സ്ത്രീ സംവിധാനം ചെയ്തതുകൊണ്ടോ അഭിനയിച്ചതുകൊണ്ടോ മാത്രം ഒരു സിനിമ സ്ത്രീപക്ഷമാകില്ല: അനുമോൾ
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് അനുമോൾ. യു.എ.ഇ വാർത്ത എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരു സിനിമ സ്ത്രീ സംവിധാനം ചെയ്തു എന്നതുകൊണ്ടോ അല്ലെങ്കിൽ ഒരു സ്ത്രീ കഥാപാത്രം അതിൽ നിറഞ്ഞുനിന്നു എന്നതുകൊണ്ടോ മാത്രം ആ സിനിമയെ ഒരു സ്ത്രീപക്ഷ സിനിമ എന്ന് വിളിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കുകയാണ് അനുമോൾ.

അനുമോൾ. Photo. Screen grab/ Youtube
‘സിനിമകളിൽ അഭിനേത്രി എന്നതിലുപരി സാങ്കേതികപരമായ മേഖലകൾ കൂടി സ്ത്രീകൾ കൂടുതലായി കൈകാര്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകൾ കൂടി സിനിമകളിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. ഒരു സ്ത്രീ സിനിമയിൽ ഉടനീളം നിറഞ്ഞുനിന്നതുകൊണ്ടോ ഒരു സ്ത്രീ അത് സംവിധാനം ചെയ്തതുകൊണ്ടോ മാത്രം ഒരു സിനിമ സ്ത്രീപക്ഷ സിനിമയാകണമെന്നില്ല. സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചാൽ മാത്രമേ ഒരു സിനിമ സ്ത്രീപക്ഷ സിനിമയാവുകയുള്ളൂ,’ നടി പറഞ്ഞു.
വർഷങ്ങളായി പുരുഷ കാഴ്ചപ്പാടുകളിലുള്ള സിനിമകൾ കണ്ടുശീലിച്ചതുകൊണ്ടുതന്നെ സ്ത്രീകളുടെ ചിന്തകൾ സിനിമകളിൽ പ്രതിഫലിക്കണം എന്ന കാരണത്താലാണ് സാങ്കേതികപരമായ കാര്യങ്ങളിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് എന്ന് ചൂണ്ടിക്കണിക്കുന്നു അനുമോൾ
‘ഈ മാറ്റം എന്തുകൊണ്ട് വരണം എന്ന് വച്ചാൽ, നമ്മൾ വർഷങ്ങളായി പുരുഷന്മാരുടെ കാഴ്ചപ്പാടുകളാണ് കണ്ടുശീലിച്ചിട്ടുള്ളത്. അതിനാൽ സ്ത്രീകളുടെ വികാരങ്ങൾ എങ്ങനെയായിരിക്കും, അവർ എങ്ങനെയാണ് ചിന്തിക്കുന്നത്, അവരുടെ പേടിയും ആശങ്കകളും എന്തൊക്കെയാണെന്നൊക്കെ ഒരുപക്ഷേ ഒരു സ്ത്രീ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുമ്പോൾ ആളുകൾക്ക് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നു,’ അനുമോൾ പറഞ്ഞു.
ഇന്ന് സമൂഹ മാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും സൃഷ്ടിക്കുന്ന സംഭാഷണങ്ങൾ ഒരു സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായകമായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ മലയാള സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ അടുത്ത സമയത്ത് ഞാൻ തമിഴിൽ ചെയ്ത വെബ് സീരീസുകളില്ലെ കഥാപത്രങ്ങളെ ആളുകൾ കൂടുതൽ ഏറ്റെടുക്കാൻ സാമൂഹ്യമാധ്യമങ്ങൾ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്.
കാരണം അത് വഴി ആളുകൾക്ക് നമ്മളോട് സംസാരിക്കാൻ പറ്റുന്ന ഒരു കാലം കൂടിയാണിത്. ഞാൻ മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച സമയത്ത് ഒരുപക്ഷേ ഇൻസ്റ്റാഗ്രാമിൽ മെസ്സേജിങ് ഓപ്ഷൻ പോലും വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സാമൂഹ്യമാധ്യമങ്ങളും ഒ.ടി.ടി-യും ഒക്കെ വന്നപ്പോൾ നമ്മൾ ചെയ്യുന്ന വർക്കുകൾക്ക് കൂടുതലായി പ്രേക്ഷകരിലേക്ക് എത്തുവാൻ സാധിക്കുന്നുണ്ട്,’ അനുമോൾ പറഞ്ഞു.

അനുമോൾ. Photo. Facebook
Content Highlight: Anumol shares that women should also work in the technical aspects of filmmaking