ഭുവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുസ്‌ലിം ദമ്പതികളെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. സ്വയം പ്രഖ്യാപിത ഗോ സംരക്ഷക സംഘമാണ് ദമ്പതികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
മുട്ടുകുത്തിക്കുകയും നിര്‍ബന്ധപൂര്‍വം ‘ജയ് ശ്രീറാം’, ‘ജയ് ഗോമാതാ’ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ബീഫ് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകള്‍ ദമ്പതികളെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഇവരെ റോഡില്‍ മുട്ടുകുത്തിക്കുകയും കാതുകളില്‍ പിടിച്ച് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. നാട്ടുകാരും കൂടി ആക്രമി സംഘത്തോടൊപ്പം നിന്നതോടെ സംഭവം നിയന്ത്രണാധീതമാവുകയായിരുന്നു. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും സംഘം ജയ്ശ്രീരാം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായും വീഡിയോയില്‍ കാണാം.
സംഭവസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന സമയത്താണ് ദമ്പതികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒഡീഷയില്‍ ഗോവധ നിരോധന നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് തലസ്ഥാന നഗരിയില്‍ തന്നെ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlight: Allegation of possessing beef: Muslim couple attacked by cow vigilantes in Odisha; forced to kneel and chant ‘Jai Shri Ram’.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.