ഊരാളുങ്കല്‍ പ്രസ്ഥാനത്തെ ഉയര്‍ച്ചയിലേക്കെത്തിച്ച, ഇന്ന് അന്തരിച്ച രമേശന്‍ പാലേരിയുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ മുമ്പ് നടത്തിയ അഭിമുഖം
ചോദ്യം: 2011 മെയ് 19ന് കേരളത്തിലെ ഒരു പ്രമുഖപത്രം അതിന്റെ ഒരു ഫീച്ചറില്‍ ഇങ്ങനെ സൂചിപ്പിച്ചു. ‘നിങ്ങള്‍ സ്വര്‍ഗത്തിന്റെ മോഡല്‍ തരൂ ഞങ്ങള്‍ പണിതുതരാം’, എന്നു പറഞ്ഞാല്‍ ഇന്നത്തെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെപ്പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു വളര്‍ച്ചയാണ് ഈ സ്ഥാപനത്തിന് നേടാന്‍ കഴിഞ്ഞത്.
ഇന്ന് ലോകത്തിലെ ഏത് ബഹുരാഷ്ട്ര കമ്പനിയോടും മത്സരിക്കാന്‍ തക്ക വിധത്തില്‍ അധ്വാനശക്തിയുടെയും സാങ്കേതിക വിദ്യയുടെയും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ പറ്റുന്ന വിധത്തില്‍ മാനേജ്മെന്റ് സ്‌കില്ലും ഉള്ള ഒരു സ്ഥാപനമായി സൊസൈറ്റി ഇന്ന് മാറിയിട്ടുണ്ട്. ഇന്നത്തെ ഇതിന്റെ വളര്‍ച്ചയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഈ സ്ഥാപനത്തിന്റെ മറ്റു കാര്യങ്ങളിലേക്ക് കടക്കാം.
ഉത്തരം: ഞാന്‍ തന്നെയാണ് അന്ന് അത് പറഞ്ഞത്. അങ്ങനെയൊരു ആത്മവിശ്വാസം വന്നു. ഏതും ഏറ്റെടുത്തു നടത്താം എന്ന ഒരു ആത്മവിശ്വാസം. ഞാന്‍ ഒറ്റയ്ക്ക് എന്നല്ല ഇതിനര്‍ത്ഥം. ഞങ്ങള്‍ ഒരു ടീമാണ്. ഈ ടീമില്‍ ഡയറക്ടര്‍ ബോര്‍ഡുണ്ട്. മാനേജിങ്ങ് ഡയറക്ടറുണ്ട് ഞാനുമുണ്ട്.
രമേശന്‍ പാലേരി
ഞങ്ങള്‍ ഉള്‍പ്പെടുന്ന സംഘം ക്ലീന്‍ ആയിരിക്കണം. ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്കെത്തണം. അതില്‍ കവിഞ്ഞ ഒരു ചിന്തയുമില്ല. എല്ലാവര്‍ക്കും അതേ ചിന്തയാണ്. ആ ഒരു ചിന്ത ടീമില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. അത് തൊഴിലാളികളിലും പകര്‍ന്നു.
കാലം മാറുന്നതിനനുസരിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാക്കണം. മുമ്പുകാലത്ത് കൂട്ടുകുടുംബം ആയിരുന്ന സമയത്ത് ആവശ്യങ്ങള്‍ കുറവായിരുന്നു. അന്ന് അവര്‍ ത്യാഗം ചെയ്തിട്ടാണ് ഈ സ്ഥാപനം പടുത്തുയര്‍ത്തിയത്. ആ ഒരു അസ്ഥിവാരത്തില്‍ നിന്നാണ് ഈ സ്ഥാപനം പടുത്തുയര്‍ത്തിയത്.
എന്നാല്‍ ഇന്ന് കൂട്ടുകുടുംബം മാറി അന്നു കുടുംബമായി. ആവശ്യങ്ങള്‍ അധികമായി. എല്ലാവര്‍ക്കും വീട് വേണം വസ്ത്രം വേണം മക്കള്‍ക്ക് വിദ്യാഭ്യാസം വേണം. ആരോഗ്യം ഇന്ന് വളരെ പ്രധാനമാണ്. പണ്ടത്തെപ്പോലെ ആയുര്‍വേദ ചികിത്സകൊണ്ടുമാത്രം തൃപ്തിപ്പെടുന്നില്ല. ഇന്ന് ഒരു ആശുപത്രിയില്‍ പോകണമെങ്കില്‍ മിനിമം 2 ലക്ഷം രൂപയെങ്കിലും വേണ്ടിവരും.
ഇതിനൊക്കെ പരിഹാരമായി അവന് ആത്മവിശ്വാസമുണ്ടാവുമെന്ന രീതിയില്‍ എന്തുവന്നാലും സൊസൈറ്റി ഉണ്ടാകും എന്ന ആത്മവിശ്വാസം അവനില്‍ ഉണ്ടാക്കിയെടുക്കണം. അതിനനുസരിച്ച് കൂലിയും വേതനവും എല്ലാം അവന് ലഭിക്കണം. അതാണ് ഞാന്‍ പറഞ്ഞത് ഞങ്ങള്‍ വര്‍ഗബോധമുള്ള തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിച്ചു.
യു.എല്‍.സി.സി.എസ്
തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലും വേതനവും മാത്രമല്ല അവന്റെ കുടുംബത്തില്‍ കുട്ടികള്‍ക്കുള്ള ജോലിലഭ്യത അത് ന്യൂജെനറേഷന്‍ തൊഴില്‍ എന്നറിയപ്പെടുന്ന ഐ.ടി.മേഖലയിലെ ജോലിയായാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ സ്‌കില്‍ഡ് ലേബര്‍ ജോലിയായാലും ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍, സിവില്‍, എന്‍ജിനിയറിങ്ങ് തുടങ്ങിയ മേഖലയിലായാലും ഒരു ജോലി ലഭ്യമാകും എന്ന ഒരു ആത്മവിശ്വാസം തൊഴിലാളിയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളുടെ ടീമിന് സാധിച്ചു. ഇതിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ ആമുഖമായി ഇതാണ് എനിക്ക് പറയാനുള്ളത്.
ചോദ്യം: താങ്കള്‍ പറഞ്ഞ ഈ കൂട്ടായ്മ എന്നത് ഓരോ തൊഴിലാളിയിലും ഈ സ്ഥാപനം തന്റേതാണ് എന്ന ബോധ്യവും തന്റെ ഉത്തരവാദിത്വവും ജീവിതവും തന്റെ സാമൂഹ്യ ഉത്തരവാദിത്വവും പരസ്പര വിരുദ്ധമല്ല, അത് ഒന്നാണ് എന്ന വിശ്വാസബോധ്യവും എല്ലാവരിലും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതും ഈ കൂട്ടായ്മയുടെ വിജയം എന്നു കരുതുന്നതല്ലേ ശരി?
ഉത്തരം: ശരിയാണ്. അതോടൊപ്പം ഓരോ തൊഴിലാളിയേയും സ്‌കില്‍ഡ് ആയി മാറ്റാന്‍ കഴിഞ്ഞു എന്നതും അടിവരയിട്ടു പറയേണ്ടതാണ്. ബില്‍ഡിങ്ങിന്റെ പണിയായാലും പാലത്തിന്റെ പണിയായാലും റോഡിന്റെ പണിയായാലും ഏത് പണിയും അത് ഇന്റര്‍നാഷണല്‍ ലെവലിലായാലും തനിക്ക് പറിച്ചെടുക്കാന്‍ കഴിയും എന്ന ഒരു ആത്മവിശ്വാസം തൊഴിലാളിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതും ഉത്തരവാദിത്വബോധത്തിന്റെ പ്രകടമായ ഉദാഹരണമാണ്. ഇത് എന്‍ജിനിയര്‍മാരിലും തികഞ്ഞ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. ഒരു സ്ഥാപനം അതിന്റെ ലക്ഷ്യത്തിലെത്തുന്നതിന്റെ ഏറ്റവും പ്രകടമായ അവസ്ഥയാണിത്.
ചോദ്യം:കേരളത്തിലെ പല സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ കരാര്‍ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുക്കുമോ എന്ന ഒരു പരിശോധനയ്ക്ക് ശേഷമേ മറ്റു ഏജന്‍സികളെ തേടിപോകാറുള്ളൂ. ആ രീതിയില്‍ നേടിയെടുത്ത വിശ്വാസത നാം ചെയ്ത പ്രവൃത്തികളുടെ ഒരു ഗുണഫലം തന്നെയാണ്. ഈ വിശ്വാസ്യതയെക്കുറിച്ചും മലബാറിന്റെ സാമൂഹ്യചരിത്രത്തില്‍ അതിന്റെ ആരംഭഘട്ടത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും ഇന്നത്തെ രീതിയില്‍ വളര്‍ന്നു വന്നതിനെ സാമാന്യേനെ ഒരു വിശദീകരിക്കാമോ?
ഉത്തരം: വാഗ്ഭടാനന്ദ ഗുരുദേവന്റെ ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത്. സത്യസന്ധത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഗുണമേന്മയോടും കൃത്യനിഷ്ഠയോടുംകൂടി ചെയ്തുതീര്‍ക്കുന്നു എന്നതാണ്. ഒരു പരാതിയോ ആക്ഷേപമോ ഉണ്ടാകാത്ത തരത്തില്‍ ചെയ്തുതീര്‍ക്കുമ്പോള്‍ ലഭിക്കുന്ന വിശ്വാസതയാണത്.
വാഗ്ഭടാനന്ദ ഗുരുദേവന്‍
ഇവിടെ ആര്‍ക്കും വന്ന് അവരുടെ സ്ഥാപനത്തില്‍ ജോലികള്‍ ചെയ്തുതരാന്‍ ആവശ്യപ്പെടാം. അതില്‍ രാഷ്ട്രീയമോ മതപരമോആയ യാതൊരു വിവേചനങ്ങളും ഉണ്ടാകാറില്ല. ഈ ഗുണമേന്മയും സത്യസന്ധതയുമാണ് ഏതൊരു സ്ഥാപനവും അവരുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ യു.എല്‍.സി.സി.എസിനെ സമീപിക്കുന്നത്. ചില സ്ഥാപനങ്ങള്‍ അവര്‍ക്ക് പ്രത്യേക നിര്‍മാണകമ്പനികള്‍ ഉണ്ടെങ്കില്‍പോലും അവരുടെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ യു.എല്‍.സി.സി.എസിനെ സമീപിക്കുന്നു.
കേരള പൊലീസിന് കേരള പോലീസ് ഹൗസിങ്ങ് സൊസൈറ്റി എന്ന സ്ഥാപനമുണ്ടെങ്കില്‍ പോലും അവരുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ നമ്മളെ സമീപിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു പരാതിയും ഉണ്ടാകാത്ത തരത്തില്‍ പ്രവൃത്തിയെടുക്കുന്നതിന്റെ ഗുണഫലം തന്നെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ചോദ്യം:ഊരാളുങ്കല്‍ എന്ന പ്രദേശത്ത് വളരെ ചെറിയ രീതിയില്‍ വാഗ്ഭടാനന്ദ ഗുരുദേവന്റെ ആശയാഭിലാഷമനുസരിച്ച് സാധാരണക്കാരായ ജനങ്ങളില്‍ ഉണ്ടായ ഉണര്‍വിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് വളര്‍ന്ന് വികസിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വലിയ തൊഴില്‍ദായകമായി മാറിയിരിക്കുകയാണല്ലോ. ഒരു സര്‍ക്കാര്‍ സ്ഥാപനം പോലെയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ജനങ്ങള്‍ കാണുന്നത്. ഈ ഒരു ഉയര്‍ച്ചയിലേക്ക് സംഘം വളര്‍ന്നതിന്റെ ചരിത്രം വിശദമാക്കാമോ?
ഉത്തരം: സര്‍ക്കാര്‍ ജോലിപോലെ എന്നു പറയുന്നില്‍ കാര്യമുണ്ട്. ഇന്ന് നമുക്ക് കൊടുക്കാന്‍ പറ്റാവുന്ന എല്ലാ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും തൊഴിലാളികളള്‍ക്ക് കൊടുക്കുന്നുണ്ട്. അതിനുപരി ഗള്‍ഫില്‍പോലും കിട്ടാറില്ലാത്ത തരത്തില്‍ ആനുകൂല്യങ്ങള്‍ ഇവിടെ നല്‍കുന്നുണ്ട്.
സര്‍വീസിലുള്ള ഒരു തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് 15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. കൂടാതെ ഫാമിലി ഇന്‍ഷൂറന്‍സ്, ഗ്രാറ്റുവിറ്റി, വിദ്യാഭ്യാസത്തിന് പലിശയില്ലാത്ത ലോണ്‍, വീടുണ്ടാക്കുവാന്‍ ഇന്ററസ്റ്റ് ഇല്ലാത്ത ലോണ്‍ എന്നു തുടങ്ങി എന്തെല്ലാം ഒരു തൊഴിലാളിക്ക് ആവശ്യമുണ്ടോ അതെല്ലാം നിറവേറ്റിക്കൊടുക്കുന്ന തരത്തിലാണ് സൊസൈറ്റിയുടെ ഇടപെടല്‍.
യു.എല്‍ സൈബര്‍ പാര്‍ക്ക്
ഞാന്‍ ജോലി ചെയ്യുന്നത് ഒരു മുതലാളിയുടെ കീഴിലല്ല. ഇത് എന്റെ സ്ഥാപനമാണ് എന്ന വിശ്വാസം തൊഴിലാളിയില്‍ രൂഢമൂലമാവുന്നതിലൂടെ ഒരു അഭിമാനബോധവും തൊഴിലാളിയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. തൊഴിലാളിയുടെ ഭാഗത്ത് ഇങ്ങനെയുള്ള വിശ്വാസമാണെങ്കില്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ നമ്മുടെ പ്രവൃത്തിയിലുള്ള ഗുണമേന്മ ആര്‍ക്കും ഇഷ്ടപ്പെടാവുന്ന തരത്തിലാണ് അവിടെയും ഒരു വിശ്വാസമാണ് നിലനില്‍ക്കുന്നത്.
അതുകൊണ്ടാണ് ഈ സ്ഥാപനത്തെ ഇഷ്ടപ്പെടാനും പുതിയ തലമുറയ്ക്ക് ആകര്‍ഷണീയമായ ഒരു തൊഴില്‍ ആയി സൊസൈറ്റി മാറുന്നത്. ഇവിടെനിന്നും ഗള്‍ഫില്‍ പോയി ജോലിയെടുക്കുന്നവര്‍ പറയുന്നതും വേതനത്തിലും സുരക്ഷിതത്ത്വത്തിന്റെ കാര്യങ്ങളിലുമെല്ലാം ഊരാളുങ്കല്‍ തന്നെയാണ് എത്രയോ മെച്ചം എന്നാണ്.
ചിലപ്പോള്‍ തങ്ങള്‍ കൊടുക്കുന്നതിനേക്കാള്‍ വേതനം ലഭിക്കുമെങ്കിലും അവര്‍ക്ക് പലതുകൊണ്ടും മെച്ചമായി തോന്നുന്നത് ഊരാളുങ്കല്‍ തന്നെയാണ്. കാരണം ഞങ്ങള്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ മാത്രമല്ല സ്നേഹവും നല്‍കുന്നുണ്ട്.
ചോദ്യം:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍പോലുള്ള ഒരുപാട് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ സൊസൈറ്റി ഏറ്റെടുക്കുന്നുണ്ട്. വിദ്യാഭ്യാസ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍, പകല്‍വീട് പോലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രവര്‍ത്തിയോടൊപ്പം സൊസൈറ്റി ഏറ്റെടുക്കുന്നു. ഇതിലേക്ക് സൊസൈറ്റിയെ നയിക്കുന്ന ചേതോവികാരം എന്താണ്?
ഉത്തരം: ഞാന്‍ ഇവിടെ പ്രസിഡന്റ് ആയി വരുന്ന കാലഘട്ടത്തില്‍ പലര്‍ക്കും യഥാസമയം ശമ്പളം കിട്ടിയിരുന്നില്ല. തൊഴില്‍ ലഭിച്ചിരുന്നില്ല എന്നതായിരുന്നു അവസ്ഥ. പല പ്രയാസങ്ങളും അനുഭവിക്കുന്ന തൊഴിലാളിയേയാണ് അന്ന് ഞാന്‍ ഇവിടെ കണ്ടത്.
പക്ഷെ ഏതൊരു സ്ഥാപനത്തിനും ഇത്തരം ഉയര്‍ച്ചകളും താഴ്ചകളും അവയുടെ വളര്‍ച്ചയ്ക്കിടയില്‍ കാണാന്‍ കഴിയും. ഇതിനൊക്കെ പരിഹാരം ഉണ്ടാക്കണമെന്ന ചിന്തയാണ് ആദ്യം ഉണ്ടായത്.
ഇപ്പോള്‍ തൊഴിലാളികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു. പിന്നീടുള്ളത് സമൂഹമാണ്. നമ്മള്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികളുടെ മക്കള്‍ തന്നെ അനവധിയുണ്ട്. കൂട്ടികള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്നോക്കം പോകുന്ന അവസ്ഥയുണ്ടാകുന്നു. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ കൊണ്ട് പ്രയാസം അനുഭവപ്പെടുന്നവരുണ്ട്.
സമൂഹത്തില്‍ ഇത്തരം പ്രയാസമനുഭവിക്കുന്നവര്‍ ഒട്ടനവധിയുണ്ട്. അതുകൊണ്ടാണ് മൊത്തം സമൂഹത്തെ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റി ഏറ്റെടുക്കുന്നത്. അതില്‍ ഊരാളുങ്കല്‍ സൊസൈറ്റി അംഗങ്ങളുടെ കുടുംബം മാത്രമല്ല പൊതുസമൂഹത്തിലെ എല്ലാവരുമുണ്ട്.
മടപ്പള്ളി സ്‌കൂളിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തിലായാലും വാര്‍ധക്യസഹജമായ പീഡകള്‍ അനുഭവിക്കുന്ന ധനികരോ ദരിദ്രരോ ആയ ആരായാലും അവരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് ഒരു സല്‍പ്പേര് കിട്ടുക എന്ന ലക്ഷ്യം വച്ചുകൊണ്ടല്ല മറിച്ച് മാതൃകാപരമായ ഒരു പ്രവൃത്തിയായിരിക്കണം എന്ന നിലവെച്ചുകൊണ്ട് മാത്രമാണ്.
ചോദ്യം:ഇന്ന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള പ്രവൃത്തി ഉറപ്പിക്കാന്‍ ലേബര്‍ സൊസൈറ്റികള്‍ ഉണ്ടാവണം എന്ന് സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഊരാളുങ്കല്‍ പോലുള്ള സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തെവിടെയും മറ്റെവിടെയുമില്ല. വൈവിധ്യവത്കരണത്തിന്റെ ഘട്ടങ്ങളിലൂടെ കടന്ന് ഇന്നത്തെ സാഹചര്യത്തിലുള്ള യു.എല്‍.സി.സി.എസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിശദീകരിക്കാമോ? വിലയിരുത്തുന്നതെങ്ങനെയാണ്?
ഉത്തരം: ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നാണ്. ഈ സംഘം ആരംഭിച്ചത് 1925ലാണ്. അന്ന് അനുഭവിച്ചു തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി ഇന്നും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഇന്ന് പക്ഷെ ജനങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചും സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നുമുള്ള സഹായത്താല്‍ പ്രവൃത്തി യഥാസമയം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ പ്രവൃത്തിയിലുള്ള ഗുണമേന്മയുടെ ഫലം ഒന്നുകൊണ്ട് മാത്രമാണെന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധി എന്നുമുണ്ട്.
ഇന്ന് ആരംഭിക്കുന്ന സൊസൈറ്റികള്‍ക്ക് ഞങ്ങള്‍ അനുഭവിച്ചതുപോലുള്ള പ്രയാസങ്ങള്‍ ഒന്നും അനുഭവിക്കേണ്ട അവസ്ഥയില്ല. ആവശ്യമായ ഫണ്ടുകള്‍ അവര്‍ക്ക് ഇന്ന് ലഭിക്കും. വാഹനങ്ങളും മറ്റും വാങ്ങുവാനുള്ള ലോണുകള്‍ ഇന്ന് ലഭ്യമാണ്. പക്ഷെ ഇതിനെല്ലാം ഉപരിയായി നല്ലൊരു കെട്ടുറപ്പുള്ള തൊഴിലാളി സമൂഹം ഉണ്ടാവണം. അവരെ നയിക്കാന്‍ പറ്റുന്ന ഡയറക്ടര്‍ ബോര്‍ഡും നേതൃത്വവും ഉണ്ടാവണം.
സത്യസന്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കും എവിടെയും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പണമുണ്ട് ഫണ്ട് ഉണ്ട് എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. തൊഴിലാളികളെ ഏത് പ്രവൃത്തിയും ഏറ്റെടുക്കാനുള്ള നൈപുണ്യമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരണം. അങ്ങനെയുള്ളവയ്ക്കു മാത്രമേ നിലനില്‍ക്കാനാവൂ.
ചോദ്യം:സഹകരണരംഗത്ത് ഒരു ഐ.ടി.പാര്‍ക്ക് എന്നത് വളരെ വലിയ ബ്രഹൃത്തായ ഒരു പദ്ധതിയാണ്. ഇത് ലോകത്തിനുതന്നെ ഒരു മാതൃകയാണ്. ഐ.ടി.രംഗത്ത് ഒരു സഹകരണസംഘം കാല്‍വെയ്ക്കുന്നത് ഇദംപ്രദമമാണ്. കൂലിവേലക്കാരുടെ ഒരു തൊഴിലാളിസംഘം അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകര്‍ക്കുള്ള ഇടം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു തരത്തില്‍ ഇത്തരക്കാരുടെ ലേബര്‍ സൊസൈറ്റി തന്നെയാണിത്.
രണ്ട് കാര്യങ്ങളാണ് ഇതു സംബന്ധിച്ച് അറിയേണ്ടത്. ഒന്ന്, ഇത്തരം ഒരു സംരംഭം ഏറ്റെടുക്കാനുള്ള ഒരു ധൈര്യം എങ്ങനെയുണ്ടായി. രണ്ടാമത്തേത് ഇന്നത്തെ സാഹചര്യത്തില്‍ സാര്‍വ്വദേശീയതലത്തില്‍ ഐ.ടി.രംഗം വലിയ ആഘാതം നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികള്‍ ഈ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാനുള്ള ആത്മധൈര്യം എങ്ങനെ കിട്ടി.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഐ.ടി.മേഖല ആധുനികവത്കരിക്കപ്പെട്ട കൂലിവേലക്കാരുടെ ഒരു ഇടം തന്നെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള പിന്തുണ മറ്റുള്ളവരില്‍നിന്നും ലഭിക്കുന്നുണ്ടോ?
ഉത്തരം: സൈബര്‍പാര്‍ക്കിന്റെ കാര്യം പറയാം. പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് അത് നേരിടണമെന്ന വാശി നമ്മള്‍ക്കുണ്ടാവുന്നത്. 2005 ല്‍ പ്രതിസന്ധിയുടെ കാലത്താണ് ഞാന്‍ സൊസൈറ്റിയില്‍ വരുന്നത്. ഞാന്‍ സൊസൈറ്റിയില്‍ വരുമ്പോള്‍ ഇവിടം ഒരു പ്രതിസന്ധിയുടെ കാലമായിരുന്നു.
എണ്‍പതോളം തൊഴിലാളികളാണ് ഇവിടെ അവശേഷിച്ചിരുന്നത്. ഒരു ടെക്കനിക്കല്‍ സ്റ്റാഫ് ആയിട്ടാണ് ഞാന്‍ ഈ സ്ഥാപനത്തില്‍ വരുന്നത്. ഏകദേശം ഒമ്പത് വര്‍ഷത്തോളം ടെക്‌നിക്കല്‍ സ്റ്റാഫ് ആയി ഞാന്‍ ജോലിചെയ്തു. എറ്റെടുക്കുന്ന പണികള്‍ ഗുണമേന്മയോടെ ചെയ്തുതീര്‍ക്കണം എന്ന ഒരു കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒന്നുമല്ലാത്ത എന്നെ ഈ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്ത് നിര്‍ത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
60-80 പേര്‍ ജോലിചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് സര്‍ഗാലയ, ഫൗണ്ടേഷന്‍, ഐ.ടി.മേഖല എന്നിവയിലെല്ലാം കൂടി 8000 ത്തോളം ആളുകള്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
1990 ലാണ് ആഗോളവത്കരണത്തിലേക്ക് ഇന്ത്യ ചുവടുവെച്ചതെങ്കിലും അതുമൂലമുള്ള പ്രതിസന്ധി നമ്മെ ബാധിച്ചത് 2002 മുതലാണ്. അക്കാലത്ത് ഒരു കോടിയില്‍ താഴെയുള്ള പ്രവൃത്തികള്‍ മാത്രമാണ് നമ്മള്‍ ഏറ്റെടുത്തത് നടത്തിയിരുന്നത്. എന്നാല്‍ ഇത്തരം പല പ്രവൃത്തികളും നമുക്ക് ലഭിക്കാതെ വന്നു.
ആഗോളവത്കരണത്തോടെ വിദേശരാജ്യങ്ങളില്‍ വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ ഇന്ത്യയിലേക്ക് കടന്നുവന്ന് വന്‍കിട പ്രവൃത്തികള്‍ ഏറ്റെടുത്തു തുടങ്ങിയപ്പോള്‍ അതുവരെ അത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലുള്ള കോണ്‍ട്രാക്ടര്‍മാര്‍ കുറേക്കൂടി ചെറിയ ചെറിയ പ്രവൃത്തികള്‍ ഏറ്റെടുക്കാനായി ഇവിടുത്തേക്ക് വന്നുതുടങ്ങി. ആഗോളവത്കരണത്തിന്റെ സ്വാധീനം അപ്പോഴാണ് ഞങ്ങള്‍ക്കും മനസ്സിലായത്.
ഈ അവസരത്തിലാണ് നാഷണല്‍ ഹൈവേയിലുള്ള ചോറോട് ഓവര്‍ബ്രിഡ്ജിന്റെ പണി നമ്മള്‍ ഏറ്റെടുക്കുന്നത്. ചോറോട് ആര്‍.ഒ.ബി.യുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക 6 കോടിയാണ്. ഒരു കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുക്കുന്ന സൊസൈറ്റിക്ക് 6 കോടി രൂപയുടെ പ്രവൃത്തി വലിയ ഒരു വെല്ലുവിളിയൊന്നുമല്ലായിരുന്നു.
പക്ഷെ ഞങ്ങള്‍ അഭിമുഖീകരിച്ച പ്രതിസന്ധി നമുക്ക് ആവശ്യമായ ക്വാളിഫൈഡ് ആയ എന്‍ജിനീയര്‍മാര്‍ ഇല്ല എന്നതും പ്രവൃത്തി ചെയ്യാനാവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയും നൈപുണ്യമുള്ള തൊഴിലാളികള്‍ ഇല്ല എന്നതുമൊക്കെയായിരുന്നു. കൂടാതെ പ്രവൃത്തി ചെയ്യാനാവശ്യമായ മെഷീനറികളും വേണമായിരുന്നു. ഇതൊന്നും അന്ന് നമ്മുടെ കൈവശമില്ലായിരുന്നു. എന്നാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.
ചോറോട് ഗെയിറ്റ് ഒട്ടുവളരെ ഗതാഗത കുരുക്കുകള്‍ ഉണ്ടാക്കുന്ന ഒരു സ്ഥലമായിരുന്നു. ട്രാഫിക് ബ്ലോക്കുകള്‍ ഇവിടെ നിത്യസംഭമായിരുന്നു. അപകടത്തിലും മറ്റും പെട്ട് ആശുപത്രിയില്‍ എത്തിക്കേണ്ട പലരുടേയും ജീവന്‍ പൊലിയാന്‍ ഇവിടെയുള്ള ട്രാഫിക്ക് തടസ്സം കാരണമായിട്ടുണ്ടായിരുന്നു. അന്നത്തെ പാര്‍ലിമെന്റ് അംഗമായിരുന്ന പ്രൊഫ. പ്രേമജവും സ്ഥലം എം.എല്‍.എയും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളുമെല്ലാം ഈ പ്രവൃത്തി സൊസൈറ്റിതന്നെ ഏറ്റെടുത്താല്‍ യഥാസമയം തീരും എന്ന് വിശ്വസിച്ചിരുന്നു.
സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ഈ പ്രവൃത്തി ഒരു ടേണിങ് പോയിന്റായിരുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കോണ്‍ട്രാക്ടര്‍മാര്‍ അവരുടെ നിലനില്‍പ്പിനുവേണ്ടി കേരളത്തിലേക്ക് വന്ന് ഇവിടെയുള്ള പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാന്‍ തുടങ്ങിയ അതുവരെ നമ്മള്‍ ഏറ്റെടുത്തുവന്നിരുന്ന പ്രവൃത്തികള്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായി.
സൊസൈറ്റിയിലെ നിലവിലുള്ള തൊഴിലാളികള്‍ക്ക് എങ്ങനെ തൊഴില്‍ കൊടുക്കുക എന്നതും ചോറോട് ആര്‍.ഒ.ബി പ്രവൃത്തിയേറ്റെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും സംഘത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തന്നെ ഞങ്ങളുടെ ടീം തീരുമാനിച്ചു പ്രവൃത്തി ആരംഭിച്ചതോടെ പ്രതിസന്ധികള്‍ മറികടക്കാനും ഞങ്ങള്‍ക്ക് സാധിച്ചു എന്നു മാത്രമല്ല അത് ഞങ്ങള്‍ക്ക് ഏത് വലിയ പ്രവൃത്തിയും ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കി.
സൊസൈറ്റി അനുഭവിക്കേണ്ടിവന്ന മറ്റൊരു വലിയ പ്രതിസന്ധി 2008ല്‍ നമ്മുടെ രാജ്യം അനുഭവിച്ച സാമ്പത്തിക മാന്ദ്യമാണ്. ഈ അവസരത്തിലും നമ്മുടെ നാട് ഗള്‍ഫ് പണത്തിന്റെ വല്ലാത്തൊരു സ്വാധീനവലയത്തിലായിരുന്നു. കായിക പ്രാധാന്യമുള്ള ഒരു ജോലിക്കും നമ്മുടെ നാട്ടിലെ അഭിമാനികളായ രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ പറഞ്ഞയച്ചിരുന്നില്ല. എസ്.എസ്.എല്‍.സി പോലും പഠിക്കാത്തവരും ഇതേ രീതിയിലാണ് പെരുമാറിയത്.
എന്നാല്‍ ഇവിടുത്തെ നിര്‍മാണ മേഖലയേക്കാള്‍ മോശം ചുറ്റുപാടുകള്‍ നിലനിന്നിരുന്നു. ബെംഗളൂരുവിലും ഇതര സംസ്ഥാനങ്ങളും ഇത്തരം ജോലിക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറുമായിരുന്നു. ഇത് ഒരു തരം ദുരഭിമാനത്തിന്റെ പ്രശ്നം തന്നെയായിരുന്നു. തങ്ങള്‍ മക്കള്‍ ബെംഗളൂരുവിലാണ് അല്ലെങ്കില്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നത് എന്നു പറയാന്‍ അവര്‍ക്ക് അഭിമാനമായിരുന്നു.
നിര്‍മാണ മേഖലയില്‍ ആരും ജോലിക്ക് വരാത്ത അവസ്ഥയുണ്ടായപ്പോള്‍ ഞങ്ങളും ആലോചിച്ചു. നമ്മുടെ നാട്ടുകാരും ജീവനക്കാരുടെ മക്കളും മറ്റും ജോലിക്ക് വരുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇത്തരം ഒരു ലേബര്‍ സൊസൈറ്റി എന്നും ഞങ്ങള്‍ ആലോചിച്ചു. സൊസൈറ്റി അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന ആലോചനയാണ് അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ താത്പര്യങ്ങള്‍ പരിരക്ഷിക്കാനുതകുന്ന ഐ.ടി.മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചത്.
പുതിയ തൊഴില്‍ അന്വേഷകരില്‍ പലരും എന്‍ജിനീയറിങ് ബിരുദധാരികളും ഡിപ്ലോമ കഴിഞ്ഞവരും, പി.ജി കഴിഞ്ഞവരും, ഐ.ടി ബിരുദധാരികളുമൊക്കെയാണ്. നമ്മുടെ തന്നെ തൊഴിലാളികളുടെ മക്കളെല്ലാം ഇത്തരം ഉന്നത ബിരുദമുള്ളവരുമാണ്. അതുകൊണ്ട് ഇത്തരക്കാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാനുതകുമാറ് നമുക്ക് എന്തുകൊണ്ട് ഐ.ടി.രംഗത്തേക്ക് കടന്നുകൂടാ എന്ന് ഞങ്ങളുടെ ടീം ആലോചിച്ചു. നമ്മുടെ മേഖലയില്‍ ഡൈവേര്‍സിഫിക്കേഷന്‍ അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
മലബാറിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. മലബാറിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പൂട്ടിപ്പോയിരുന്നു. കയര്‍ മേഖലയും കൈത്തറി മേഖലയും നിശ്ശേഷം തകര്‍ന്നുപോയിരിക്കുന്നു.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണപ്രശ്നങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുകയാണ്. ഇത്തരമൊരു പരിതസ്ഥിതിയാണ് ഐ.ടി സംരഭത്തെക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് മലബാര്‍ മേഖലയില്‍ ഒരു ഐ.ടി സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് കോഴിക്കോട് എം.എല്‍.എ.യായിരുന്ന ശ്രീ പ്രദീപ് കുമാറും അന്നത്തെ കോഴിക്കോട് മേയറുമെല്ലാം ചേര്‍ന്ന് ആലോചിക്കുന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു. ആ സമയം ഞങ്ങളും ഈ ചിന്തയുമായി ഇവരോടൊപ്പം ചേര്‍ന്നുകൊണ്ട് മുന്നോട്ടുപോയി.
എ. പ്രദീപ് കുമാര്‍
ഒരുപാട് പ്രതികൂല നിലപാടുകളും പരിഹാസങ്ങളും ഞങ്ങള്‍ക്ക് ഈ അവസരത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. റോഡ് തൊഴിലാളികള്‍ പ്രത്യേകിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ളവര്‍ക്ക് ഈ മേഖല എങ്ങനെ വഴങ്ങും എന്ന രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍ പലതും വന്നുകൊണ്ടിരുന്നത്. പക്ഷെ ഇത്തരം പരിഹാസങ്ങളെല്ലാം വെല്ലുവിളിയായിട്ടു തന്നെയാണ് ഞങ്ങള്‍ ഏറ്റെടുത്തത്. ഇന്ന് ഐ.ടി.പാര്‍ക്ക് ഒരു യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്.
4.7 ലക്ഷം ചതുരശ്രമീറ്റര്‍ ബില്‍ഡിങ്ങിന്റെ പണി കഴിഞ്ഞിരിക്കുന്നു. ആയിരത്തോളം ജീവനക്കാര്‍ നമ്മുടെ ഐ.ടി.മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ്‌വെയര്‍ കമ്പനി രംഗത്ത് ഇരുന്നൂറോളം പേര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഐ.ടി ഒരു യാഥാര്‍ത്ഥ്യമായി. ജനങ്ങള്‍ ഇത് അംഗീകരിച്ചു. ബാക്കി സ്പെയ്‌സും കൂടി പോയാല്‍ അധികമായി മൂവായിരത്തോളം പേര്‍ക്കുകൂടി ഇവിടെ ജോലി ലഭിക്കും.
ഇതിനു ശേഷമാണ് ഗവണ്‍മെന്റ് മേഖലയില്‍ ഇവിടെ ഒരു ഐ.ടി.പാര്‍ക്ക് വന്നത്. അത് കൂടി വന്നാല്‍ ഏകദേശം 5 വര്‍ഷം കൊണ്ട് മലബാര്‍ മേഖലയില്‍ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഒരു മേഖലയായി ഇത് മാറും.
വിദ്യാഭ്യാസ മേഖലയിലാണ് രണ്ടാമതായി ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. ഐ.ടി രംഗത്ത് വന്നപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യമായി. ഇവിടെ വേണ്ടത്ര അഭ്യസ്ഥവിദ്യരായ യോഗ്യതയുള്ളവര്‍ ധാരാളമുണ്ട്. പല കമ്പനികളും വന്ന് ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ നമ്മുടെ പല കുട്ടികള്‍ക്കും മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നടത്തുന്ന ഇന്റര്‍വ്യൂവിനെ അഭിമുഖീകരിക്കാനുള്ള നൈപുണ്യക്കുറവ് അനുഭവപ്പെടുന്നു.
അഭ്യസ്ഥവിദ്യരായ നമ്മുടെ യുവജനങ്ങളെ ഇത്തരം ഉന്നത മേഖലയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് ഭാഷാപരമായ നിപുണതയിലും മറ്റുമുള്ള പിന്നോക്കാവസ്ഥ കാരണവുമാണ്. ഞങ്ങള്‍ക്ക് തന്നെ ഇവിടെ 600ഓളം എന്‍ജിനീയര്‍മാര്‍ ഉണ്ട്. അവരൊന്നും വേണ്ടത്ര സ്‌കില്‍ഡ് അല്ല. നമ്മുടേതു മാത്രമല്ല, കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും വരുന്ന എന്‍ജിനീയര്‍മാര്‍പോലും വേണ്ടത്ര പ്രവൃത്തിയില്‍ സ്‌കില്‍ നേടിയിട്ടില്ല.
ഇന്റര്‍നാഷണല്‍ ലെവലില്‍ കംപ്ലീറ്റ് ചെയ്യാന്‍ പറ്റുന്ന സ്‌കില്‍ഡ് ലേബേര്‍ഴ്സിനെയാണ് നമുക്ക് ആവശ്യം. ഈ സ്ഥാപനത്തിലുള്ളവര്‍ക്ക് തിയറിക്കുപുറമേ പ്രായോഗികമായ പരിജ്ഞാനം ലഭിക്കുന്നതുകൊണ്ട് കുറേക്കൂടി നൈപുണ്യം നേടാന്‍ സാധിക്കുന്നുണ്ട്.
ഇന്റര്‍നാഷണല്‍ ലെവലില്‍ ഉള്ള പ്രവൃത്തികള്‍ ഏറ്റെടുക്കണമെങ്കില്‍ അത്തരം നിലവാരമുള്ള ഇന്റര്‍നാഷണല്‍ ലവലിലുള്ള വര്‍ക്കേഴ്സ് ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. സ്‌കില്‍ഡ് ആയ തൊഴിലാളികള്‍ വേണമെങ്കില്‍ മാത്രമേ അത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ നമുക്ക് പറ്റുകയുള്ളു എന്ന് ഞങ്ങള്‍ പഠിച്ചു.
ക്വാളിറ്റിയില്ലാത്ത 30 കോളേജുകള്‍ ഈ പ്രാവശ്യം കേരളത്തില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 800 കോളേജുകള്‍ ഇന്ത്യയില്‍ അടച്ചുപൂട്ടി. ഇതാണ് ഇന്നത്തെ അവസ്ഥ. ഇതില്‍നിന്നും വ്യത്യസ്തമായ തിയറിയും പ്രാക്ടിക്കലും ഒന്നിച്ചു പഠിക്കാന്‍ പറ്റുന്ന യു.കെയും യൂറോപ്പിലുമുള്ള ഇതുപോലുള്ള ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള കോഴ്സ് ഇന്‍സ്റ്റിറ്റിയൂഷനുകളും തുടങ്ങുന്നു.
അത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്നവര്‍ പഠിച്ചുകഴിഞ്ഞു വരുന്ന അന്ന് തന്നെ അവര്‍ നല്ല എന്‍ജിനീയര്‍ ആയിരിക്കണം. ആ മേഖലയില്‍ സ്‌കില്‍ഡ് ആയിരിക്കുന്ന അത്തരത്തിലുള്ള എന്‍ജിനീയറെ വാര്‍ത്തെടുക്കുകയാണെങ്കില്‍ അത് സൊസൈറ്റിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ വളര്‍ച്ച അത്ഭുതകരമായി മാറും.
അവന്‍ സര്‍ക്കാര്‍ ജോലി മാത്രം നോക്കിപ്പോകുന്നവനായിരിക്കുകയില്ല. അവന് ഒരു തൊഴില്‍ അറിയാം. ഒരു സ്ഥാപനം തുടങ്ങാനോ ഇന്നത്തെപ്പോലെ ഒരു സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാനോ അവന് കഴിയും. സ്‌കില്‍ഡ് മാനേജ്മെന്റ് കൂടി അവനുണ്ടായിരിക്കണം. അത്തരമൊരു കോഴ്സിനെപ്പറ്റിയാണ് ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
ചോദ്യം:താങ്കള്‍ തന്നെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിരവധി ഇന്റര്‍നാഷണല്‍ വേദികള്‍ പങ്കിട്ടിട്ടുണ്ട്. അവിടെ നിന്നൊക്കെ കണ്ടതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ വായനക്കാരുമായി ഒന്നു പങ്കിട്ടികൂടെ?
ഉത്തരം: നമ്മള്‍ വിചാരിച്ചത് ലോകത്തിലെ വലിയ ഒരു സൊസൈറ്റിയാണ് നമ്മളുടേത് എന്നാണ്. എന്നാല്‍ ഇറ്റലി, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായത് ഇവിടെ ടാറ്റാ, ബിര്‍ള പോലുള്ള വലിയ വലിയ കമ്പനികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവിടെ ചെയ്യുന്നത് സൊസൈറ്റികളാണ്. ഇറ്റലിയും സ്പെയ്‌നിലുമെല്ലാം 300 വര്‍ഷം പഴക്കമുള്ള സൊസൈറ്റികള്‍ ഉണ്ട്. അവിടുത്തെ സമ്പ്രദായമാണ് നമ്മളും പിന്തുടരുന്നതെന്ന് അവിടെ എത്തിയപ്പോഴാണ് ഞങ്ങളും മനസ്സിലാക്കിയത്.
മോണ്‍ട്രിയാണ്‍ എന്ന സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അത് മനസ്സിലായി. അവിടെ എല്ലാറ്റിനും മുകളിലായി ഒരു അപ്പെക്സ് സ്ഥാപനമുണ്ടാവും. ഇതിനുതാഴെ ഒരു ആര്‍.എന്‍.ഡി ഉണ്ടാകും. അതിനും താഴെ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്ന ഒരു വ്യവസായം. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മാത്രമല്ല, പക്ഷെ അതില്‍ ലേബര്‍ സൊസൈറ്റിയും ഉണ്ടാകും. ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്. ഇവിടെയുള്ള ആര്‍.എന്‍.ഡി യാണ്.
ഈ ആര്‍.എന്‍.ഡിയാണ് ഒരു സ്ഥാപനം ഏതൊക്കെ മേഖലയിലേക്ക് ഭാവിയില്‍ പോകണമെന്ന് നിര്‍ദേശിക്കുന്നത്. ഉദാഹരണമായി ദിനേശ്ബീഡി. ജനങ്ങള്‍ ബീഡി വലിക്കുന്നത് നിര്‍ത്തുന്ന അവസ്ഥ വരും. അപ്പോള്‍ അവര്‍ പുതിയ മേഖലയിലേക്ക് അല്ലെങ്കില്‍ ടെക്നോളജിയിലേക്ക് പോകണം. അതുപോലെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് പഴയപോലുള്ള റോഡ് നിര്‍മാണവുമായി മുന്നോട്ട് പോകാനാവില്ലെന്നും ടെക്നോളജി മാറുമ്പോള്‍ നിങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും പുതിയ ടെക്നോളജിയിലേക്ക് പോകണമെന്നും പറയുന്നത് ആര്‍.എന്‍.ഡിയാണ്.
നമ്മുടെ രണ്ട് ഉദാഹരണമെടുത്തു പറഞ്ഞു എന്നേ ഉള്ളൂ. അവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് നമ്മളും പിന്തുടരുന്നത് ആര്‍.എന്‍.ഡി പിന്തുടര്‍ന്നത് മാതൃകതന്നെയാണെന്ന്. കാരണം നമ്മള്‍ ഐ.ടി.തുടങ്ങിയതും പുതിയ ടെക്നോളജി തുടങ്ങിയതും നമ്മുടെ കണ്‍സ്ട്രക്ഷന്‍ മേഖല തന്നെ ഇന്റര്‍നാഷണല്‍ ലെവലിലേക്ക് കൊണ്ടുവന്നതും ഇതേ മാതൃകയിലാണ്.
ഈ മേഖലയ്ക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കുന്നത് ആര്‍.എന്‍.ഡി തന്നെയാണ്. അത് നല്ലൊരു മാതൃകയാണ്. ഓരോ സ്ഥാപനത്തിന്റേയും വളര്‍ച്ചയ്ക്കനുസരിച്ച് അവര്‍ക്ക് സ്‌കില്‍ഡ് എന്‍ജിനീയേഴ്സ് വേണം, സ്‌കില്‍ഡ് വര്‍ക്കേഴ്സ് വേണം, മാനേജ്മെന്റ് വേണം. കേരളത്തിന്റെ അവസ്ഥ പഠിക്കേണ്ടതാണ്. നമ്മുടെ പല സ്ഥാപനങ്ങളും വളര്‍ന്ന് 100 മുതല്‍ 500 കോടിവരെ ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി മാറിയിരിക്കുന്നു. പക്ഷെ അതിനെ നയിക്കാന്‍ പറ്റുന്ന സ്‌കില്‍ഡ് മാനേജ്മെന്റ് ഫിനാന്‍സിനെ നിയന്ത്രിക്കാന്‍ പറ്റുന്നവര്‍ നമ്മുടെ സ്ഥാപനങ്ങളില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
അവിടെ ചെയ്യുന്നത് വളര്‍ച്ചയ്ക്കനുസരിച്ച് പരിഹാരമുണ്ടാക്കിക്കൊടുക്കുന്ന സംവിധാനമുണ്ടാക്കിക്കൊടുക്കുന്നു. അതുപോലെയാണ് ഞങ്ങളും ആലോചിക്കുന്നത്. കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സഹായകമാകുന്ന തരത്തില്‍ അത്തരത്തിലുള്ള കോഴ്സുകള്‍ തുടങ്ങി. അല്ലെങ്കില്‍ നമ്മള്‍ പിന്നോട്ട് പോകും.
സഹകരണ ബാങ്കുകളില്‍ തന്നെ സോഫ്റ്റ്വെയര്‍ സംവിധാനം ആയിട്ടില്ല. എന്നാല്‍ നാഷണല്‍ ബാങ്കുകളില്‍ ഈ സംവിധാനം മുമ്പേ ആയിക്കഴിഞ്ഞു. ഇക്കാര്യത്തിലാണ് അവര്‍ നമ്മെ കുറ്റപ്പെടുത്തുന്നത.് സാധാരണ ഡിഗ്രി കൊണ്ടൊന്നും ഇനി പ്രവൃത്തിക്കാന്‍ കഴിയില്ല. സ്‌കില്‍ഡ് ആയവരെ വാര്‍ത്തെടുക്കാന്‍ പറ്റുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അവിടെ പോയപ്പോഴാണ് ഇത് മനസ്സിലാക്കുന്നത്.
ചോദ്യം:മാറിവറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ കഴിവിലും സംഘാടനത്തിലും മാറ്റം വരണം. ന്യൂജെന്‍ മേഖലയില്‍ നമുക്ക് മുന്നേറണമെങ്കില്‍ നമ്മളും പരമ്പരാഗതിയില്‍ നിന്നും മാറേണ്ടതില്ലേ? സൊസൈറ്റിയും പരമ്പരാഗതമായി രീതി കൈവെടിയേണ്ടേ അല്ലെങ്കില്‍ നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കേണ്ടേ?
ഉത്തരം: തീര്‍ച്ചയായും. ലോകം മാറുകയാണ്. ഇതിനനുസരിച്ച് നമ്മളും മാറണം. കമ്പ്യൂട്ടര്‍വത്കരണത്തിന്റെ കാലത്ത് ഒരുപാട് പേര്‍ക്ക് തൊഴില്‍ ഇല്ലാതാക്കിയെങ്കില്‍ എത്രയോ പേര്‍ പണിയെടുക്കുന്ന സ്ഥലത്ത് ഒരു കമ്പ്യൂട്ടര്‍ മതി എന്ന ഒരവസ്ഥ ഉണ്ടായിരുന്നു.
അതിലും എത്രയോ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന ഓട്ടോമേഷന്‍ വരികയാണ്. അതൊന്നും ഒരിക്കലും തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. നമ്മള്‍ അതിനനുസരിച്ച് മാറുകയേ നിവൃത്തിയുള്ളൂ. കണ്‍സ്ട്രക്ഷനിലും അത്തരം ടെക്നോളികള്‍ വരികയാണ്. അത്തരം ടെക്നോളജിയിലേക്ക് നമ്മളും പോയില്ലെങ്കില്‍ നാം പിന്തള്ളപ്പെട്ടുപോകും.
ചോദ്യം:കേരളത്തില്‍ മാറിമാറിവരുന്ന എല്ലാ സര്‍ക്കാരുകളും സൊസൈറ്റിക്ക് നല്ല പരിഗണന നല്‍കുന്നുണ്ടല്ലോ? എന്നാല്‍ ഇതില്‍ എടുത്തുപറയത്തക്ക സഹകരണം ലഭിച്ചതിനെക്കുറിച്ചചും സംഭവങ്ങളെപ്പറ്റിയും അങ്ങ് എങ്ങനെയാണ് ഓര്‍ക്കുന്നത്.
ഉത്തരം: ഞാന്‍ പ്രസിഡന്റ് ആയശേഷം വലിയ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു 1996-97-98 കാലം. മുഖ്യമന്ത്രി ഇ.കെ. നായനാരും ധനകാര്യമന്ത്രി ടി. ശിവദാസ മേനോനുമായിരുന്നു ഞങ്ങള്‍ക്ക് അന്ന് സ്പെഷ്യല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കി വലിയ പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ കരകയറാന്‍ സഹായിച്ചു.
ഇ.കെ. നായനാർ
എം. ദാസേട്ടനാണ് ഞങ്ങള്‍ക്ക് ഐ.ടി സംരംഭം തുടങ്ങാനുള്ള അനുവാദം തന്നത്. അന്നത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്യുതാനന്ദനാണ് സാമൂഹ്യ പ്രതിബദ്ധതയോടെ ഞങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പ്രവൃത്തികള്‍ വിലയിരുത്തിയത്.
വി.എസ്.അച്യുതാനന്ദന്‍
വേണ്ടരീതിയിലുള്ള സാമ്പത്തികവും മറ്റുമുള്ള എല്ലാ സഹായങ്ങളും നല്‍കി ഞങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയത് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് സാറാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വേണ്ട സപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്.
തോമസ് ഐസക്കും പിണറായി വിജയനും
ചോദ്യം:ഒട്ടനവധി സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെ ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് സൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പുരോഗമന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സൊസൈറ്റി ഒരു മാതൃകയാണ്. നമ്മുടെ സാമൂഹ്യപുരോഗതിയില്‍ സൊസൈറ്റിക്കുള്ള പങ്കിനെ അങ്ങ് എങ്ങനെയാണ് വിലയിരുത്തുന്നത്?
ഉത്തരം: ജനങ്ങള്‍ നമുക്ക് ഒരു അംഗീകാരം നല്‍കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വം കൂടുകയാണ് ചെയ്യുന്നത്. ജനം പ്രതീക്ഷിക്കുന്ന രീതിയില്‍ നമ്മള്‍ മുന്നോട്ടു പോകുക തന്നെ വേണം. നമ്മുടെ പ്രവൃത്തികള്‍ ഇന്റര്‍നാഷണല്‍ തലത്തിലേക്ക് മാറണം. അതിനനുസരിച്ച് സ്‌കില്‍ഡ് ആയവരെ സൃഷ്ടിക്കാന്‍ പറ്റുന്ന സ്ഥാപനങ്ങള്‍ നമുക്കുണ്ടാവണം.
നമ്മുടെ തൊഴിലാളികളെ പുതിയ തലമുറയേയും പഴയ തലമുറയേയും നമ്മള്‍ നൈപുണ്യമുള്ളവരെയാണ്. അതിനുള്ള കോഴ്സുകള്‍ നമ്മള്‍ തന്നെ നടത്തുകയാണ്. അത് മൂന്ന് മാസമായാലും നാലു മാസമായാലും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റോടെയുള്ള കോഴ്സുകളാണ് നടത്തുന്നത്.
ഇന്റര്‍നാഷണല്‍ ആയി ഉയരുമ്പോള്‍ നമ്മള്‍ക്ക് ഉത്തരവാദിത്വം കൂടുകയാണ് ചെയ്യുന്നത്. അതില്‍ സര്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്തേ പറ്റൂ. ഞങ്ങള്‍ ഒറ്റയ്ക്ക് എന്നതല്ല സഹകരണ മേഖലയില്‍ മൊത്തം സാധ്യമായ നിയമനിര്‍മാണം വന്ന് സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പുതിയ ടെക്നോളജിയിലൂടെ ഉത്തേജനം നല്‍കാന്‍ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണ്.
ചോദ്യം:സൊസൈറ്റിയുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തില്‍ സൊസൈറ്റിക്ക് അംഗീകാരം ലഭിച്ചു തുടങ്ങിയത് വളരെ അടുത്ത കാലത്താണ്. പക്ഷെ ജനങ്ങളുടെ മനസ്സില്‍ സൊസൈറ്റിയെക്കുറിച്ച് വലിയ മതിപ്പാണ്. ഏത് ചെറിയ പ്രവൃത്തിയും സൊസൈറ്റി ചെയ്താല്‍ മതി എന്നാണ് പൊതുജനഹിതം. ഇത്തരം പൊതു ബോധത്തിലേക്ക് നയിച്ചത് എങ്ങനെയാണെന്നാണ് ഇതിന്റെ സാരഥി എന്ന നിലയില്‍ അങ്ങ് കാണുന്നത്?
ഉത്തരം: നമ്മള്‍ ശുദ്ധരാണെങ്കില്‍ സത്യസന്ധരാണെങ്കില്‍ അര്‍പ്പണബോധമുള്ളവരാണെങ്കില്‍ എന്ത് ചെയ്യാനുള്ള ധൈര്യവും നമുക്കുണ്ടാകും. അപ്പോള്‍ നമ്മളെ എല്ലാവരും അംഗീകരിക്കും. അതില്‍ ജാതിയോ രാഷ്ട്രീയമോ ആയ യാതൊരു വ്യത്യാസവും കാണാറില്ല. തൊഴിലാളിയുടെ കാര്യത്തിലായാലും നമ്മള്‍ ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ കാര്യത്തിലായാലും രണ്ടിനും യാതൊരുവിധ വിവേചനമോ കോട്ടമോ തട്ടുന്നില്ലെങ്കില്‍ എല്ലാവരും നമ്മെ അംഗീകരിക്കും.
ചോദ്യം:ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സംഭാവനകള്‍ വളരെ പ്രധാനമാണ്. സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ഇതിനു മുമ്പേ ചെയ്തുപോന്നവരില്‍ നിന്നും വ്യത്യസ്ഥമായി ഒരു ദിശാബോധത്തില്‍ മാറ്റം വരുത്താനും വളരെ സങ്കീര്‍ണമായ അന്താരാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ട് പ്രത്യേകിച്ച് സ്വകാര്യ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നുള്ള വെല്ലുവിളിയും ലേബര്‍ തൊഴിലാളികളെ ലഭ്യതക്കുറവും വൈദഗ്ദ്യമുള്ള തൊഴിലാളികളുടെ അഭാവവും തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ പുതിയ കാലത്തെ സൊസൈറ്റിയെ വലിയൊരു തൊഴില്‍ ദായകനായി മാറ്റാന്‍ ശ്രമിക്കുകയാണല്ലേ. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ കൂട്ടായ്മ നിലനിര്‍ത്തുന്ന കാര്യത്തില്‍ അങ്ങ് എന്ത് പങ്കാണ് വഹിക്കുന്നത്?
ഉത്തരം: ഇവിടെ ഏറ്റവും പ്രധാനം അച്ചടക്കമാണ്. അച്ചടക്ക നടപടിയേക്കാള്‍ വളരെ ഒരു പരിഗണനയും കാണാറില്ല. വ്യക്തിപരമായോ ഗ്രൂപ്പിന്റെ ഹിതമോ ഒന്നും ഇതില്‍ പരിഗണിക്കാറില്ല. ഒരാള്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് പൂര്‍ണബോധ്യമുണ്ടെങ്കിലേ നടപടിയെടുക്കാറുള്ളൂ. ആരുടേയും മുഖം നോക്കാതെ നടപടിയെടുക്കും. അപ്പോള്‍ നമ്മളോട് വിശ്വാസം കൂടുകയേ ഉള്ളൂ.
അതേപോലെ ആനുകൂല്യം നല്‍കുന്ന കാര്യത്തിലും ഒരു വിവേചനവും ആരോടും കാണിക്കാറില്ല. തൊഴിലാളികളോട് പെരുമാറുന്നതും നീതിപൂര്‍വകമായിരിക്കണം. ഇത് എന്റെ ടീമിനും ഞാന്‍ പകര്‍ന്നുനല്‍കി. തലപ്പത്തിരിക്കുന്നവര്‍ ശരിയായാല്‍ എല്ലാം ശരിയാകും. മനുഷ്യാധ്വാനത്തെ ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്നും നൂതനമായ സാങ്കേതികവിദ്യ കടന്നുവരികയാണ്.
അതിനെ സ്വാംശീകരിക്കുന്ന തരത്തില്‍ സംഘത്തിന് അതിന്റേതായ സ്ഥാപനങ്ങളുടെ പുതിയ നൈപുണികള്‍ നേടുന്നതിനും തൊഴിലാളികള്‍ക്ക് റിഫ്രഷ്മെന്റ് നല്‍കുന്നതുമെല്ലാം ഓരോന്നിന്റേതായ സംവിധാനം ഇവിടെയുണ്ട്.
ചോദ്യം:മാനവശേഷിയും ക്വാളിറ്റിയുമുള്ള എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുവാനുള്ള വിദ്യാഭ്യാസ ഇടപെടലുകള്‍ക്കും സൊസൈറ്റി ശ്രമിക്കുന്നു. ഇതൊക്കെ സാധിക്കുന്ന സംവിധാനങ്ങള്‍ എങ്ങനെയാണ് സൊസൈറ്റി രൂപപ്പെടുത്തിയിരിക്കുന്നത്.
ഉത്തരം: സൊസൈറ്റിയെ സംബന്ധിച്ചുള്ള നാനാതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളം ഭൂമി വേണ്ടിവരും. ബില്‍ഡിങ് പര്‍ച്ചൈസുകള്‍ വേണ്ടിവരും. ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ധാരാളം പരാതികള്‍ വരാന്‍ സാധ്യതയുണ്ടാകും. ഇതൊക്കെ പരിശോധിക്കാന്‍ ഇവിടെ കൃത്യമായ സംവിധാനമുണ്ട്. എന്തെങ്കിലും അവിഹിതമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടും.
ആളുകള്‍ക്കും ഈ സംവിധാനത്തില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് ഭൂമി കച്ചവടമൊക്കെ ഇവിടെ കൃത്യമായി നടക്കും. ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള സംവിധാനങ്ങള്‍ ഒക്കെ ഇവിടെ ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ വിദഗ്ദന്‍ എന്ന ആള്‍ ഡോ. ടി.പി.സേതുമാധവനെ ഇതിന്റെ ഒരു ഡയറക്ടറായി നിയമിച്ചു. കരിയര്‍ ഗൈഡന്‍സ് നല്‍കുന്നവരെന്ന രീതിയിലും ഇതരമേഖലകളിലും കഴിവുതെളിച്ച വ്യക്തിയാണ് ഇദ്ദേഹം.
ഡോ. ടി.പി.സേതുമാധവന്‍
കൂടാതെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദരുമായി ചര്‍ച്ച നടത്തി അവരുടെ അഭിപ്രായം തേടിയാണ് അത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വദേശത്തുള്ളതും വിദേശത്തുള്ളതും വിശേഷിച്ച് യു.കെ. നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത്.
ഒരുപാട് പഠനങ്ങള്‍ നടത്തിയാണ് ഇത് തുടങ്ങുന്നത്. ടി.പി. സേതുമാധവന്‍ സാര്‍ വന്നതോടെ അദ്ദേഹത്തെ മുന്‍നിര്‍ത്തി ലേബര്‍ ബോര്‍ഡും വിദ്യാഭ്യാസ വിദഗ്ദരും, വിദഗ്ദരായ എന്‍ജിനിയര്‍മാരും എല്ലാവരും ചേര്‍ന്ന് പഠിച്ചിട്ടാണ് സന്ദര്‍ശനത്തിലൂടെ ലഭിച്ച അറിവും സ്വാംശീകരിച്ചാണ് ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തിയത്. ഇപ്പോള്‍ സ്ഥാപനം ആരംഭിക്കാനുള്ള അവസ്ഥയില്‍ എത്തിയിരിക്കയാണ്.
ചോദ്യം:സൊസൈറ്റി അക്കാദമിക് ആയും പ്രഫഷണല്‍ ആയും അതിന്റെ കഴിവുകള്‍ സ്വാംശീകരിച്ചിരിക്കുകയാണ് സംഘത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കിയ ഇതിന്റെ ആവിര്‍ഭാവ കാലത്തെ ആശയങ്ങള്‍ ഒട്ടും കൈമോശം വരാതെ പ്രത്യേകിച്ച് വാഗ്ഭടാനന്ദ ആശയങ്ങള്‍ തൊഴിലാളികള്‍ക്കിടയിലും കൈമോശം വരാതിരിക്കാന്‍ എന്ത് നടപടിയാണ് സംഘം എടുത്തുകൊണ്ടിരിക്കുന്നത്?
ഉത്തരം: വാഗ്ഭടാനന്ദ ആശയങ്ങള്‍ കര്‍മത്തിലൂടെ മാത്രമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സൊസൈറ്റിയുടെ പഴയകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അനുഭവങ്ങളെക്കുറിച്ച് പല സൈറ്റുകളിലും പറയാറുണ്ടെങ്കിലും അത്തരം അറിവുകള്‍ മെമ്പര്‍മാരിലും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും വേണ്ടത്ര എത്തിയിട്ടില്ല. അത് പോരായ്മയാണ്. അതിനുള്ള ശ്രമങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ക്ലാസുകള്‍ സംഘടിപ്പിക്കണം.
ചോദ്യം:ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകതലത്തില്‍ തന്നെ ഗണിക്കപ്പെടുന്ന തരത്തില്‍ സൊസൈറ്റി വളര്‍ന്നിട്ടുണ്ട്. ഈ വളര്‍ച്ചയെക്കുറിച്ചും സംഘം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും വളര്‍ച്ചയിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചും വായനക്കാര്‍ക്ക് അറിയുവാന്‍ താത്പര്യമുണ്ടായിരിക്കും. അതിനെക്കുറിച്ച് പറയാമോ?
ഉത്തരം: വളര്‍ച്ചയിലേക്കെത്തിച്ച സാഹചര്യത്തെക്കുറിച്ച് പറയുമ്പോള്‍ സ്വപ്നം കാണല്‍ തന്നെയാണ് ഇതില്‍ പ്രധാനം. ഒരു ദിവസം കോയമ്പത്തൂരിലേക്കുള്ള യാത്രമധ്യേ പാലക്കാട് ചെയ്ത ഒരു പ്രവൃത്തി കാണുവാനിടയായി. ഞാന്‍ പ്രസിഡന്റായി അപ്പോള്‍ 3-4 വര്‍ഷമായിക്കാണും. അതിന്റെ മാനോഹാരിതയും നിലവാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു.
എന്തുകൊണ്ട് നമുക്കും അത്തരത്തില്‍ പ്രവൃത്തി ചെയ്തുകൂടാ എന്ന് ചിന്തിച്ചു. അവിടെ നിന്നാണ് നമ്മള്‍ സ്വപ്നം കണ്ടുതുടങ്ങിയത്. അത്തരം സ്വപ്നങ്ങള്‍ നമ്മുടെ തൊഴിലാളികളും സന്നിവേശിപ്പിച്ചാല്‍ അത്തരം നിലവാരത്തിലേക്ക് നമുക്കും എത്താന്‍ കഴിയും. വെറുതെ സ്വപ്നം കണ്ടാല്‍ പോരെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നണിയില്‍ നിന്ന് ചെയ്യണമെന്നും നിശ്ചയിച്ചു.
ഇതിന് ഉദാഹരണമാണ് സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്. സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് പദ്ധതി അതിന്റെ ആര്‍ക്കിടെക്റ്റ് വിചാരിച്ചതിനേക്കാളും മെച്ചപ്പെട്ട രീതിയില്‍ പണിതുകൊടുത്തു കഴിഞ്ഞപ്പോള്‍ അന്നത്തെ ടൂറിസം സെക്രട്ടറിയായിരുന്ന വേണുസാറും ശിവശങ്കരന്‍ സാറും ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷണനും വ്യവസായവകുപ്പ് മന്ത്രി എളമരം കരീമും ഈ പ്രവൃത്തി ഇവരെത്തന്നെ ഏല്‍പിച്ചാലെന്താ എന്ന ഒരു ചിന്തയില്‍ എത്തിച്ചേര്‍ന്നു.
സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്.
പക്ഷെ നമ്മള്‍ കരകൗശല മേഖലയില്‍ പ്രവൃത്തിയെടുത്ത ഒരു പരിചയവും പാരമ്പര്യവുമില്ലായിരുന്നു. നിര്‍മാണമേഖലയില്‍ മാത്രമാണ് നമുക്ക് പരിചയം. ഈ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബവുമെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഈ മേഖല തന്നെ അന്യം നിന്നുപോകലിന്റെ വക്കിലായിരുന്നു. ഈ മേഖലയിലുള്ള കഷ്ടപ്പെടുന്ന ഇവരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് അവരെ ഇവിടെ ആധിവസിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു.
പിന്നെ ഐ.ടി മേഖല, റോഡുപണിക്കാര്‍ക്ക് ഐ.ടി.മേഖല വഴങ്ങുമോ എന്ന പരിഹസിച്ചവര്‍ക്ക് മറുപടിയായി അതിലും നമുക്ക് വിജയിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമല്ല സ്വന്തമായി ഒരു ഐ.ടി.സ്ഥാപനം വളര്‍ത്തിയെടുക്കാനും നമുക്ക് സാധിച്ചു.
കേവലം മൂന്ന് നാലുപേര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഈ സോഫ്റ്റ്‌വെയര്‍ കമ്പനി ഇന്ന് 25 കോടി രൂപയുടെ ടേണ്‍ ഓവര്‍ ഉള്ള സ്ഥാപനമായി മാറിയിരിക്കയാണ്. ഏകദേശം 250 പേര്‍ക്ക് ഐ.ടി മേഖലയില്‍ ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി ഇതു വളര്‍ന്നിരിക്കയാണ്.
നമ്മള്‍ ഏത് പ്രവൃത്തിയേറ്റെടുക്കുമ്പോഴും അതിനെക്കുറിച്ച് ഒരുപാട് ഗൃഹപാഠം ചെയ്ത് മാത്രമേ അതിനു തുനിയുകയുള്ളു. പ്രസ്തുത മേഖലയിലുള്ള പ്രഗത്ഭരില്‍നിന്നുള്ള ഉപദേശം സ്വീകരിക്കും. അതിന് പറ്റിയ ആളുകള്‍ ഇവിടെയുണ്ട്. ഏത് മേഖലയിലായാലും ഐ.ടിയിലായാലും വിദ്യാഭ്യാസമേഖലയിലായാലും കരകൗശല മേഖലയിലായാലും പുതിയ ടെക്നോളജി ആവശ്യപ്പെടുന്ന പ്രവൃത്തിയായാലും അതിനെക്കുറിച്ച് വിദഗ്ദാഭിപ്രായം നമ്മള്‍ എപ്പോഴും നേടിയതിനുശേഷമേ അതിന് തുനിയാറുള്ളൂ.
ചോദ്യം:നിര്‍മാണരംഗത്തേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ കടന്നുവരുമ്പോള്‍ നമ്മുടെ രാജ്യത്ത് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരും. ഇതിനൊരു ബദല്‍ സഹകരണ രംഗത്തുണ്ട് എന്ന് ഊരാളുങ്കല്‍ തെളിയിച്ചിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരുകളും മറ്റു സ്ഥാപനങ്ങളും വേണ്ടത്ര രീതിയിലുള്ള പിന്തുണ സര്‍ക്കാരില്‍നിന്ന് നല്‍കുന്നുണ്ടോ? അങ്ങയ്ക്ക് ഈ കാര്യത്തിലുള്ള അഭിപ്രായം എന്താണ്?
ഉത്തരം: ഏതോ വര്‍ഷത്തില്‍ ഉണ്ടാക്കിയ ഒരു ബ്രിട്ടീഷ് നിയമപ്രകാരമാണ് സഹകരണ സംഘങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ലോകം മാറി കേരളം മാറി. ഇത്രയും വലിയ വളര്‍ച്ചയില്‍ സഹകരണ സംഘങ്ങള്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ അതിനനുസരിച്ച രീതിയില്‍ മാനേജ്മെന്റ് സ്‌കില്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിച്ച് സഹകരണ മേഖലയെ സംരക്ഷിക്കണം.
പുതിയ നിയമം കൊണ്ടുതന്നെ ഈ മേഖലയെ സംരക്ഷിക്കുവാനുതകുന്ന പുതിയ നിയമം കൊണ്ടുവന്ന് നിയമത്തെ കാലോചിതമായി പരിഷ്‌കരിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ ഇത് നമ്മളെപ്പോലും ബോധിക്കും എന്നാണ് എന്റെ അഭിപ്രായം.
ചോദ്യം:ഈ സൊസൈറ്റിയുടെ ഭരണനേതൃത്വം ഏറ്റെടുക്കുന്ന ഒരു സാഹചര്യം അന്നുമുതല്‍ ഇന്നുവരെ നേരിട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു പോന്ന രീതി, സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാനുതകുന്ന രീതിയിലുള്ള അങ്ങയുടെ സ്വപ്നങ്ങള്‍ ഒരു വ്യക്തി എന്ന രീതിയില്‍ അന്ന് അഭിമുഖീകരിച്ച പ്രശ്നങ്ങളും ശാസ്ത്രീയമായ രീതിയില്‍ സ്വീകരിച്ച മാര്‍ഗങ്ങളും ഇതിനെ വിജയത്തിലേക്കുള്ള പ്രശ്നങ്ങളും ഇന്നത്തെ പ്രശ്നങ്ങളും വ്യക്തിപരമായി വിശദീകരിക്കാമോ?
ഉത്തരം: മദ്യ മാഫിയ കോണ്‍ട്രാക്ട് മാഫിയ എന്നൊക്കെ പറയപ്പെടുന്നത് എല്ലാം ഒന്നുതന്നെയാണ്. ഈ മേഖലയിലെ പ്രവൃത്തികളെല്ലാം ഇവര്‍ കൈയടക്കിവച്ചിരിക്കുകയായിരുന്നു. അവരുടെ നട്ടെല്ലൊടിച്ചാണ് നമ്മള്‍ ഈ രംഗത്ത് നിലയുറപ്പിച്ചതും വിജയിച്ചതും.
ഇതിന് ഒരു കാരണമുണ്ട്. അവര്‍ക്ക് ഒരു രൂപയുടെ പണിയെടുത്താല്‍ എത്ര രൂപ ഈ മേഖലയില്‍ ചൈലവഴിക്കുമെന്ന് ജോലി ചെയ്യുമെന്ന് നമുക്കറിയാമല്ലോ. എന്നിട്ടും അവര്‍ ജോലിയെടുക്കും. അവരുടെ ലാഭം കഴിച്ച് എന്താണ് അവര്‍ സമൂഹത്തിന് കൊടുക്കുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
അവര്‍ സമൂഹത്തിന് കൊടുക്കുന്നത് എന്താണ് എന്ന് നമുക്ക് അറിയാം. അത്തരക്കാര്‍ ഉണ്ടാക്കുന്ന റോഡിന്റേയും പാലത്തിന്റേയും ഗുണമേന്മ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതേപോലെ തന്നെ തൊഴിലാളികളുടെ വേതനം സംബന്ധിച്ചും. അവിടെ ദിവസത്തില്‍ 600, 700 രൂപയുടെ ബാധ്യത മാത്രമേ ഇവരെ സംബന്ധിച്ചിടത്തോളം ഉള്ളൂ. എന്നാല്‍ സൊസൈറ്റിയിലാണെങ്കില്‍ നാട്ടിലെ വേതനം എന്താണോ അത് നല്‍കണം. മാത്രമല്ല അതിലുപരിയായി അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഇ.എസ്.ഐ, ഇന്‍ഷൂറന്‍സ് എന്നിവയെല്ലാം നല്‍കണം.
എന്നിട്ടും നമ്മള്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യം പലതുമാണ്. ഒന്ന് ഒരു പ്രവൃത്തി നഷ്ടത്തില്‍ പോകുമ്പോള്‍ നമ്മള്‍ തൊഴിലാളികളുടെ സഹായം ആവശ്യപ്പെടും. അവര്‍ അവരുടെ സ്ഥാപനമെന്ന രീതിയില്‍ പല രീതിയിലും പ്രവൃത്തി ലാഭകരമാക്കാന്‍ നമ്മളോട് സഹകരിക്കും. രണ്ടാമത്തേത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പ്രവൃത്തി എങ്ങിനെ ലാഭകരമാക്കാം എന്നതിനെപ്പറ്റി വിശദമായ പഠനം നടത്തും.
ഉദാഹരണത്തിന് കോഴിക്കോട് ബൈപാസ് ഒന്നാം റീച്ചിന്റെ പ്രവൃത്തി 21% ബിലോ റേറ്റിനാണ് ഞങ്ങള്‍ ഏറ്റെടുത്തത്. പ്രവൃത്തി ലാഭകരമാക്കാന്‍ ഞങ്ങള്‍ ഒരു പുതിയ രീതി കണ്ടെത്തി. ആ പ്രവൃത്തിയില്‍ 50% പ്രവൃത്തിയും മണ്ണ് ഫില്ല് ചെയ്യേണ്ടതായിരുന്നു. ഏറ്റവും അടുത്തുനിന്ന് മണ്ണ് കിട്ടേണ്ട മാര്‍ഗം ഞങ്ങള്‍ അന്വേഷിച്ചു. ആവശ്യമായ മണ്ണ് അങ്ങനെ ലഭിച്ചു.
ബിലോ റേറ്റിനാണ് എടുത്തതെങ്കിലും ആ പ്രവൃത്തിയിലുണ്ടാകുന്ന നഷ്ടം അങ്ങനെയാണ് നികത്തിയെടുത്തത്. അതോടുകൂടി ആ ഭൂമി ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ സ്വന്തമായി കിട്ടി. അങ്ങനെ പ്രവൃത്തിയില്‍ ഒരു കളവും ചെയ്യാതെയും തൊഴിലാളികളെ വഞ്ചിക്കാതെയും നൂറ് ശതമാനം ഗുണമേന്മയോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
ഇത്തരം ചില തന്ത്രങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ പ്രവൃത്തിയില്‍ ലാഭം ഉണ്ടാക്കുന്നത്. ഇത് ഓരോ മേഖലയിലും ഇത്തരം വ്യത്യസ്ഥമായ തന്ത്രങ്ങളാണ് ഞങ്ങള്‍ പ്രയോഗിക്കാറുള്ളത്. കോഴിക്കോട് ബൈപാസിലെ വെങ്ങളം പൂളാടിക്കുന്ന് റോഡ് ഞങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന വേതനത്തില്‍ തുടരുകയാണെങ്കില്‍ പ്രവൃത്തി തീര്‍ച്ചയായും നഷ്ടത്തില്‍ കലാശിക്കും എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ഇവിടെ ഞങ്ങള്‍ തൊഴിലാളികളുടെ സഹകരണം തേടി. അവര്‍ സര്‍വ്വാത്മന മാനേജ്മെന്റിനോട് സഹകരിച്ചു. 28 മാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തി തൊഴിലാളികളുടെ കഠിനാധ്വാനത്തില്‍ 18 മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. പ്രവൃത്തി ലാഭകരമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
ഇങ്ങനെ ഓരോരോ സന്ദര്‍ഭത്തിലും വ്യത്യസ്തമായ തന്ത്രങ്ങളാണ് സ്വീകരിക്കാറുള്ളത്. ഇത് ഒരുതരം സമര്‍പ്പണമാണ്. പ്രവൃത്തിയോടുള്ള സമര്‍പ്പണം വരുമ്പോള്‍ ഏത് പ്രതിസന്ധിയും പരിഹരിക്കാനുള്ള ശക്തി കൈവരും. നമ്മുടെ സത്യസന്ധതയും സമര്‍പ്പണവും മാറിമാറി വരുന്ന കാലത്തെ മനസിലാക്കിക്കൊണ്ടും എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള കാര്യക്ഷമമായ ഇടപെടലും ആണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ഇതുണ്ടെങ്കില്‍ ഏത് വ്യക്തിക്കും സ്ഥാപനത്തിനും വളരുവാന്‍ സാധിക്കും.
Content Highlight: An interview previously conducted by K.T. Kunhikannan with Rameshan Paleri—who steered the Uralungal movement to new heights and passed away today.