മലയാളത്തില്‍ ഹേറ്റേഴ്‌സില്ലാത്ത നടന്മാരിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതുവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ആസിഫ് വളരെവേഗത്തില്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. കരിയറിന്റെ ഒരുഘട്ടത്തില്‍ തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടിവന്ന താരം ഇപ്പോള്‍ മികച്ച സിനിമകള്‍ തെരഞ്ഞെടുത്ത് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ്.
ലീഡ് റോളില്‍ ആസിഫ് എത്തുന്ന ടിക്കിടാക്ക റിലീസിനൊരുങ്ങുകയും ജിസ് ജോയ്‌യുമായുള്ള കോട്ടയം ബെല്‍റ്റിന്റെ ഷൂട്ട് പുരോഗമിക്കുകയും ചെയ്യുന്നു. നായകവേഷം മാത്രം ചെയ്യാതെ ചെറിയ റോളുകള്‍ ചെയ്യാനും യാതൊരു മടിയും കാണിക്കാത്ത നടനാണ് ആസിഫ് അലി. സമീപകാലത്ത് തിയേറ്ററുകളിലെത്തിയ പല സിനിമകളിലും ആസിഫിന്റെ കാമിയോയുണ്ടായിരുന്നു.

ആസിഫ് അലി. Photo. Screen Grab/ Youtube
സിനിമാജീവിതത്തിനിടയിലും കുടുംബജീവിതത്തിന് പ്രധാന്യം നല്‍കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് പറയുകയാണ് ആസിഫ്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന കുറ്റം തന്നെക്കുറിച്ച് പറയുമ്പോഴും ഫാമിലിക്ക് വേണ്ടി സമയം നല്‍കാന്‍ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘ആദുവിന് 12 വയസായി, ഹയക്ക് ഒമ്പത് വയസുമായി. സമയം കിട്ടുമ്പോഴൊക്കെ അവരോട് സംസാരിക്കാന്‍ ശ്രമിക്കും. പ്രൊഫഷന്റെ ഭാഗമായതുകൊണ്ട് ഫാമിലിയുമായി ഒന്നിച്ച് നില്‍ക്കാന്‍ പലപ്പോഴും സാധിക്കാറില്ല. എല്ലാദിവസവും മക്കളുടെ വീഡിയോ സമ എനിക്ക് അയച്ചുതരും. അവരുടെ വളര്‍ച്ചയുടെ ഒരു കളക്ഷന്‍ തന്നെ എന്റെ വാട്ട്‌സാപ്പിലുണ്ട്. എത്ര പെട്ടെന്നാണ് അവര് വളര്‍ന്നതെന്ന് പലപ്പോഴും ആലോചിക്കും. അവരുടെ വളര്‍ച്ചയില്‍ ഒന്നിച്ച് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.

അവരുടെ കൂടെ നില്‍ക്കേണ്ട സമയത്ത് അത് ചെയ്യാന്‍ പരമാവധി ശ്രമിക്കും. കാരണം, പിന്നീട് അവര്‍ക്ക് അവരുടേതായ പ്രയോറിറ്റീസുണ്ടാകും. ഞാനൊക്കെ 17 വയസായപ്പോള്‍ ‘എനിക്ക് ഈ വീട്ടില്‍ നില്‍ക്കണ്ട’ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകാന്‍ നോക്കിയിരുന്നു. ബോയ്‌സിനൊക്കെ ഇത്തരം അനുഭവങ്ങളുണ്ടാകും. ഭാവിയില്‍ എന്റെ മക്കളും അതുപോലെ പോയേക്കാം. അതിന് മുമ്പ് പരമാവധി സമയം അവരുടെ കൂടെ സ്‌പെന്‍ഡ് ചെയ്യാനാണ് ആഗ്രഹം,’ ആസിഫ് അലി പറഞ്ഞു.
തലവന് ശേഷം ആസിഫ് അലി- ജിസ് ജോയ് കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് കോട്ടയം ബെല്‍റ്റ്. ആസിഫിന് പുറമെ ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ജഗദീഷ്, ലെന, വിഷ്ണു അഗസ്ത്യ, ശ്രുതി രാമചന്ദ്രന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. അടുത്തവര്‍ഷം കോട്ടയം ബെല്‍റ്റ് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Asif Ali saying he likes to spend time with his Family
