തിരുവനന്തപുരം: 10 മിനിറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയ സ്ത്രീകള്‍ അതിനു മുതിര്‍ന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

അവരുടെ ഉദ്ദേശ്യം അയപ്പനെ കാണുക എന്നതല്ലായിരുന്നുവെന്നും ക്രമസമാധാനം തകര്‍ക്കാനാണ് അവരെത്തിയതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി.

ആരാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത്. പള്ളിയില്‍ പോകാത്ത ഒരു മുസ്ലിം സ്ത്രീ. അവരെന്താണു തെളിയിക്കാന്‍ ശ്രമിച്ചത്? പള്ളിയില്‍ പോകാത്ത മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയും ഉണ്ടായിരുന്നു.

ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് അവരങ്ങനെ ചെയ്തത്. 10 മിനിറ്റ് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്നതായിരുന്നു അവരുടെ ആവശ്യം. ഇതൊന്നും സ്വീകാര്യമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കണം -അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സുപ്രീം കോടതി വിധി സംബന്ധിച്ചു കൂടുതല്‍ പ്രതികരിക്കാനില്ല. നിലപാടു പാര്‍ട്ടി വിശദമാക്കിയതാണ്. അയ്യപ്പന്‍ എല്ലാവരുടെയും ദൈവമാണ്. ജനവികാരം അയ്യപ്പന്റെ കൂടെയാണ്.

കോടതി വിധിയുടെ പേരില്‍ അവിടേക്കു പോയത് വിശ്വാസികളല്ല. കൊച്ചിയില്‍ ഡിസ്‌കോ കളിച്ചു നടക്കുന്ന പെണ്‍കുട്ടിയെ പോലുള്ളവരാണ് വിധി നടപ്പാക്കാനെത്തിയതെന്നും കണ്ണന്താനം പറഞ്ഞു.


സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അധികാരമുണ്ട്; ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തള്ളി രാഹുല്‍ ഗാന്ധി


ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും കണ്ണന്താനം ഇന്നലെ ആഞ്ഞടിച്ചിരുന്നു. അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണ്. പിണറായി വിജയന്‍ അമിത് ഷായെ അധിക്ഷേപിച്ചു. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പറഞ്ഞത്. യഥാര്‍ഥ പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കണ്ണന്താനം ആരോപിച്ചിരുന്നു.

പലരെയും വെട്ടിത്താഴ്ത്തിയ ഓര്‍മയില്‍, പിണറായി വിജയന്‍ നടത്തുന്ന വെല്ലുവിളിയാണ് അമിത് ഷായ്‌ക്കെതിരായ പരാമര്‍ശമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കായബലം എങ്ങനെ ഉപയോഗിക്കണമെന്നു കാണിച്ചു തരാമെന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന്റേത്. പ്രധാനപ്പെട്ട ചര്‍ച്ചയെ താഴ്ത്തിക്കെട്ടാനാണ് തടിയെക്കുറിച്ചും പേശീബലത്തെക്കുറിച്ചുമെല്ലാം പറയുന്നത്. വ്യക്തിപരമായ അധിക്ഷേപം ജനാധിപത്യമൂല്യം തകര്‍ക്കും. മോശവും തരംതാണതുമായ ഭാഷയാണ് പിണറായി ഉപയോഗിച്ചെന്നും കണ്ണന്താനം കുറ്റപ്പെടുത്തിയിരുന്നു.