'നാണംകെട്ടവനെ..സൂര്യനാരായണാ..എഴുന്നേൽക്കടാ പട്ടി' തിയേറ്റർ തൂക്കി വില്ലന്റെ മാസ് ഡയലോഗ്
Malayalam Cinema
'നാണംകെട്ടവനെ..സൂര്യനാരായണാ..എഴുന്നേൽക്കടാ പട്ടി' തിയേറ്റർ തൂക്കി വില്ലന്റെ മാസ് ഡയലോഗ്
കെ.എസ് ഷാബിന
Tuesday, 16th June 2026, 9:44 am

മലയാളികളുടെ പ്രിയതാരം ‘മല്ലു അർജുൻ’ കേരളത്തിലെ തിയേറ്ററുകളെ വീണ്ടും ആവേശക്കടലാക്കുകയാണ്. തെലുങ്ക് സ്റ്റാർ അല്ലു അർജുൻ നായകനായി 2006-ൽ പുറത്തിറങ്ങിയ ‘ഹാപ്പി’എന്ന ചിത്രം വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്തപ്പോൾ വൻ വരവേൽപ്പാണ് കേരളക്കര നൽകുന്നത്. എ. കരുണാകരന്റെ സംവിധാനത്തിൽ തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാളത്തിലേക്ക് മൊഴിമാറ്റിയ വേർഷൻ ആണ് ഇപ്പോൾ റീ റിലീസ് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്ത സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ‘ജെൻ സി’ തലമുറയിലെ യുവാക്കളാണ് ഇപ്പോൾ ഈ സിനിമ തിയേറ്ററുകളിൽ ആഘോഷമാക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 90സ് കിഡ്സിനും ചിത്രം നൊസ്റ്റാൾജിയ നിറഞ്ഞതാണ്. മലയാളത്തിൽ നിലവിൽ റിലീസ് ചെയ്യുന്ന പല പുതിയ ചിത്രങ്ങളേക്കാൾ വലിയ ജനപിന്തുണയാണ് ഈ റീ റിലീസ് ചിത്രത്തിന് ലഭിക്കുന്നത്.

ഹാപ്പി.Photo:Times Of India

ജെനീലിയ നായികയായി എത്തിയ ചിത്രത്തിലെ പ്രണയവും കോമഡിയും നിറഞ്ഞ രംഗങ്ങൾക്കും പാട്ടുകൾക്കും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയാണ്. കൈയടികളോടെ അവരെ വരവേൽക്കുന്ന പ്രേക്ഷകർ നിമിഷനരം കൊണ്ട് തിയേറ്ററിനെ ഒരു ഡാൻസ് ഫ്ലോറാക്കി മാറ്റുന്നു.

എന്നാൽ നായകനും നായികയ്ക്കും ഒപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിലും തിയേറ്ററുകളിലും തരംഗമാകുന്നത് ചിത്രത്തിലെ വില്ലന്റെ ഒരു മാസ് ഡയലോഗാണ്.  ‘എന്റെ ഭക്ഷണം കഴിച്ചിട്ട് എങ്ങനെയുണ്ട്… എന്താ സാർ നമ്മൾ തമ്മിൽ കോംപ്രമൈസ് ആയി. ഇനി നിങ്ങൾ എന്ത് തന്നാലും ഞാൻ കഴിക്കില്ലേ? അപ്പോൾ പണം കിട്ടിയാൽ എന്ത് അപമാനവും നീ സഹിക്കും. നാണംകെട്ടവനെ… എഴുന്നേൽക്കടാ സൂര്യനാരായണാ… ഛീ, എഴുന്നേൽക്കടാ പട്ടി…’

ഹാപ്പി.Photo:Screengrab/Youtube

ഈ ഡയലോഗിന് വൻ കൈയ്യടിയാണ് തിയേറ്ററുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിലും രംഗം വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഈ ഡയലോഗ് ഉപയോഗിച്ചുള്ള ഇൻസ്റ്റാഗ്രാം റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഒരുകാലത്ത് ആളുകൾ ‘ക്രിഞ്ച്’ എന്ന് പറഞ്ഞ് കളിയാക്കിയിരുന്ന പല രംഗങ്ങൾ ഇന്ന് പ്രിയ താരം അല്ലുവിലൂടെ കാണുമ്പോൾ തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ആവേശം വിതറുകയാണ്. സിനിമയിലെ ഗാനരംഗങ്ങൾ വരുമ്പോൾ തിയേറ്ററുകളിൽ ലൈറ്റിട്ടുകൊണ്ട് ആരാധകർ കൂട്ടത്തോടെ നൃത്തം ചെയ്യുന്ന കാഴ്ചയാണ് എവിടെയും.

മറ്റൊരു തെലുങ്ക് നടനും കേരളത്തിൽ ലഭിക്കാത്ത തരത്തിലുള്ള വൻ വരവേൽപ്പാണ് അല്ലു അർജുന് മലയാളികൾ നൽകുന്നത്. ഈ വലിയ ആഘോഷത്തിന്റെ ഭാഗമാകാൻ സിനിമാപ്രേമികൾ ഇപ്പോഴും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയാണ്.

Content Highlight: Allu Arjun movie Happy rerelease box office response Kerala

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.