
ധാക്ക: ബംഗ്ലാദേശില്‍ മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം സ്വതന്ത്ര ബ്ലോഗറെ വെട്ടിക്കൊന്നു. വടക്കു കിഴക്കന്‍ ബംഗ്ലാദേശിലെ സില്‍ഹെത്ത് നഗരത്തില്‍ വെച്ചാണ് അനന്ദ ബിജോയ് എന്ന മതേതരവാദിയായ ബ്ലോഗറെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണം.
2015 ന് ശേഷം ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബ്ലോഗറാണ് അനന്ദ് ബിജോയ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവിജിത് റോയി, മാര്‍ച്ച് മാസത്തില്‍ വസീഖുറഹ്മാന്‍ എന്നീ ബ്ലോഗര്‍മാരായിരുന്നു മത മൗലികവാദികളുടെ ഭീകരതക്കിരയായിരുന്നത്.
അവിജിത് റോയിയുടെ കീഴിലുണ്ടായിരുന്ന “മുക്തോ മോന” എന്ന ബ്ലോഗിന് വേണ്ടിയും അനന്ദ് ബിജോയ് എഴുതിയിരുന്നു. മതേതര എഴുത്തുകളുടെ പേരില്‍ നിരന്തരമായ ഭീഷണി നേരിടുന്ന എഴുത്തുകാരനായിരുന്നു അനന്ദ് ബിജോയ്.
അവിജിത് റോയിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ അല്‍ഖാഇദ ഏറ്റെടുത്തിരുന്നു. അവിജിതിന്റെയും വസീഖുറഹ്മാന്റെയും കാെലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
