വെറും 48 മണിക്കൂര്‍ കൊണ്ട് ചെയ്ത ട്രാക്കാണ് രാഗാ ഓഫ് റിവഞ്ച്, എനിക്ക് അത്ര സമയമേ അവര്‍ തന്നുള്ളൂ: അനിരുദ്ധ്
Indian Cinema
വെറും 48 മണിക്കൂര്‍ കൊണ്ട് ചെയ്ത ട്രാക്കാണ് രാഗാ ഓഫ് റിവഞ്ച്, എനിക്ക് അത്ര സമയമേ അവര്‍ തന്നുള്ളൂ: അനിരുദ്ധ്
അമര്‍നാഥ് എം.
Thursday, 13th August 2026, 9:09 am

ബി.ജി.എം കൊണ്ട് ഒരു സിനിമ എത്രത്തോളം ഗംഭീരമാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഡി.സി. ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. പുതുമയില്ലാത്ത കഥയെ ഇത്ര ഗംഭീരമാക്കിയതില്‍ അനിരുദ്ധിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല.

ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായാണ് അനിരുദ്ധ് ഡി.സിയെ സമീപിച്ചത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് മുതല്‍ അനിരുദ്ധിന്റെ സംഗീതം പലരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഡി.സിയുടെ ഹൈപ്പ് ഉയര്‍ത്തിയത് റിലീസിന് രണ്ട് മാസം മുമ്പ് പുറത്തുവന്ന ട്രെയ്‌ലറും അതിലെ ബി.ജി.എമ്മുമാണ്. അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ ട്രെയ്‌ലറില്‍ അനിരുദ്ധ് ഒരുക്കിയ ക്ലാസിക്കല്‍ ടച്ചുള്ള ബി.ജി.എം സോഷ്യല്‍ മീഡിയ അടക്കിഭരിച്ചു.

അനിരുദ്ധ് Photo: Screen grab/ Mashable India

‘രാഗാ ഓഫ് റിവഞ്ച്’ എന്ന് പേരിട്ട ട്രാക്ക് സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലാവുകയും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ ട്രാക്ക് അണിയിച്ചൊരുക്കിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് അനിരുദ്ധ്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഡി.സിയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതില്‍ പ്ലെയ്‌സ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ ട്രാക്കാണിതെന്ന് അനിരുദ്ധ് പറഞ്ഞു. മാഷബിള്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാന്‍സില്‍ ഡി.സിയുടെ ട്രെയ്‌ലര്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്, ആ ട്രെയ്‌ലറിന് വേണ്ടി ഉണ്ടാക്കിയ ട്രാക്കാണത്. അത് സ്‌ക്രീന്‍ ചെയ്യുന്നതിന് 48 മണിക്കൂര്‍ മുന്നേയാണ് എനിക്ക് ആ ഫൂട്ടേജ് കാണിച്ചുതന്നത്. അത്രയും വലിയ ഒരു സ്റ്റേജില്‍ ഇന്ത്യന്‍ സിനിമയുടെ ട്രെയ്‌ലര്‍ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ അതിന് ഒരു ഹിന്ദുസ്ഥാനി ടച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

സൗത്ത് ഇന്ത്യന്‍ ബീറ്റും ഹിന്ദുസ്ഥാനി രാഗങ്ങളും ചേര്‍ത്തുള്ള കോമ്പോ ഒരുക്കാമെന്ന് തീരുമാനിച്ചു. ആദ്യം ആ ബീറ്റില്‍ തബലയുടെയും വീണയുടെയും പോര്‍ഷന്‍ ആഡ് ചെയ്തിട്ടാണ് റഫ് ട്രാക്ക് ഉണ്ടാക്കിയത്. അതിന് ശേഷമാണ് സ്വരങ്ങള്‍ കൊണ്ടുവന്നത്. ‘പധ നി ഗ രി സ നി സ’ എന്ന വോക്കല്‍ കൂടി ആഡ് ചെയ്തപ്പോള്‍ ട്രാക്ക് ഓക്കെയായി,’ അനിരുദ്ധ് പറഞ്ഞു.

കാന്‍സില്‍ മാത്രം ആ ട്രെയ്‌ലര്‍ സ്‌ക്രീന്‍ ചെയ്താല്‍ മതിയെന്നായിരുന്നു ആദ്യം കരുതിയതെന്നും എന്നാല്‍ ട്രെയ്‌ലര്‍ മുഴുവനായി കണ്ടപ്പോള്‍ അത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെന്നും അനിരുദ്ധ് പറയുന്നു. റിലീസിന് രണ്ട് മാസം ബാക്കിയുള്ളപ്പോള്‍ ട്രെയ്‌ലര്‍ പുറത്തുവിടുന്നത് നല്ല ഏര്‍പ്പാടല്ലെന്നും എന്നാല്‍ ആ പാട്ട് കൂടുതല്‍ ആളുകളിലേക്ക് എത്തിയത് സിനിമക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Anirudh explains how he composed Raga of Revenge in DC movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം