നായിക സ്വാതിയായിരിക്കും, പക്ഷേ എല്ലാവരും ശ്രദ്ധിച്ചത് ഈ മൂക്കുത്തിയിട്ട കൊച്ചിനെ, അതിരടി ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ആര്‍ഷ ജയറാം
Malayalam Cinema
നായിക സ്വാതിയായിരിക്കും, പക്ഷേ എല്ലാവരും ശ്രദ്ധിച്ചത് ഈ മൂക്കുത്തിയിട്ട കൊച്ചിനെ, അതിരടി ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ആര്‍ഷ ജയറാം
അമര്‍നാഥ് എം.
Monday, 22nd June 2026, 9:05 am

ദൃശ്യം 3യുടെ ഓളത്തിനിടയില്‍ ഭേദപ്പെട്ട വിജയം നേടിയ ചിത്രമായിരുന്നു അതിരടി. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകളില്‍ ലൈവായി നിന്നു. പ്രീ റിലീസ് പ്രൊമോഷനുകളില്‍ അണിയറപ്രവര്‍ത്തകര്‍ തമ്മിലുള്ള കോമഡി ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.

ഈഗോ ക്ലാഷും ക്യാമ്പസ് വൈബുമെല്ലാം നിറഞ്ഞുനിന്ന ചിത്രം ശരാശരിക്ക് മുകളില്‍ അഭിപ്രായം നേടി വിജയമായി. ബോക്‌സ് ഓഫീസില്‍ 60 കോടിയിലേറെയാണ് അതിരടി നേടിയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലേത് പോലെ ഒ.ടി.ടിയിലും സമ്മിശ്ര പ്രതികരണമാണ് അതിരടിക്ക് ലഭിക്കുന്നത്.

ആര്‍ഷ ജയറാം Photo: Sreehari/ X.com

കഥയുടെ തുടക്കത്തില്‍ സാംകുട്ടിയായി എത്തിയ ബേസിലിന്റെ വെറുപ്പിക്കലെല്ലാം മാറ്റിനിര്‍ത്തിയാല്‍ ശരാശരി അനുഭവമായി അതിരടി മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ആര്‍ഷ ജയറാം അവതരിപ്പിച്ച ആര്‍.ജെ എലിസബത്ത്.

രണ്ടര മണിക്കൂര്‍ സിനിമയില്‍ ആകെ നാലോ അഞ്ചോ സീന്‍ മാത്രമേ ആര്‍ഷയ്ക്ക് ഉള്ളൂ. എന്നാല്‍ പ്രത്യേക ലുക്കും പെര്‍ഫോമന്‍സും കൊണ്ട് ആര്‍ഷ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. നായികയായ റിയ ഷിബുവിനെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ആര്‍ഷ അവതരിപ്പിച്ച എലിസബത്ത് എന്ന കഥാപാത്രമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

ആര്‍ഷ ജയറാം Photo: Sreehari/ X.com

ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ പ്രോ ഷോയുടെ ആങ്കറായി എത്തുന്നതും എലിസബത്താണ്. വേദിയിലേക്ക് ഓടിക്കയറിവന്ന ഷാന്‍ റഹ്‌മാനെ വെല്‍ക്കം ചെയ്യുന്ന ഡയലോഗും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. ഫെസ്റ്റ് ഗംഭീരമായി നടന്നതിന് ശേഷം ബേസിലിനൊപ്പം ആഹ്‌ളാദിക്കുന്ന സീനിലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് നിറഞ്ഞുനിന്നത് ആര്‍ഷയാണെന്നും പലരും കമന്റ് പങ്കുവെച്ചു.

ദൃശ്യം 3 ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലാകുന്നതുകൊണ്ട് മാത്രം അതിരടിക്ക് അര്‍ഹിക്കുന്ന ട്രോളുകള്‍ ലഭിക്കുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ടൊവിനോ അവതരിപ്പിച്ച തോട്ട കുട്ടന്‍ പാടുന്ന ‘അമ്മപുതപ്പേ’ എന്ന പാട്ടടക്കം ട്രോളന്മാരുടെ ഇരയായേനെയെന്നും കമന്റുകളുണ്ട്. ദൃശ്യം 3 അടുത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാത്തതുകൊണ്ട് അതിരടി സേഫാണെന്നും പോസ്റ്റുകളില്‍ പറയുന്നു.

Content Highlight: Arsha Jayaram’s character in Athiradi movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം