ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആഴ്സണല്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ വിജയം. ഇതോടെ പോയിന്റ് ടേബിള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പത് ഉയര്‍ത്താന്‍ ഗണ്ണേഴ്‌സിന് സാധിച്ചു.
ആഴ്‌സണലിനായി രണ്ടാം ഗോള്‍ നേടിയത് യുവതാരം മാക്‌സ് ഡൗമാനാണ്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ഏഴാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. എവർട്ടണിന്റെ കോർണർ ഗബ്രിയേൽ മാർട്ടിനെല്ലി ഹെഡ് ചെയ്ത് തട്ടിയകറ്റിയ പന്തെടുത്ത് കുതിച്ച് താരം വല കുലുക്കുകയായിരുന്നു.
ഗോളടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും ഡൗമാന്‍ തന്റെ പേരില്‍ എഴുതി കുറിച്ചു. പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് ഇംഗ്ലീഷ് വിങ്ങര്‍ തന്റെ പേരിലാക്കിയത്. 16 വയസും 74 ദിവസവുമുള്ളപ്പോഴായാണ് താരം ഗോളടിച്ച് തലപ്പത്തെത്തിയത്.
മുന്‍ എവര്‍ട്ടണ്‍ താരം ജെയിംസ് വോണിനെ മറികടന്നാണ് താരത്തിന്റെ നേട്ടം. 16 വയസും 270 ദിവസവും പ്രായമുള്ളപ്പോളായിരുന്നു ഫോര്‍വേഡ് ഗോളടിച്ച് റെക്കോഡ് കുറിച്ചത്.
പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍
(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)
മാക്‌സ് ഡൗമാന്‍ – ആഴ്സണല്‍ – 16 വയസും 74 ദിവസവും
ജെയിംസ് വോണ്‍ – എവര്‍ട്ടണ്‍ – 16 വയസും 270 ദിവസവും
ജെയിംസ് മില്‍നര്‍ – ലീഡ്‌സ് യുണൈറ്റഡ് – 16 വയസും 356 ദിവസവും
വെയ്ന്‍ റൂണി – എവര്‍ട്ടണ്‍ – 16 വയസും 360 ദിവസവും
റിയോ എന്‍ഗുമോഹ – ലിവര്‍പൂള്‍ – 16 വയസും 361 ദിവസവും