എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ല: ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ അക്സര്‍ പട്ടേല്‍
Cricket
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ല: ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ അക്സര്‍ പട്ടേല്‍
Sudev A
Tuesday, 28th April 2026, 10:06 am

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ബൗളര്‍മാരുടെ കരുത്തിലാണ് ആര്‍.സി.ബി ആറാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 75 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു ഈ സ്‌കോര്‍ 81 പന്തുകള്‍ ബാക്കി നില്‍ക്കെ തന്നെ മറികടന്നു.

മത്സരശേഷം ഈ ഞെട്ടിക്കുന്ന തോല്‍വിയെക്കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ സംസാരിച്ചിരുന്നു. എന്താണ് ഈ മത്സരത്തില്‍ സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് അക്സര്‍ പട്ടേല്‍ വ്യക്തമാക്കിയത്. അടുത്ത മത്സരത്തില്‍ ഇതെല്ലം മറന്ന് മുന്നോട്ട് പോവണമെന്നും ദല്‍ഹി ക്യാപ്റ്റന്‍ പറഞ്ഞു.

‘എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. എന്നാല്‍ ക്രിക്കറ്റില്‍ എല്ലാ ദിവസവും ഉണരണമെന്നും വീണ്ടും തിരിച്ചെത്തി ഒരേ കാര്യങ്ങള്‍ തന്നെ വീണ്ടും ചെയ്യണമെന്നാണ് എല്ലാവരും പറയുന്നത്. അടുത്ത മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഇതെല്ലം മറന്ന് മുന്നോട്ട് പോവണം’, അക്സര്‍ പട്ടേല്‍ പറഞ്ഞു.

മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും ഓരോ വിക്കറ്റും നേടി. മത്സരത്തിലെ പവര്‍പ്ലെയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ദല്‍ഹിയുടെ പക്കലുണ്ടായിരുന്നത്.

ഐ.പി.എല്ലില്‍ ഒരു ഇന്നിങ്സിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോറാണിത്. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ് ഹൈദരാബാദ് 14/3 എന്ന നിലില്‍ മോശം പവര്‍പ്ലേ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 2009ല്‍ രാജസ്ഥാന്‍ ബെംഗളൂരുവിനെതിരെ 14/2 എന്ന നിലയിലും മോശം സ്‌കോര്‍ രേഖപ്പെടുത്തിയിരുന്നു. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്യുന്ന ടീമും ദല്‍ഹി തന്നെയാണ്. 11 തവണയാണ് ദല്‍ഹി മൂന്നക്കം കാണാതെ ഇന്നിങ്സ് അവസാനിപ്പിച്ചത്.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് 20 റണ്‍സിന് ജേക്കബ് ബേഥലിനെ നഷ്ടപ്പെട്ടെങ്കിലും ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്‌സും ഒരു ഫോറുമാണ് വിരാട് നേടിയത്.

Content Highlight: Axar Patel Talks about Delhi Capitals defeat against RCB in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.