കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് വിമര്‍ശനം; പിണറായി വിജയന് പിന്തുണയുമായി കെജ്‌രിവാള്‍
national news
കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് വിമര്‍ശനം; പിണറായി വിജയന് പിന്തുണയുമായി കെജ്‌രിവാള്‍
ആദര്‍ശ് എം.കെ.
Wednesday, 27th May 2026, 4:40 pm

 

ന്യൂദല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെ ശക്തമായി വിമര്‍ശിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍.

പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വെക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

അന്വേഷണത്തില്‍ ഇ.ഡി ‘നിഷ്‌ക്രിയത്വം’ പാലിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ പരാതികള്‍ക്ക് തൊട്ടുപിന്നാലെ റെയ്ഡ് നടന്നത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം കുറിച്ചു.

കണ്ണൂര്‍ പാണ്ടാല്യമുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 8.30നാണ് ഇഡി പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ മഹസറില്‍ രേഖപ്പെടുത്തി നല്‍കി.

കണ്ണൂരില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും കൂകിവിളിക്കുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനുള്ള വഴി ഒരുക്കിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.

പിണറായി വിജയന്റെ വീടിന് പുറമെ മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇ.ഡി ഒരേസമയം പരിശോധന നടത്തിയിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം ‘തല പോയാലും നിന്ന് പോരാടും’ എന്നും കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താന്‍ വരേണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

റെയ്ഡിന് പിന്നാലെ കേരളത്തിലുടനീളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

 

Content highlight: Arvind Kejriwal criticized the raid conducted by the ED at Pinarayi Vijayan’s residence.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.