എല്ലായിടത്തും സിക്‌സറും ഫോറും തുടര്‍ച്ചയായി അടിക്കാന്‍ കഴിയുന്ന പിച്ചായിരിക്കില്ല; വിമര്‍ശനവുമായി അമിത് മിശ്ര
Cricket
എല്ലായിടത്തും സിക്‌സറും ഫോറും തുടര്‍ച്ചയായി അടിക്കാന്‍ കഴിയുന്ന പിച്ചായിരിക്കില്ല; വിമര്‍ശനവുമായി അമിത് മിശ്ര
ശ്രീരാഗ് പാറക്കല്‍
Sunday, 9th August 2026, 5:57 pm

ഇന്ത്യന്‍ ടി-20 ഓപ്പണര്‍ അഭിഷേക് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. അഭിഷേകിന്റെ ആക്രമണ ബാറ്റിങ് വിജയിച്ചേക്കാമെന്നും എന്നാല്‍ എല്ലാ പിച്ചിലും സിക്‌സറും ഫോറും തുടര്‍ച്ചയായി അടിക്കാന്‍ സാധിക്കില്ലെന്ന് മിശ്ര പറഞ്ഞു. എത്രയോ വലിയ കളിക്കാരനായ എം.എസ്. ധോണി വരെ തന്റെ കളിയിലെ ശൈലി മാറ്റിയിട്ടുണ്ടെന്നും എന്തുകൊണ്ട് അഭിഷേകിന് അതിന് കഴിയുന്നില്ലെന്നും മിശ്ര എടുത്തുപറഞ്ഞു.

‘അഭിഷേക് ശര്‍മ പലപ്പോഴും പറയുന്നത് ഇങ്ങനെയാണ്: ‘ഞാന്‍ ഇങ്ങനെയാണ് കളിക്കുന്നത്’ എന്നാണ്. ശരിയാണ്, രണ്ടോ നാലോ തവണ ഇത്തരത്തില്‍ കളിച്ച് വിജയിക്കാം. പക്ഷേ അതിന് ശേഷം നിങ്ങള്‍ പുറത്താകും. എല്ലായിടത്തും സിക്‌സറും ഫോറും തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കാന്‍ കഴിയുന്ന പിച്ചായിരിക്കില്ല ലഭിക്കുക.

എം.എസ്. ധോണി ഇന്ന് എത്തിയിരിക്കുന്ന ഈ ഉയരത്തിലേക്ക് വെറുതെയൊന്നും എത്തിയതല്ല. അദ്ദേഹവും ഒരുകാലത്ത് ധാരാളം സിക്‌സറുകളും ബൗണ്ടറികളും അടിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ കളിയില്‍ മാറ്റങ്ങള്‍ വരുത്തി.

ഇത്രയും ഉയര്‍ന്ന തലത്തില്‍ എത്തിയ ഒരാള്‍ക്ക് പോലും സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ കളിയില്‍ മാറ്റം വരുത്താനും പൊരുത്തപ്പെടാനും കഴിഞ്ഞെങ്കില്‍, നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിന് കഴിയില്ല? നിങ്ങള്‍ക്ക് കഴിവുണ്ട്. പക്ഷേ മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ കളിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം,’ വിമര്‍ശനവുമായി അമിത് മിശ്ര.

ലോകകപ്പിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇംഗ്ലണ്ടിനോടും സിംബാബ്‌വേയോടും നടന്ന പരമ്പരയില്‍ അഭിഷേകിന് മികച്ച പ്രകടനം നടത്തിയിരുന്നില്ല. സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 11 റണ്‍സാ മാത്രമായിരുന്നു അഭിഷേക് നേടിയത്.

മാത്രമല്ല ഇതുവരെ 2026ല്‍ അഭിഷേക് ശര്‍മ 23 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.36 എന്ന ആവറേജാണ് അഭിഷേകിനുള്ളത്. 185.55 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് അഭിഷേക് ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.

കൂടാതെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരത്തിന്റെ പേര് നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നിലുള്ളത് അഭിഷേകാണ് മുന്നിലുള്ളതെന്ന് കാണാം. ആറ് തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്തായത്. അതില്‍ 2026 ലോകകപ്പിലായിരുന്നു അഭിഷേക് ശര്‍മ മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് കൂടാരം കയറിയത്.

Content Highlight: Amit Mishra Criticize Abhishek Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ