ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഔഖിബ് നബി ദാറിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായാണ് ഔഖിബ് നബി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ബുംറയുടെ പരിക്കിനെ സംബന്ധിച്ചുള്ള പ്രാഥമിക വിലയിരുത്തലില്‍ ബുംറയുടെ ഇടത് കാല്‍മുട്ടിന് ഇപ്പോഴും വേദനയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയായിരുന്നു താരം പരമ്പരയില്‍ നിന്നും പുറത്തായത്.
ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഔഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. 2025-26 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഔഖിബ് നബി. ജമ്മു കശ്മീരിന് ചരിത്രത്തിലെ ആദ്യ രഞ്ജി കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു ഔഖിബ് നബി വഹിച്ചത്.
𝗡𝗘𝗪𝗦:
Auqib Nabi replaces Jasprit Bumrah in India’s Test squad.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മത്സരങ്ങളില്‍ നിന്നും 162 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെയുള്ള എ ടീമിനെതിരെയുള്ള പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ജമ്മു താരം നടത്തിയിരുന്നത്. രണ്ട് മത്സരങ്ങളില്‍ നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ഔഖിബ് നബിക്ക് അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ചു നിന്നിട്ടും സെലക്ടര്‍മാര്‍ താരത്തെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ 29കാരനെ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.