നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ സ്ലീവാച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. ഇപ്പോള്‍ കെട്ട്യോളാണ് എന്റെ മാലാഖയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആ സിനിമ ഷൂട്ട് ചെയ്ത വീട് ആയിരുന്നുവെന്ന് പറയുകയാണ് ആസിഫ്. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘കെട്ട്യോളാണ് എന്റെ മാലാഖ സിനിമയില്‍ എനിക്ക് ആ വീട് ഒരുപാട് ഇഷ്ടമാണ്. ആ സിനിമയില്‍ ഞാന്‍ വീടിന്റെ പുറകില്‍ ഒരു പെങ്ങളുടെ മടിയില്‍ തലവെച്ചും മറ്റൊരു പെങ്ങളുടെ മടിയില്‍ കാല് വെച്ചും കിടക്കുന്ന സീനുണ്ട്. ഇവര്‍ എല്ലാവരും എന്നെ കൊഞ്ചിച്ചു കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്ന സീനാണ് അത്.

അതില്‍ ഒരു ഫാമിലിയുടെ ആംമ്പിയന്‍സ് കാണിക്കുന്നുണ്ട്. അത് എനിക്ക് വളരെ പേഴ്‌സണലാണ്. കാരണം ഞാന്‍ അങ്ങനെ വളര്‍ന്ന ഒരാളാണ്. സ്വന്തം ചേച്ചിമാര്‍ ഇല്ലെങ്കില്‍ പോലും എനിക്ക് എന്റെ കസിന്‍സുണ്ട്. കോട്ടയത്താണ് എന്റെ ഉമ്മയുടെ വീട്.

അവിടെ എനിക്ക് കുറേ കസിന്‍സുണ്ടായിരുന്നു. അങ്ങോട്ട് പോകുന്ന സമയത്ത് എല്ലാവരും എന്നെ അങ്ങനെയാണ് കൊഞ്ചിക്കുക. എനിക്ക് അവരോടൊക്കെ ഇന്നും ആ അറ്റാച്ച്‌മെന്റാണ്. അതുകൊണ്ട് ആ വീട് വളരെ പ്രിയപ്പെട്ടതായിരുന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Kettyolaanu Ente Malakha