രശ്മിക മന്ദാനയുമായുള്ള വിവാഹ വാര്‍ത്തകള്‍ തള്ളി വിജയ് ദേവര്‍കൊണ്ട. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും വിവാഹിതരാവുന്നു എന്ന തരത്തിലുള്ള റൂമറുകള്‍ക്ക് വിരാമമിട്ടുകൊണ്ട് താരം എത്തിയത്.

ഇതെല്ലാം പതിവായുള്ള അസംബന്ധമാണെന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.

ഇതിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ ഇരുവരും പുറത്തു വിട്ടിച്ചില്ല. വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളില്‍ ആദ്യമായാണ് പ്രതികരണവുമായി ഒരാള്‍ എത്തുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും നേരത്തെ പറഞ്ഞിരുന്നു.

പലകോണുകളില്‍ നിന്നും അഭ്യൂഹങ്ങള്‍ ഉയരുമ്പോളും ഇരുവരും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ തിരക്കിലാണ്. കരിയറിലെ ആദ്യ ബോളിവുഡ് ചിത്രമുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഇരുവരുടേതായും ഇനി പുറത്തുവരാനുള്ളത്.

തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക. അമിതാഭ് ബച്ചനൊപ്പം ‘ഗുഡ്‌ബൈ’ എന്ന ചിത്രമാണ് ബോളിവുഡില്‍ ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

അല്ലു അര്‍ജുന്‍ നായകനായി എത്തിയ ഹിറ്റ് ചിത്രം പുഷ്പയാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്.

തെലുങ്കിന് പുറമെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

പുരി ജഗന്നാഥിന്റെ ലൈഗര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയാലാണ് വിജയ് ദേവര്‍കൊണ്ടയിപ്പോള്‍. അനന്യ പാണ്ഡേ നായികയാകുന്ന ചിത്രം വിജയിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്.

ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

Content Highlight: “As Usual Nonsense,” Tweets Vijay Deverakonda After Those Rashmika Mandanna Rumours