മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അപര്‍ണ ദാസ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ ബീസ്റ്റിലൂടെയാണ് അപര്‍ണ തമിഴ് സിനിമയില്‍ എത്തുന്നത്. എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ചത്ര വലിയ വിജയമായിരുന്നില്ല.

Aparna Das About Vijay's Beast Movie

Aparna Das

ബീസ്റ്റില്‍ അഭിനയിക്കുമ്പോള്‍ ആ സിനിമ തന്റെ എന്തിന്റെയോ ഒരു തുടക്കമാണെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ചിത്രം വര്‍ക്കാകാതെ പോയതോടെ വിഷമം തോന്നിയെന്നും പറയുകയാണ് അപര്‍ണ. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ദാസ്.

‘ബീസ്റ്റില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ആ സിനിമ എന്റെ എന്തിന്റെയോ ഒരു തുടക്കമാണെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് വര്‍ക്കാകാതെ പോയി. ആ സമയത്ത് എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞാല്‍ തന്നെ ആ സിനിമ എങ്ങനെയാകുമെന്ന് നമുക്ക് അറിയാന്‍ സാധിക്കുമല്ലോ.

അന്ന് വൈകുന്നേരം വരെ ഞാന്‍ കുറച്ച് നിരാശയിലായിരുന്നു. പക്ഷെ അത് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ സ്വയം പറഞ്ഞ് ഓക്കെയാക്കി. എന്നെ സംബന്ധിച്ചിടത്തോളം വിജയ് സാറിനെ കാണാന്‍ പറ്റിയതും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതുമാണ് ഭാഗ്യം. നല്ലൊരു ഓപ്പണിങ്ങും എനിക്ക് കിട്ടി. അതുകൊണ്ട് വിഷമിക്കേണ്ടെന്ന് സ്വയം പറഞ്ഞ് ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു.

പക്ഷെ ആ സമയം കുറച്ച് പ്രയാസമായിരുന്നു. ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്ന ഒരു സിനിമയായിരുന്നു ബീസ്റ്റ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. സിനിമയല്ലേ, നമുക്ക് വരുന്ന പ്രൊജക്ടുകളില്‍ നല്ലതെന്ന് തോന്നുന്നത് നമ്മള്‍ തെരഞ്ഞെടുക്കുന്നു.

പിന്നെയെല്ലാം ആ സിനിമ തിയേറ്ററില്‍ എത്തിയിട്ട് അറിയാം. അപ്പോഴേ ആ പടം വര്‍ക്കാകുമോ ഇല്ലെയോയെന്ന് അറിയുകയുള്ളൂ,’ അപര്‍ണ ദാസ് പറയുന്നു.


Content Highlight: Aparna Das Talks About Vijay’s Beast Movie