jayarajan

കണ്ണൂര്‍:  ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി ജോസഫിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതന്‍ ബിനോയ് തോമസിന് മര്‍ദ്ദനം. ഇന്നലെ ഉച്ചയോടെ  ചെമ്പന്‍തൊട്ടിക്കടുത്ത് കരിയത്തും ചാലില്‍ വെച്ച് ഒരു സംഘം ബിനോയ് തോമസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

സ്ഥാനാര്‍ത്ഥിയുടെ നോട്ടീസ് നല്‍കാനെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ബിനോയ് തോമസ്. ഇവിടെ വെച്ചാണ് സംഘം ബിനോയിയേയും അക്രമിച്ചത്. കൂടെയുണ്ടായിരുന്ന ബേബി, ബെന്നി എന്നിവര്‍ക്കും പരുക്കേറ്റു. മൂവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബിനോയ് ആരോപിച്ചു.

സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ബിനോയ് തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും ജനശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായിരുന്ന  ബിനോയ് തോമസ് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവെച്ചായിരുന്നു കെ.സി ജോസഫിനെതിരെ സ്ഥാനാര്‍ത്ഥിയായിരുന്നത്.