പ്രളയക്കെടുതിയില്‍പ്പെട്ട പൂര്‍ണ്ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദിയറിച്ച് നടന്‍ അപ്പാനി ശരത്. യഥാര്‍ത്ഥ ദൈവം മനുഷ്യരാണെന്ന് താന്‍ തിരിച്ചറിഞ്ഞ നിമിഷമാണ് ഇതെന്നാണ് ശരത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം തന്റെ ഭാര്യയായ രേഷ്മ ചെങ്ങന്നൂരിലെ വെണ്‍മണി എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശരത് ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണം എന്ന് ശരത് കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയായിരുന്നു.


തുടര്‍ന്ന് ഇന്ന് രാവിലെ ഭാര്യയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും നൂറനാട്ടിലാണ് ഇപ്പോള്‍ ഭാര്യയായ രേഷ്മയെന്നും ശരത് അറിയിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ജനിക്കാന്‍ പോകുന്ന കുഞ്ഞ്. കുഞ്ഞിനെയും ഭാര്യയേയും രക്ഷിച്ചവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും ശരത് പറഞ്ഞു.


ALSO READ: പ്രളയക്കെടുതി; ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു


ചെന്നൈയില്‍ സിനിമാഷൂട്ടിംഗില്‍ പെട്ടിരിക്കുകയാണെന്നും കാര്യങ്ങളറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടാന്‍ ഇരുന്നതുമാണ് താന്‍ എന്നും ശരത് പറഞ്ഞു. എന്നാല്‍ കനത്ത പ്രളയവും വാഹനങ്ങള്‍ ഇല്ലാത്തതിനാലും തനിക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍ തന്റെ ഭാര്യയേയും കുടുംബത്തേയും രക്ഷിക്കാന്‍ സന്നദ്ധത കാണിച്ച എല്ലാ മനുഷ്യരോടും രക്ഷാപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും ശരത് ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

വെള്ളം വീടിനുള്ളിലേക്ക് കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ സലീംകുമാറിനെയും കുടുംബത്തേയും ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. മൂന്നു ദിവസമായി സലീം കുമാറും നാല്‍പ്പതോളം പേരും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.