മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ പുസ്തകത്തെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ആടുജീവിതത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ പങ്കാളിയായി എത്തുന്നത് അമല പോളാണ്. ഒരു ഇടവേളക്ക് ശേഷം അമല മലയാളത്തില്‍ ചെയ്യുന്ന കഥാപാത്രം കൂടെയാണ് ആടുജീവിതത്തിലെ ഈ വേഷം.

2021ല്‍ പാച്ച് ഡബ്ബിന് വേണ്ടി താന്‍ ചെന്നൈ സ്റ്റുഡിയോയില്‍ പോയപ്പോള്‍ സിനിമയുടെ ടീസര്‍ കണ്ടിരുന്നെന്നും എന്നാല്‍ അതിലെ പൃഥ്വിരാജിനെ തിരിച്ചറിഞ്ഞില്ലെന്നും പറയുകയാണ് അമല പോള്‍.

ആ ടീസറിലെ കഥാപാത്രമായി അഭിനയിച്ച നടന്‍ ആരാണെന്ന് താന്‍ ചോദിച്ചുവെന്നും പൃഥ്വിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം പറയുന്നു. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘2021ല്‍ പാച്ച് ഡബ്ബിന് വേണ്ടി ഞാന്‍ ചെന്നൈ സ്റ്റുഡിയോയില്‍ പോയി. ഞാന്‍ അന്ന് സിനിമയുടെ ടീസര്‍ കണ്ടു. അതില്‍ പൃഥ്വിയെ ഞാന്‍ തിരിച്ചറിഞ്ഞില്ല. ആ ടീസറിലെ കഥാപാത്രമായി അഭിനയിച്ച നടന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു.

പൃഥ്വിയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ആ ടീസര്‍ ഒന്നുകൂടെ പ്ലേ ചെയ്യാന്‍ പറഞ്ഞു. ആ സമയത്ത് ആരെയും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ ഈ സിനിമയില്‍ ചെറിയ ഭാഗത്ത് മാത്രമേയുള്ളു. എങ്കിലും ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ അമല പോള്‍ പറഞ്ഞു.

ആടുജീവിതത്തിന്റെ ഹണിമൂണ്‍ പേസിലുള്ള ആളാണ് താനെന്നും ഏറ്റവും നല്ല സമയമാണ് ചിത്രത്തില്‍ നിന്ന് തനിക്ക് കിട്ടിയതെന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ചിത്രം പ്രേക്ഷകര്‍ക്ക് ഒരുപാട് കണക്റ്റ് ആവുമെന്നും അമല പറയുന്നു

‘ആടുജീവിതത്തിന്റെ ഹണിമൂണ്‍ പേസിലുള്ള ആളാണ് ഞാന്‍. എനിക്ക് ഏറ്റവും നല്ല സമയമായിരുന്നു ആടുജീവിതത്തില്‍ കിട്ടിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂളിലാണ് ഞാന്‍ അഭിനയിച്ചിരുന്നത്.

കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. എല്ലാ സീനുകളും കാണുമ്പോള്‍ എനിക്ക് വലിയ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് തോന്നി. അതെന്തായാലും പ്രേക്ഷകര്‍ക്ക് വര്‍ക്കാവുമെന്ന് ഉറപ്പാണ്,’ അമല പോള്‍ പറയുന്നു.


Content Highlight: Amala Paul Talks About Prithviraj Sukumaran