ബ്രസീലിയ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി കോപ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് തലത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ നീലപ്പടയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്.

ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.

തുടക്കത്തില്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീന കാണികളെ ആവേശഭരിതരാക്കി. എന്നാല്‍ കളി മുന്നോട്ടുപോകും തോറും തങ്ങളുടെ ആക്രമണത്തിനു മൂര്‍ച്ഛയേറ്റി കൊളംബിയ കളിക്കളം നിറയുകയായിരുന്നു. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയല്‍ പരിക്കേറ്റ് പുറത്തുപോയെങ്കിലും കൊളംബിയയെ അതു തെല്ലും ബാധിച്ചില്ല. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയില്‍ ഡി മരിയയെ പിന്‍വലിച്ച അര്‍ജന്റീന റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കിയെങ്കിലും കൊളംബിയന്‍ പടയെ പിടിച്ചുകെട്ടാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ നീലപ്പടയുടെ ആരാധകരെ മുഴുവന്‍ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ബോക്സിന് പുറത്തുനിന്ന് മെസി എടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍. ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അര്‍ജന്റീനയുടെ തോല്‍വി ഉറപ്പിച്ചു.

മത്സരത്തില്‍ 4-2-3-1 ശൈലിയില്‍ അര്‍ജന്റീനയും 4-3-3 ശൈലിയില്‍ കൊളംബിയയും കളിക്കാനിറങ്ങി.

ഗ്രൂപ്പ് എ യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ഇരുടീമുകളും കളംനിറഞ്ഞു കളിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല. 75-ാം മിനിറ്റില്‍ വെനസ്വേലന്‍ താരം ലൂയിസ് ദേല്‍പിനോ മാഗോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നു. ബാക്കിസമയം 10 പേരുമായാണ് വെനസ്വേല കളിച്ചത്.

ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എയില്‍ മുന്നില്‍.