സോഷ്യൽ മീഡിയയിലെ വേറിട്ട പോസ്റ്റുകളിലൂടെയും അവയിൽ ഉപയോഗിക്കുന്ന പാട്ടുകളിലൂടെയും ഇപ്പോൾ ജെൻസികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് നടി അംബിക മോഹൻ. പ്രത്യേകിച്ച് ‘അമ്പാടി’ എന്ന വിളിപ്പേരാണ് അംബികയുടെ സോഷ്യൽ മീഡിയ സാന്നിധ്യത്തിനൊപ്പം കൂടുതൽ ശ്രദ്ധ നേടിയത്. കമന്റ് ബോക്സുകളിൽ ജെൻസി പ്രയോഗങ്ങളും നിറയാറുണ്ട്. ഇതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അംബിക മോഹൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെ കുറിച്ച് തുറന്നു സംസാരിച്ചത്.
‘എനിക്ക് തോന്നുന്നു ഇപ്പോൾ ഒരു വർഷത്തോളമായി ‘അമ്പാടി’ എന്നൊരു പേര് കുട്ടികൾ വിളിച്ചു തുടങ്ങിയിട്ട്. പക്ഷേ ഇപ്പോഴാണ് എല്ലാവരും കുറച്ചുകൂടി അറിഞ്ഞുതുടങ്ങുന്നത്. കുറെ ജെൻസി കുട്ടികളുണ്ട് അവരാണ് ഇത് കൂടുതലായി വിളിക്കാറുള്ളത്. അവർ എത്രയോ മുന്നേ തന്നെ എന്നെ ‘അമ്പാടി’ എന്ന് വിളിക്കാറുണ്ട്. ഇപ്പോൾ നമ്മൾ ഒരു മാളിൽ ഒക്കെ ചെന്നുകഴിഞ്ഞാൽ കുട്ടികൾ ഓടിവന്ന് ‘ദേ അമ്പാടി’ എന്ന് പറയാറുണ്ട്. സത്യം പറഞ്ഞാൽ ഞാൻ അത് നന്നായി ആസ്വദിക്കാറുണ്ട്,’ അംബിക പറഞ്ഞു.

അംബിക മോഹൻ. Photo. Screen Grab/ Youtube.
ലൊക്കേഷനിൽ വിവിധ വേഷങ്ങളിൽ ഇരിക്കുമ്പോൾ കേൾക്കുന്ന പാട്ടുകൾ ഇഷ്ടപ്പെട്ടാൽ അതിനൊപ്പം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണ് പതിവെന്നും അംബിക പറയുന്നു. അതൊന്നും ട്രെൻഡാകുമെന്ന് കരുതിയല്ല ചെയ്തിരുന്നതെന്നും താരം വ്യക്തമാക്കി.
‘നമ്മൾ സാരിയൊക്കെ ഉടുത്ത് ലൊക്കേഷനിൽ ഇരിക്കുമ്പോൾ ചിലപ്പോൾ പല വേഷത്തിലായിരിക്കും. നരച്ച മുടിയൊക്കെയായിട്ട് ഇരിക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ ഓരോ പാട്ട് കേൾകുന്നത്. അപ്പോൾ ഈ പാട്ട് സ്റ്റോറിയിൽ ഇട്ടാലോ എന്ന് തോന്നും. അപ്പോൾ ഏതാണോ വേഷം, അതിൽ ഒരു ഫോട്ടോ എടുത്തിട്ട് ആ പാട്ടങ്ങോട്ട് ഇട്ട് പോസ്റ്റ് ചെയ്യും. ട്രെൻഡ് ആകും എന്നൊന്നും വിചാരിച്ചല്ല നമ്മൾ ഇടുന്നത്. അതൊക്കെ പിന്നെ സംഭവിക്കുന്നതാണ്,’ നടി കൂട്ടിച്ചേർത്തു.
താൻ സ്ഥിരമായി പാട്ടുകൾ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും അംബിക പറയുന്നു. എന്നാൽ അത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് തനിക്ക് കൂടുതൽ പ്രചോദനമെന്നും താരം വ്യക്തമാക്കി.
‘എന്നോട് പലരും പറയും, എപ്പോഴും ഈ പാട്ട് തന്നെ ഇട്ടാൽ എല്ലാവർക്കും മടുത്തിട്ടുണ്ടാകും എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ‘ഞാൻ ഇപ്പോൾ പാട്ടിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും, അത് നോക്കിക്കോ. എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർ കണ്ടിട്ട് നല്ല അഭിപ്രായങ്ങൾ പറഞ്ഞില്ലെങ്കിൽ, നല്ല റീച്ച് കിട്ടിയില്ലെങ്കിൽ ഞാൻ ഫോട്ടോ ഇടുന്നത് സ്റ്റോപ്പ് ചെയ്യും’ എന്ന്. അങ്ങനെ ഞാൻ പാട്ടിട്ട് പോസ്റ്റ് ചെയ്തപ്പോൾ അത് നന്നായി കയറി 4.5 മില്യൺ അടിച്ചു. അത് ഇപ്പോൾ അടുത്താണ്. അതുകൊണ്ട് ഇപ്പോഴും ആളുകൾക്ക് എന്റെ പാട്ടും ഞാൻ പോസ്റ്റ് ചെയ്യുന്നതും ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായി,’ അംബിക പറഞ്ഞു.
ഇഷ്ടപ്പെടുന്ന പാട്ടുകൾ മാത്രമാണ് താൻ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉപയോഗിക്കുന്നതെന്നും അംബിക പറഞ്ഞു. പാട്ട് കേട്ട് ഇഷ്ടപ്പെട്ടാൽ അത് മനസിൽ സൂക്ഷിക്കുകയും പിന്നീട് അനുയോജ്യമായ അവസരത്തിൽ പോസ്റ്റിനൊപ്പം ഉപയോഗിക്കുകയുമാണ് പതിവെന്നും താരം വ്യക്തമാക്കി.
‘എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളാണ് ഞാൻ ഇടാറുള്ളത്. കേട്ട് എനിക്ക് ഇഷ്ടമായാൽ ഞാൻ മനസിൽ വെക്കും. പിന്നെ അത് ഇങ്ങനെ പോസ്റ്റ് ചെയ്യുമ്പോൾ ഇടും. പക്ഷേ ഞാൻ പോസ്റ്റ് ചെയ്യുന്ന പാട്ടുകളൊക്കെ ആളുകൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമാണ് പാട്ടൊക്കെ ഇട്ട് പോസ്റ്റ് ചെയ്യുന്നത്. ഞാൻ അത് നിർത്തുകയുമില്ല ഇട്ടുകൊണ്ടേയിരിക്കും,’ അമ്പാടി പറഞ്ഞു.
അംബികയുടെ കമന്റ് ബോക്സിലെ ‘ഐ ആം ബാഡി’, ‘വിശുദ്ധ പശു’ തുടങ്ങിയ പ്രയോഗങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഇത്തരം വാക്കുകളുടെ അർഥം പലർക്കും ആദ്യം അറിയില്ലായിരുന്നുവെന്നും ഇപ്പോൾ പലരും അതിന്റെ അർഥം മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും അംബിക പറഞ്ഞു.
‘കമന്റ് ബോക്സിൽ വരുന്ന മെസ്സേജുകളിൽ ‘ഐ ആം ബാഡി’, ‘വിശുദ്ധ പശു’ എന്നൊക്കെയുള്ളത് പലർക്കും ഇതിന്റെ മീനിങ് അറിയില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പലരും ‘വിശുദ്ധ പശു’ എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്യും. ഇപ്പോൾ എനിക്ക് എന്താണ് സന്തോഷം എന്ന് വെച്ചാൽ പലർക്കും അതിന്റെ അർഥം എന്താണെന്ന് മനസിലായി.

അംബിക മോഹൻ. Photo. Screen Grab/ Youtube.
നേരത്തെ തന്നെ ഇത് എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. പലരും ഇതെന്താണെന്ന് ചോദിക്കുമ്പോൾ ഞാൻ ഒന്നും പറയാറില്ല, ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കും. ‘അംബികയുടെ കമന്റ് ബോക്സ് കാണുമ്പോൾ പേടിയാകുന്നു’ എന്നൊക്കെ പലരും പറയുമായിരുന്നു. അപ്പോഴും ഞാൻ ചിരിച്ചുതള്ളാറാണുള്ളത്,’ അംബിക മോഹൻ പറഞ്ഞു.
Content Highlight: Ambika Mohan opens up about her viral Instagram posts
