മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ഓരോ കഥാപാത്രത്തിലും പുതുമ കൊണ്ടുവരുന്ന അഭിനയം കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. അഭിനയത്തിനൊപ്പം അദ്ദേഹത്തിന്റെ ലളിതമായ സ്വഭാവവും ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്.
ആസിഫ് അലിയുടെ അനിയനായ അസ്‌കർ അലിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. പഠനം പൂർത്തിയാക്കിയ ശേഷം അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ അദ്ദേഹം, 2017ൽ പുറത്തിറങ്ങിയ ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ‘ഹണി ബി 2.5’ലും അദ്ദേഹം നായകനായി എത്തി.
അസ്‌കർ അലി, ആസിഫ് അലി , Photo: Askar Ali/ Facebook
പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ പുതിയ ചിത്രം ‘സംഭവം അധ്യായം ഒന്ന്’ റിലീസായതോടെ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനിടെ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലിയെക്കുറിച്ചും സിനിമാ അവസരങ്ങളെക്കുറിച്ചും അസ്‌കർ അലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘കാണാൻ ആസിഫിനെ പോലെ തന്നെയുണ്ട്, ആസിഫ് സിനിമയിൽ സഹായിക്കാറില്ലേ, ആസിഫിനെ വെച്ച് ഒരു സിനിമ നിർമ്മിച്ച് അഭിനയിച്ചാലോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഇതിന്റെ ഉത്തരം പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു. ഇക്ക എവിടെയാണെന്ന് അറിയാൻ പോലും ചിലർ എന്റെ ഇന്റർവ്യൂ കാണുന്ന അവസ്ഥയാണ്,’ എന്നാണ് അസ്‌കർ അലി പറയുന്നത്.
അസ്‌കർ അലി, ആസിഫ് അലി , Photo: Askar Ali/ Facebook
ഇപ്പോൾ ആസിഫ് അലി ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണെന്നും താരം പറഞ്ഞു. ‘ഇക്ക ഇപ്പോൾ ഷൂട്ടിലാണ്. വളരെ കഠിനമായി പണിയെടുക്കുകയാണ്. സിക്‌സ് പാക്ക് വരുത്താൻ ഡയറ്റും വർക്ക് ഔട്ടും ഒക്കെ ചെയ്യുകയാണ്. ഇക്കയുടെ മുന്നിൽ ഇരുന്ന് ബിരിയാണി കഴിക്കുമ്പോൾ പോലും ‘ഇത് ശരിയാണോ’ എന്ന് ഞാൻ ചിന്തിക്കും,’ എന്നും അദ്ദേഹം തമാശയായി പറഞ്ഞു.
പഴയകാലത്ത് ഇരുവരും ഏറെ സീരിയസ് സ്വഭാവക്കാരായിരുന്നെങ്കിലും ഇപ്പോൾ അതിൽ മാറ്റമുണ്ടായെന്നും അസ്‌കർ പറയുന്നു. ‘ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ചില്ല് ചെയ്യാറുണ്ട്. തമ്മിൽ കോമഡിയും കൗണ്ടറുകളും പറയുന്ന ഒരു നല്ല ബന്ധമാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇതുവരെ ആസിഫ് അലിയോട് ഒരു സിനിമാ അവസരം പോലും ചോദിച്ചിട്ടില്ലെന്നും അസ്‌കർ അലി തുറന്നു പറഞ്ഞു. ‘മടിയുള്ളതുകൊണ്ടല്ല അത്. ഒരു സിനിമയിൽ ആരെ അഭിനയിപ്പിക്കണമെന്നത് തീരുമാനിക്കുന്നത് ഡയറക്ടറാണ്. ഒരു ആർട്ടിസ്റ്റിന് മറ്റൊരാളെ സിനിമയിൽ കൊണ്ടുവരുന്നതിന് ചില പരിമിതികളുണ്ട്. അത് ഞാൻ മനസിലാക്കിയിട്ടുണ്ട്,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
‘നമ്മൾ നമ്മുടെ കഴിവ് തെളിയിച്ച് നല്ല സിനിമകളിൽ അഭിനയിച്ചാൽ തന്നെ അവസരങ്ങൾ വരും. നല്ല ആളുകളോടൊപ്പം നല്ല സിനിമകൾ ചെയ്യുക എന്നതാണ് പ്രധാന്യം,’ എന്നും അസ്‌കർ അലി പറഞ്ഞു.
Content Highlight: Askar Ali talks about Asif Ali.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.