ഫ്രാൻസിൽ നിന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർത്ഥി പ്രക്ഷോഭം ആളിപ്പടരുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം സ്‌കൂൾ ടീച്ചർമാരും പൊതുമേഖല ട്രേഡ്‌യൂണിയനുകളും സമരരംഗത്തിറങ്ങിയിരിക്കുന്നു.

സർവ്വകലാശാല വിദ്യാർത്ഥി സംഘടനകളും സമരരംഗത്തേക്ക് വരികയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഫ്രാൻസിൽ വിദ്യാർത്ഥികളും യുവജനങ്ങളും പുതിയൊരു വസന്തകലാപത്തിന്റെ മുദ്രാവാക്യങ്ങളാണ് തെരുവുകളിൽ മുഴക്കിക്കൊണ്ടിരിക്കുന്നത്.

ഇടതുപക്ഷ കമ്യൂണിസ്റ്റ് പിൻബലമുള്ള ട്രേഡ്‌യൂണിയനുകളും വിദ്യാർത്ഥി സംഘടനകളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എൽ.എഫ്.ഐ (La France Insoumise) പോലുള്ള റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി, ഹൈസ്‌കൂൾ വിദ്യാർത്ഥി സംഘടനകളാണ് ഈ പുതിയ പ്രക്ഷോഭത്തിന്റെ മുന്നിലുള്ളത്.

ഫ്രാൻസിലെ പ്രതിഷേധത്തിൽ വിദ്യാർത്ഥികളും പൊലീസും തമ്മിലുണ്ടായ സംഘർഷം

2,50,000 ലേറെ പേരാണ് തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്. വിദ്യാർത്ഥി മാർച്ചുകൾക്കുനേരെ ഭീകരമായ പോലീസ് അക്രമം അഴിച്ചുവിട്ടുകൊണ്ടാണ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഒന്നാം ജന്തർമന്ദർ സമരത്തിൽ ഇന്ത്യയിൽ കണ്ടതുപോലെ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പൊതുജനങ്ങളും തെരുവുകളിലേക്കിറങ്ങുകയാണ്. ഫ്രാൻസിലുടനീളം ബഹുജനറാലികളും പ്രതിഷേധങ്ങളും അലയടിക്കുകയാണ്.

ഇമ്മാനുവൽ മാക്രോണിന്റെ ചെലവ് ചുരുക്കൽ നയങ്ങൾക്കും വിദ്യാഭ്യാസ മേഖല ഉൾപ്പെടെയുള്ള സർക്കാർ സേവനമേഖലകളിൽ നിന്ന് പിൻമാറുന്നതിനുമെതിരായിട്ടാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്.

ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ക്ലാസ്സ് മുറികളിലെ ഇരിപ്പ് സൗകര്യത്തിനു വേണ്ടി തുടങ്ങിയ പ്രക്ഷോഭമാണിന്ന് ഫ്രാൻസിലുടനീളം പടർന്നിരിക്കുന്നത്. ചെലവു ചുരുക്കൽ നയങ്ങൾ സ്‌കൂളുകളെ തകർത്തിരിക്കുന്നു.

സർക്കാർ സ്‌കൂളുകൾ പൂട്ടി പോകുന്നു. ഇതിനെതിരായ വിദ്യാർത്ഥി സമരമാണിപ്പോൾ ഫ്രാൻസിന്റെ തെരുവുകളിൽ കത്തിപ്പടരുന്നത്. 2027 ൽ ബജറ്റ് പ്ലാനിലെ ചെലവു ചുരുക്കൽ പരിപാടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കുകയും തെരുവിലേക്കിറങ്ങുകയുമാണ്.

പൊതുവിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വെട്ടിക്കുറക്കുന്നതിനുമെതിരെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം ചെയ്യുന്നത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ കടുത്ത അടിച്ചമർത്തൽ നയമാണ് മാക്രോൺ ഭരണകൂടം സ്വീകരിച്ചത്.

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ നടന്ന വിദ്യാർത്ഥി മാർച്ചിനുനേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. പലയിടങ്ങളിലും പോലീസ് അഴിഞ്ഞാടി.

ഈ നരനായാട്ടിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിലെ 900 ലധികം ഹൈസ്‌കൂളുകളുടെ പ്രവർത്തനം വിദ്യാർത്ഥികൾ ഉപരോധിച്ചിരിക്കുകയാണ്. തകർന്നുവീഴാറായ ക്ലാസ് മുറികൾ നവീകരിക്കുക, കടുത്ത അധ്യാപകക്ഷാമത്തിന് പരിഹാരം കാണുക, വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറക്കുന്ന ജനദ്രോഹനടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾക്കുനേരെ ഗ്രനേഡുകൾ വർഷിച്ചും ലാത്തിച്ചാർജ്ജുകൾ നടത്തിയും അടിച്ചമർത്താനുള്ള നീക്കമാണ് മാക്രോൺ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

തീവ്രവലതുപക്ഷവുമായി സന്ധിചെയ്ത് നിയോലിബറൽ പരിഷ്‌ക്കാരങ്ങളും കുടിയേറ്റവിരുദ്ധവംശീയഭീകരതയും അടിച്ചേല്പിക്കുന്ന ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോൺ സർക്കാറിനെതിരെ ജനവികാരം അലയടിക്കുകയാണ്.

ബ്രിട്ടനിലെ മാർഗരറ്റ് താച്ചറുടെയും അമേരിക്കയിലെ റീഗൺ ഭരണകൂടത്തിന്റെയും ചുവട് പിടിച്ചാണ് ഫ്രാൻസിലെ റിനൈൻസസ് പാർട്ടി ഉൾപ്പെടെയുള്ള യുറോപ്പിലെ മധ്യവലതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാറുകൾ നിയോലിബറൽ നയങ്ങൾ നടപ്പാക്കിയത്.

സ്വകാര്യവൽക്കരണവും ചെലവുചുരുക്കൽനയങ്ങളും സൃഷ്ടിച്ച തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതത്തെ ദുസ്സഹമാക്കി. ഈ സാഹചര്യത്തെ ഉപയാഗപ്പെടുത്തിയാണ് തീവ്ര വലതുപക്ഷരാഷ്ട്രീയം ഫ്രാൻസ് ഉൾപ്പെടെയുള്ള യുറോപ്യൻ രാജ്യങ്ങളിൽ ശക്തിപ്പെട്ടത്. കുടിയേറ്റവിരുദ്ധതയും ഇസ്ലാമോഫോബിയയും രാഷ്ട്രീയതന്ത്രമാക്കുകയായിരുന്നു തീവ്രവലതുപക്ഷരാഷ്ടീയം.

ഈ നവഫാസിസ്റ്റുകളുമായി ഇടതുപക്ഷത്തെ എതിർക്കാനായി ഇമ്മാനുവൽ മാക്രോണിനെ പോലുള്ള മധ്യവലതുപക്ഷ നേതാക്കൾ പലപ്പോഴായി സന്ധിചെയ്യുകയായിരുന്നു.

ഫ്രാൻസിലെ തെരുവുകൾ നവലിബറൽ നയങ്ങൾക്കും കുടിയേറ്റവിരുദ്ധ വംശീയരാഷ്ട്രീയത്തിനുമെതിരെ ഉണരുകയാണ് പ്രക്ഷോഭഭരിതയാവുകയാണ്.

ഫ്രാൻസിൽ നിയോലിബറൽ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിച്ച മധ്യ വലതുപക്ഷപാർടികളാണ് വിദ്യാഭ്യാസമേഖല ഉൾപ്പെടെയുള്ള സർക്കാർ സേവനമേഖലകളുടെ തകർച്ചയ്ക്കുത്തരവാദികൾ.

ഇതിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള തീവ്രവലതുപക്ഷ പാർടികളുടെ ഗൂഢാലോചനാപരമായ നീക്കങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾ വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.

Content Highlight:As protests against neoliberal policies flare up on the streets of France