സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പ് അയാളെന്നെ സ്ലട്ട് ഷെയിം ചെയ്തു, പ്രസ് മീറ്റില്‍ അത്രയും ആളുകളുടെ മുന്നില്‍ വെച്ച് കരയേണ്ടിവന്നു: അനുപമ പരമേശ്വരന്‍
Malayalam Cinema
സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പ് അയാളെന്നെ സ്ലട്ട് ഷെയിം ചെയ്തു, പ്രസ് മീറ്റില്‍ അത്രയും ആളുകളുടെ മുന്നില്‍ വെച്ച് കരയേണ്ടിവന്നു: അനുപമ പരമേശ്വരന്‍
അമര്‍നാഥ് എം.
Friday, 14th August 2026, 8:55 pm

ടോക്‌സിക്കായിട്ടുള്ള റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുപമ പരമേശ്വരന്‍. ഒരുപാട് സമയമെടുത്താണ് താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവില്‍ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാര്‍സിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും താരം പറയുന്നു.

പറദ എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്ത് തന്റെ അവസ്ഥ ഏറ്റവും ഭീകരമായെന്നും അതെല്ലാം താന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ആ പറദയുടെ പ്രൊമോഷന്‍ സമയത്ത് താന്‍ ഒരു ചോദ്യത്തിനിടയില്‍ കരഞ്ഞത് പോലും ഇത്തരം അബ്യൂസ് കാരണമാണെന്നും താരം പറഞ്ഞു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.

‘ഇപ്പോഴും നോക്കിയാല്‍ ആ വീഡിയോ കാണാനാകും. ആങ്കര്‍ ഒരു ചോദ്യം ചോദിക്കുന്നതിനിടയില്‍ ഞാന്‍ പെട്ടെന്ന് കരയുന്നുണ്ട്. അതിന് പിന്നിലും ഒരു സംഭവമുണ്ട്. അതായത്, പറദ എന്ന് പറയുന്ന കൊച്ചു സിനിമയുടെ പ്രൊമോഷനാണ്. അതില്‍ ഞാന്‍ സ്‌റ്റേജിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഈ വ്യക്തി എന്നെ സ്ലട്ട് ഷെയിം ചെയ്തിരുന്നു.

അത്രയും വലിയ ഇന്‍സള്‍ട്ട് നേരിട്ട ഞാന്‍ പരമാവധി പിടിച്ചുനിന്നു. ഏതൊരാളായാലും നമ്മുടെ പാര്‍ട്ണര്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കണമല്ലോ. ഇവിടെ എനിക്കത് കിട്ടിയില്ലെന്ന് മാത്രമല്ല, ഇത്രയും വലിയൊരു അപമാനം നേരിട്ടു. അന്ന് പലരും പറഞ്ഞത് സിനിമയുടെ പ്രൊമോഷന് വേണ്ടി കരഞ്ഞ് ആക്ട് ചെയ്തതാണെന്നായിരുന്നു. ഇപ്പോള്‍ അതിന്റെ സത്യാവസ്ഥ അറിയിക്കണമെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഇത് പറയുന്നത്,’ അനുപമ പറയുന്നു.

നാര്‍സിസിസ്റ്റായ ഒരാളോടൊപ്പമുള്ള റിലേഷന്‍ ഒരിക്കലും എളുപ്പമല്ലായിരുന്നെന്നും അനുപമ പറഞ്ഞു. തീര്‍ത്തും രണ്ട് ധ്രുവത്തിലുള്ള പെരുമാറ്റമായിരുന്നു പങ്കാളിയുടെ അടുത്ത് നിന്ന് പലപ്പോഴും നേരിടേണ്ടി വന്നതെന്നും അതുമായി പൊരുത്തപ്പെടാന്‍ തനിക്ക് ഒരിക്കലും സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഒരുദിവസം ഭയങ്ക ഹൈ ആണെങ്കില്‍ അടുത്ത ദിവസം ഭയങ്കര ലോ ആയിരിക്കും. എല്ലാം നിര്‍ത്താം എന്ന് പറഞ്ഞ് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചുവരും. ‘ബേബി, നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. അത് നിനക്കും അറിയില്ലേ’ എന്നൊക്കെ പറഞ്ഞ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യും. ഇത് തന്നെ ഒരുപാട് തവണ ആവര്‍ത്തിച്ചിട്ടുണ്ട്,’ അനുപമ പറഞ്ഞു.

Content Highlight: Anupama Parameswaran shares the bad experience during her relationship

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം