട്രസ്റ്റിനെ ആഴത്തില്‍ വേദനിപ്പിച്ചുവെന്നും സത്യം പുറത്തുവരുമെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതികരിച്ചു. ഭക്തര്‍ നല്‍കിയ വെള്ളി ഇഷ്ടികകളും ആഭരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

വിവാദങ്ങളെത്തുടര്‍ന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റി അനില്‍ മിശ്ര എന്നിവര്‍ രാജിക്കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പോലീസ് ചമ്പത്ത് റായുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.

 

Content highlight: Ayodhya temple scam: Supreme Court refuses to hear petition urgently.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.