അവനെ നിരന്തരം ടീമില്‍ നിന്ന് ഒഴിവാക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു: അമ്പാട്ടി റായിഡു
Cricket
അവനെ നിരന്തരം ടീമില്‍ നിന്ന് ഒഴിവാക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു: അമ്പാട്ടി റായിഡു
ശ്രീരാഗ് പാറക്കല്‍
Monday, 10th August 2026, 8:33 pm

ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനെ പിന്തുണച്ച് മുന്‍ താരം അമ്പാട്ടി റായിഡു. ആഭ്യന്തര ക്രിക്കറ്റില്‍ സര്‍ഫറാസ് റണ്‍സുകളുടെ കൂമ്പാരം തന്നെ ഉണ്ടാക്കിയെന്നും അദ്ദേഹം എപ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കണമെന്നും റായിഡു പറഞ്ഞു. സര്‍ഫറാസിനെ നിരന്തരം ടീമില്‍ നിന്ന് ഒഴിവാക്കുന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുവെന്നും ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര സര്‍ഫറാസിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റായിഡു കൂട്ടിച്ചേര്‍ത്തു.

‘സര്‍ഫറാസ് ഖാന്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം റണ്‍സുകളുടെ കൂമ്പാരം തന്നെ ഉണ്ടാക്കി. അദ്ദേഹം എപ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കണം. ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. എല്ലായ്‌പ്പോഴും ഐ.പി.എല്‍ പ്രകടനങ്ങളേക്കാള്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

ആഭ്യന്തര മത്സരങ്ങളില്‍ സ്ഥിരതയോടെ റണ്‍സ് നേടിക്കൊണ്ടിരിക്കണം, ഒരു മുഴുവന്‍ സീസണിലും കഠിനാധ്വാനം ചെയ്ത് റണ്‍സ് കണ്ടെത്തണം. എന്നാല്‍ ഐ.പി.എല്‍ ഒരു തരത്തിന് കുറുക്കുവഴിയാണ്. 50-60 ദിവസത്തോളം ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളില്‍ കളിച്ചാല്‍ മതി, പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായവും ലഭിക്കില്ല.

സര്‍ഫറാസിനെ നിരന്തരം ടീമില്‍ നിന്ന് ഒഴിവാക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. ശ്രീലങ്കയ്ക്കെതിരായ ഈ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന് ഗുണകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റായിഡു പറഞ്ഞു.

ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സായ് സുദര്‍ശന് പകരമായി എത്തിയ താരമാണ് സര്‍ഫറാസ് ഖാന്‍.
ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്‌സില്‍ നിന്ന് 371 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ ഇതുവരെ നേടിയത്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്‌സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ശേഷമായിരുന്നു സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറിയത്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

 

Content Highlight: Ambati Rayudu Talking About Sarfaraz Khan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ