തീപ്പെട്ടിയില്ല... തീയിരിക്കട്ടെ, എല്ലാവരുടെയും കണ്ണിലെ ഭയം പറയും... ഡൂം ആരാണെന്ന്; ആവേശം ഇരട്ടിയാക്കി ഡൂംസ്‌ഡേ സ്‌പെഷ്യല്‍ ലുക്ക്
World Cinema
തീപ്പെട്ടിയില്ല... തീയിരിക്കട്ടെ, എല്ലാവരുടെയും കണ്ണിലെ ഭയം പറയും... ഡൂം ആരാണെന്ന്; ആവേശം ഇരട്ടിയാക്കി ഡൂംസ്‌ഡേ സ്‌പെഷ്യല്‍ ലുക്ക്
അമര്‍നാഥ് എം.
Saturday, 15th August 2026, 4:00 pm

ഇതുവരെയുള്ള ആവേശം വീണ്ടും വാനോളമുയര്‍ത്തിയിരിക്കുകയാണ് മാര്‍വലിന്റെ ബ്രഹ്‌മാസ്ത്രമായ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. സാന്‍ ഡിയാഗോ കോമിക് കോണില്‍ സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയ ട്രെയ്‌ലര്‍ ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. വരാനിരിക്കുന്നത് ചില്ലറ ഐറ്റമല്ല എന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് മാര്‍വല്‍.

സ്യൂ സ്‌ടോം വിക്ടര്‍ ഡൂമിനെക്കുറിച്ച് പറയുന്നതിലൂടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഡൂമിനെ തനിക്ക് അറിയാമെന്നും അയാള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു എന്ന് പറയുമ്പോഴെല്ലാം ഡോക്ടര്‍ ഡൂമിന്റെ ബാക്ക്‌ഷോട്ട് മാത്രമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. എന്നാല്‍ അയാള്‍ തകര്‍ന്നവനാണെന്നും എന്തും ചെയ്യാന്‍ മടിക്കാത്തവനാണെന്നുമെല്ലാം പറയുമ്പോള്‍ അവഞ്ചേഴ്‌സിന്റെയും എക്‌സ് മെന്നിന്റെയും മുഖത്ത് ഭയം വരുന്നതും ട്രെയ്‌ലറിനെ കൂടുതല്‍ ആവേശഭരിതമാക്കുന്നു.

റീഡ് റിച്ചാര്‍ഡ്‌സും ഡൂമും തമ്മിലുള്ള സംഭാഷണവും ലോക്കിയുടെ രംഗപ്രവേശവും ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്. എന്നാല്‍ ഇതിനെക്കാള്‍ പലരെയും ഞെട്ടിച്ചത് തോര്‍ vs ഡൂം ഫൈറ്റ് സീനാണ്. സ്‌ട്രോം ബ്രേക്കര്‍ ഉപയോഗിച്ച് ഡൂമിനെ കൊല്ലാന്‍ നോക്കുന്ന തോറിനെ ഡൂം നിഷ്പ്രഭനാക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഡയലോഗും ശ്രദ്ധ നേടുന്നുണ്ട്.

‘യൂ വില്‍ ബെഗ് ഫോര്‍ ഹെല്‍ ബിഫോര്‍ ഐ ഗ്രാന്റ് ഇറ്റ്’ എന്ന തോറിന്റെ ഡയലോഗിന് ‘ഹെല്‍ ആന്‍സ്വേഴ്‌സ് ടു മീ, ഫോര്‍, ഐ ആം ഡൂം’ എന്ന ഡയലോഗ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എല്ലാവരും ഒന്നിച്ച് നിന്നാലും ഡോക്ടര്‍ ഡൂമിനെ ഇല്ലാതാക്കാന്‍ പ്രയാസമാകുമെന്ന് ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നുണ്ട്.

റിലീസിന് ഇനിയും നാല് മാസമുണ്ടെങ്കിലും ഡൂംസ്‌ഡേയെ ലൈവാക്കി നിര്‍ത്താന്‍ വലിയ മാര്‍ക്കറ്റിങ്ങാണ് മാര്‍വല്‍ നടത്തുന്നത്. എന്‍ഡ് ഗെയിമിന്റെ റീ റിലീസാണ് അതില്‍ ഒന്ന്. സെപ്റ്റംബര്‍ 25ന് എന്‍ഡ് ഗെയിം ഒരിക്കല്‍കൂടി തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്റ് ക്രെഡിറ്റ് സീനോടെയായിരിക്കും ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുക.

ഐമാക്‌സ് റിലീസില്ലാതെയാണ് ഡൂംസ്‌ഡേ പ്രേക്ഷകരിലേക്കെത്തുന്നത്. പകരം പുതിയ ഫോര്‍മാറ്റായ ‘ഇന്‍ഫിനിറ്റി വിഷന്‍’ മാര്‍വല്‍ ഡൂംസ്‌ഡേയ്ക്കായി തയാറാക്കിയിട്ടുണ്ട്. പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റ് സ്‌ക്രീനുകളെല്ലാം ഡൂംസ്‌ഡേയ്ക്കായി മാര്‍വല്‍ ലോക്ക് ചെയ്തുകഴിഞ്ഞു. സിനിമാപ്രേമികള്‍ക്ക് മറക്കാനാകാത്ത എക്‌സ്പീരിയന്‍സാകും ഡൂംസ്‌ഡേയെന്ന് ഉറപ്പാണ്.

Content Highlight: Avengers Doomsday special look trailer out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം