1970കളിൽ മലയാള സിനിമ മേഖലയിൽ ബാലതാരമായി എത്തുകയും 1980കളോടെ നായികയായി അഭിനയിക്കാൻ തുടങ്ങുകയും ചെയ്ത നടിയാണ് കലാരഞ്ജിനി. ‘ഹിമാവാനി‘യാണ് നായികയായി കലാരഞ്ജിനി അരങ്ങേറിയ ആദ്യത്തെ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി താരം എൺപതോളം ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്.
നായികയായി കുറച്ചു സിനിമകളിൽ അഭിനയിച്ച ശേഷം താരം ഒരു ഇടവേള എടുത്താണ് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരുന്നത്. രണ്ടാമത്തെ തിരിച്ചു വരവിലൂടെ നടി അമ്മ വേഷങ്ങൾ ഉൾപ്പടെ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ ക്യാരക്ടർ റോളുകൾ കൂടുതലായി ചെയ്യാൻ തുടങ്ങി.

കലാരഞ്ജിനി Photo: Screen Grab/IMDb
ഡയറക്ടർ അനുവദിച്ചാൽ മാത്രമേ ഒരു ആർടിസ്റ്റിന് നന്നായി പെർഫോം ചെയ്യാൻ പറ്റുകയുള്ളുവെന്ന് പറയുകയാണ് നടി. മോഹിനിയാട്ടത്തിൽ തന്റെ കഥാപാത്രമായ സരസ്വതിയമ്മ തേങ്ങ കഴിക്കുന്ന സീനിനെക്കുറിച്ച് കാൻ ചാനൽ മീഡിയയുടെ ചോദ്യത്തിന് പ്രതികരിക്കുകയാണ് താരം.
‘അനുവദിക്കുക എന്നതുകൊണ്ട് ഫ്രീയായിട്ട് വിടുക എന്നല്ല അർഥം. ക്യാരക്ടറിൽ നിന്നുകൊണ്ട് നമ്മൾ ചെയ്യുന്നത് അങ്ങനെ ചെയ്‌തോളൂ എന്ന് ഡയറക്ടർ പറയുമ്പോൾ നമ്മുക്കൊരു ധൈര്യം കിട്ടും. റിഹേഴ്സലിന്റെ സമയത്ത് ഞാൻ വെറുതെ ചെയ്ത സീനായിരുന്നു അത്. അപ്പോൾ തന്നെ ഡയറക്ടർ അങ്ങനെ തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞു.
ഡയറക്ടറിന്റെ കഴിവുകൊണ്ടാണ് ക്യാരക്ടർ ഭംഗിയാവുന്നത്. മോഹിനിയാട്ടത്തിലെ കഥാപാത്രം ഭംഗിയായതും അങ്ങനെയാണ്. ഞങ്ങൾ സീരിയസ് ആയിട്ടാണ് ഡയലോഗുകളൊക്കെ പറഞ്ഞത്. പുറത്തിങ്ങനെ വരുമെന്നുള്ളത് ഡയറക്ടറിന്റെ വിഷനാണ്.’

കലാരഞ്ജിനി Photo: Screen Grab/IMDb
സിനിമയുടെ പ്രൊഡ്യൂസർ സൈജു കുറുപ്പാണെന്ന് ഷൂട്ടിങ്ങിന്റെ സമയത്ത് അറിയില്ലെന്നും താരം പറഞ്ഞു. സിനിമയിൽ ശത്രുക്കളില്ലാത്ത ആർട്ടിസ്റ്റുകൾ വളരെ കുറച്ചേ ഉണ്ടാവുകയുള്ളുവെന്നും അതിലൊരാളാണ് സൈജുവെന്നും നടി കൂട്ടിച്ചേർത്തു. സിനിമയിലെ ഹീറോ ആയിരുന്നിട്ടും എല്ലാ ആർട്ടിസ്റ്റുകൾക്കും ഡയലോഗ് കൊടുത്ത് അവരുടെതായ മികച്ച രീതിയിൽ കഥാപാത്രങ്ങളെ എങ്ങനെ വിജയിപ്പിക്കാമെന്ന് ചിന്തിക്കുന്നൊരാളാണ് സൈജുവെന്നും താരം പറഞ്ഞു.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമായ ഭരതനാട്യത്തിന്റെ രണ്ടാമത്തെ പാർട്ടാണ് മോഹിനിയാട്ടം. ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലൊരുക്കിയ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ കിട്ടിയിരുന്നു. തിയേറ്റർ ചിരിപ്പൂരപ്പറമ്പാക്കിയ സീനുകളിൽ ഒന്നായിരുന്നു സരസ്വതിയമ്മ എന്ന കഥാപാത്രത്തിന്റെ തേങ്ങ കഴിക്കുന്ന സീൻ. സിനിമയുടെ മൂന്നാം ഭാഗം ‘രാസലീല’ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
Content Highlight: An artist can only deliver a good performance if the director permits it said Kalaranjini
