കരഞ്ഞ് കണ്ണീർഗ്രന്ഥി വീർത്തു, ഒടുവിൽ കണ്ണിന് സർജറി ചെയ്തു: നാർസിസിസ്റ്റിക് അബ്യൂസ് മൂലം നേരിട്ട ശാരീരിക പ്രയാസങ്ങളെക്കുറിച്ച് അനുപമ പരമേശ്വരൻ
Malayalam Cinema
കരഞ്ഞ് കണ്ണീർഗ്രന്ഥി വീർത്തു, ഒടുവിൽ കണ്ണിന് സർജറി ചെയ്തു: നാർസിസിസ്റ്റിക് അബ്യൂസ് മൂലം നേരിട്ട ശാരീരിക പ്രയാസങ്ങളെക്കുറിച്ച് അനുപമ പരമേശ്വരൻ
നന്ദന. ടി
Saturday, 15th August 2026, 7:05 am

ടോക്സിക്ക്  റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയായ അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം വ്യക്തമാക്കുന്നു.

ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് അനുപമ.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

‘ജീവിതത്തിൽ ഈ അബ്യൂസ് ഒക്കെ നടക്കുമ്പോൾ മറുവശത്ത് ഞാൻ എന്റേതായിട്ടുള്ള കുറെ ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയിരുന്നത്. കാരണം നമ്മൾ അത്രയും സ്ട്രെസ്സിലൂടെയും ആങ്‌സൈറ്റിയിലൂടെയുമാണ് കടന്നുപോകുന്നതെങ്കിൽ, നമ്മുടെ ശരീരത്തിൽ പത്തു ശതമാനമാണ് പ്രശ്നമുള്ളതെങ്കിൽ അത് എഴുപതു ശതമാനമായി കൂടും.

ഈ അബ്യൂസ് കാരണം ഞാൻ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പാനിക് , ആങ്‌സൈറ്റി അറ്റാക്കുകൾ, ബ്ലാക്ക് ഔട്ടുകൾ, ശരീരഭാരം പെട്ടെന്ന് കുറയുക. പെട്ടെന്ന് കൈകാലുകളൊക്കെ വിറയ്ക്കാൻ തുടങ്ങും,’ അനുപമ പറഞ്ഞു.

രാത്രികളിൽ തുടർച്ചയായി കരയുന്നത് കാരണം തന്റെ കണ്ണീർ ഗ്രന്ഥിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു എന്നും നടി വെളിപ്പെടുത്തി.

‘എന്റെ വലത്തെ കണ്ണ് തുടർച്ചയായി തുടിച്ചുകൊണ്ടിരിക്കും. അത് കാരണം എനിക്ക് ഒരു ഷൂട്ട് വരെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ രാത്രികളിലും മണിക്കൂറുകളോളം കരയുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിന് പോകാനും ഉണ്ടാവും. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് എന്റെ കണ്ണീർ ഗ്രന്ഥി വീർക്കുകയും അത് കണ്ണിന് താഴേക്ക് ഇറങ്ങി വരുകയും ചെയ്തത്. അവസാനം ഒരു ഐ സർജറി തന്നെ ചെയ്യേണ്ടി വന്നു.

എന്റെ പറദ എന്ന സിനിമയുടെ പ്രൊമോഷൻ വീഡിയോസ് ഒക്കെ എടുത്തു നോക്കിയാൽ എന്റെ ഒരു കണ്ണ് വീർത്തിരിക്കുന്നത് കാണാൻ പറ്റും. ഇതുകൂടാതെ പലവിധ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്,’ നടി പറഞ്ഞു.

മാനസികവും ശാരീരികവുമായ വേദനകളിലൂടെ കടന്നുപോയപ്പോൾ പങ്കാളിയിൽ നിന്ന് അല്പമെങ്കിലും ദയ പ്രതീക്ഷിച്ചിരുന്നു എന്നും എന്നാൽ ആ വ്യക്തി വീണ്ടും തന്റെ ജീവിതം കൂടുതൽ തകർക്കാനാണ് ശ്രമിച്ചതെന്നും അനുപമ കൂട്ടിച്ചേർത്തു.

‘ശാരീരികമായും മാനസികമായും ഇത്രയധികം വേദനകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ പങ്കാളിയിൽ നിന്നും എന്തെങ്കിലും ഒരു പരിഗണന അല്ലെങ്കിൽ ദയ നമ്മൾ പ്രതീക്ഷിക്കില്ലേ എന്നാൽ എനിക്ക് യാതൊന്നും കിട്ടിയിരുന്നില്ല. അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷെ വീണ്ടും ഒരുപാട് തകർച്ചകളാണ് ആ ജീവിതത്തിൽ നേരിടേണ്ടി വന്നത്,’ അനുപമ പരമേശ്വരൻ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube

 

Content Higglight: Anupama Parameswaran opens up about the physical illness she faced during narcissistic abuse

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം