അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്‌നമാണെന്നും അതിനായി എം.എല്‍.എസ് ലീഗിലേക്ക് നീങ്ങുമെന്നും ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍. നിലവില്‍ അത്‌ലെറ്റികോ മാഡ്രിഡിനായി കളിക്കുന്ന താരം ബാഴ്‌സലോണയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടിയിരുന്നു. ഫ്രാന്‍സിന്റെ യൂറോ യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അതെന്റെ വലിയ സ്വപ്‌നമാണ്. ഞാന്‍ എം.എല്‍.എസില്‍ പോകുമ്പോള്‍ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഭാവിയില്‍ അത്തരത്തിലൊരു നീക്കം ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗ്രീസ്മാന്‍ പറഞ്ഞു. ലയണല്‍ മെസിയെ പോലെ കഴിവ് തെളിയിച്ച ഒരു താരത്തെ കളിക്കാന്‍ ലഭിച്ചത് എം.എല്‍.എസിന്റെ യശസുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസമാണ് മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.

മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Antione Griezmann wants to play with Lionel Messi in MLS