ദൃശ്യം 3യുടെ ഒ.ടി.ടി റിലീസിന് പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട കഥാപാത്രങ്ങൡ ഒന്നായിരുന്നു അവിരയുടേത്. ബിസിനസില്‍ ഒന്ന് സഹായിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് സ്വന്തം നാടും വീടും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച്, മറ്റൊരു രാജ്യത്തേക്ക് വ്യാജ ഐഡന്റിറ്റിയില്‍ കടക്കാന്‍ തയ്യറായ അവിരയെ വിട്ടുകളയാന്‍ ട്രോളന്മാര്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ട്രോളന്മാരുടെ കണ്ണുകള്‍ അവിരയില്‍ നിന്നും അവിരയുടെ കുടുംബത്തിലേക്ക് മാറിയിരിക്കുകയാണ്.
‘ഇതിനിടയില്‍ അവിരയുടെ കുടുംബത്തെ സ്മരിക്കാന്‍ മറന്നു പോയതില്‍ ക്ഷമിക്കണം. എന്തായിരിക്കും ഇവരുടെ കഥയിലെ റോള്‍? ഇവര്‍ക്കും അറിയാമായിരിക്കുമോ അവിരയുടെ മാസ്റ്റര്‍ പ്ലാന്‍? അതോ മകന്‍ മരിച്ചു എന്ന് കരുതി ദൃശ്യം 4-ല്‍ ലാലേട്ടനോട് പ്രതികാരം ചോദിക്കാന്‍ വരുന്നത് ഇവര്‍ ആയിരിക്കുമോ?’ എന്നാണ് ട്രോള്‍ പേജുകളില്‍ വരുന്ന ചോദ്യം. രസകരമായ കമന്റുകളാണ് ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്.
‘ഒന്നും നോക്കാനില്ല… നല്ല ബെസ്റ്റ് ഫാമിലി… ധൈര്യമായിട്ട് കെട്ടിച്ചു വിട്ടോ… ഇനി ഇളയവള്‍ക്ക് വേണേല്‍ അവന്റെ അനിയന്‍ ഉണ്ട്… നാടവിര!’ എന്നായിരുന്നു ഒരു കമന്റ്.
‘ഇയാളും ഭാര്യയും പ്രഭാകരന്‍ ജിയുടെ ക്ലാസ്സ്മേറ്റ്സ് ആയിരുന്നെന്നും. ജിയുടെ ഒപ്പം പ്രതികാരം ചെയ്യാന്‍ ഇറങ്ങിയതാണെന്നുമാണ് ചിലരുടെ കണ്ടുപിടുത്തം.
‘ഇവര്‍ക്ക് ഒന്നും അറിയില്ലെന്നും അവിര ടുണീഷ്യയില്‍ എത്തിക്കഴിഞ്ഞ് അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്യുമെന്നും ചിലര്‍ ട്രോളുന്നു. എന്നാല്‍ ‘ഇതെല്ലാം പ്രഭാകര്‍ റെന്റിന് എടുത്ത അച്ഛനും അമ്മയും ആണ്’ എന്ന തിയറിയും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
അവിരയെ തട്ടിക്കൊണ്ടുപോയത് സഹദേവന്‍ ആണെന്ന് പറഞ്ഞാണ് കേസ് വരികയെന്നും അല്ലാതെ അഞ്ജുവിന്റെയോ ജോര്‍ജുകുട്ടിയുടെയോ തലയിലല്ല കുറ്റം വരികയെന്നുമാണ് ചിലരുടെ നിരീക്ഷണം. അപ്പോള്‍ പിന്നെ ഇവര്‍ എന്തിനാണ് ജോര്‍ജുകുട്ടിയോട് പ്രതികാരത്തിന് വരുന്നത് എന്ന് ചില ‘നിഷ്‌ക്കളങ്കര്‍’ ചോദിക്കുന്നു.
എന്തായാലും ദൃശ്യം 3 യില്‍ ട്രോള്‍ വാങ്ങിക്കൂട്ടാത്തതായി ആരുമില്ലെന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി. ജോര്‍ജുകുട്ടി മുതല്‍ അവിരയുടെ അപ്പനമ്മമാര്‍ കൂടി എത്തിയതോടെ സംഗതി പൂര്‍ത്തിയായെന്നാണ് ചിലര്‍ പറയുന്നത്.
ജിത്തു ജോസഫ് അടുത്ത ഭാഗം പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഈ ട്രോള്‍ പേജുകള്‍ എല്ലാം ഒന്നു കാണുന്നത് നന്നാകുമെന്നും ചിലര്‍ പറയുന്നു.
Content Highlight: Avira Family Get Trolls after Drishyam 3 OTT Release