പോര്‍ട്ട് വെല്‍ഹോ: ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്ത 22 മില്ല്യണ്‍ ഡോളര്‍ ധനസഹായം വേണ്ടെന്ന് ബ്രസീല്‍. കാരണം പറയാതെയാണ് ധനസഹായം വേണ്ടെന്ന് ബ്രസീല്‍ പ്രഖ്യാപിച്ചത്. ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടി തിങ്കാളാഴ്ച അവസാനിച്ചിരുന്നു.

ബ്രസീലിനെ കോളനിയെ പോലെയാണ് ഫ്രാന്‍സ് കരുതുന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ വിമര്‍ശിച്ചിട്ടുണ്ട്.

ആമസോണിലെ തീ നിയന്ത്രണ വിധേയമാണെന്ന് ബ്രസീല്‍ പ്രതിരോധമന്ത്രി ഫെര്‍ണാണ്ടോ അസെവ്‌ദോ പറഞ്ഞിരുന്നു. തീ കെടുത്താനും വനനശീകരണം തടയാനുമായി 44,000 സൈനികരെ ചുമതലപെടുത്തിയെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.

അതേസമയം ഫണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ബ്രസീല്‍ പരിസ്ഥിതി മന്ത്രിയായ റിക്കാര്‍ഡോ സാല്ലേസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ജി7 അംഗങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 22 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്.

കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബ്രസീല്‍ കാട്ടുതീ തടയാന്‍ സൈന്യത്തെ അയച്ചത്. പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയുടെ നേതൃത്വത്തില്‍ ഭരണകൂടം രാജ്യത്ത് വനനശീകരണത്തിന് കൂട്ടു നില്‍ക്കുന്നുവെന്നായിരുന്നു ആരോപണം.