തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടികൊണ്ടും സകല റെക്കോർഡുകൾ മറികടന്നുകൊണ്ടും ഗിരീഷ് എ.ഡിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 2026ൽ ഓണം റിലീസായി കൊണ്ടാണ് ചിത്രം എത്തിയിരുന്നത്. 25 കോടിയിൽ നിർമിച്ച ചിത്രം തിയേറ്ററിൽ നിന്നും മാത്രമായി 325 കോടിയോളം കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ വിജയത്തിന് പിന്നാലെ സംവിധായകൻ ഗിരീഷ് എ.ഡി. അടുത്ത സിനിമയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നും എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. ഗിരീഷ് അടുത്തതായി ഒരു സിനിമ സെറ്റ് ചെയ്യുകയാണെന്നും അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം തന്നെ പറയുന്നതായിരിക്കും ഉചിതമെന്നും ആകാശ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ആകാശ് ജോസഫ് വർഗീസ്,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube. IMDb
‘ഗിരീഷിന്റെ പടങ്ങൾ നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസിലാകും, വലിയ ഹൈപ്പ് അങ്ങനെയൊന്നും ഇല്ല. ബെത്‌ലഹേമിന്റെ പരിപാടികൾ എടുത്തുനോക്കിയാൽ തന്നെ കാണാം. ഒരുപാട് കണ്ടന്റുകളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. ഒരു ട്രെയിലർ, ഒരു വീഡിയോ സോങ്, അങ്ങനെ കുറച്ച് കാര്യങ്ങൾ മാത്രമേ വന്നിട്ടുള്ളൂ. ഹൈപ്പില്ലാതെ സൈലന്റായി വരുന്നത് കുറച്ചുകൂടി കംഫർട്ടബിളുമാണ്,’ ആകാശ് ജോസഫ് പറഞ്ഞു.
അതേസമയം, ഗിരീഷ് എ.ഡി. തന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടെന്നും ആകാശ് പറയുന്നു. നമുക്ക് തന്നെ കഴിവുള്ള ഴോണറിൽ കൂടുതൽ മികച്ച സിനിമകൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും ആകാശ് പറഞ്ഞു.
‘ഗിരീഷ് എപ്പോഴും എനിക്ക് തരുന്ന അഡ്വൈസ് എന്താണെന്ന് വെച്ചാൽ, നമ്മൾ ഇപ്പോൾ ഈ പറഞ്ഞ ഒരു പരിപാടിയിൽ മാസ്റ്ററായി നിൽക്കുന്നുണ്ടെങ്കിൽ അതിൽ സ്ട്രോങ്ങായി നിൽക്കുക, അത് കണ്ടിന്യൂ ചെയ്യുക എന്നാണ്. പ്രേമലു കണ്ട് ഇഷ്ടപ്പെട്ട ആളുകൾക്ക് ഇഷ്ടപ്പെടുന്ന അതേ പരിപാടി തന്നെയാണ് നമ്മൾ ബെത്‌ലഹേമിലും കാണിച്ചത്,’ ആകാശ് പറഞ്ഞു.
അതുകൊണ്ടുതന്നെ ഒരു സിനിമ വിജയിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ മറ്റൊരു ഴോണറിലേക്ക് മാറണമെന്ന് നിർബന്ധമില്ലെന്നും ആകാശ് പറയുന്നു. ഓരോ ഴോണറിലും കഴിവുള്ള ആളുകളുണ്ടെന്നും, നമുക്ക് ഏറ്റവും ശക്തമായ മേഖലയിൽ തന്നെ തുടരുകയാണ് കൂടുതൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മൾ ഇനി വേറെ പരിപാടി ചെയ്യാം എന്ന് പറഞ്ഞ് പോകേണ്ട ആവശ്യമില്ല. വേറെ ഴോണറുകളിലുള്ള സിനിമകൾ ചെയ്യാൻ ആളുകളുണ്ട്. നമ്മൾ ഇതിൽ സ്ട്രോങ്ങാണെങ്കിൽ നമ്മൾ ഇതിൽ തന്നെ നിൽക്കുക എന്നുള്ളതാണ്,’ ആകാശ് പറഞ്ഞു.
‘പ്രേമലു’വിന് ശേഷം വലിയൊരു കൂട്ടം പ്രേക്ഷകർ ഒരുമിച്ച് ആസ്വദിച്ച സിനിമ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആകാശ് കൂട്ടിച്ചേർത്തു. ചിത്രത്തിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്കൊപ്പം റിപ്പീറ്റ് ഓഡിയൻസിന്റെ എണ്ണവും ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
‘പലരും എന്നോട് പറഞ്ഞിട്ടുണ്ട്, പ്രേമലുവിന് ശേഷം ഇത്രയും കൂട്ടത്തോടെ ആളുകൾ ആസ്വദിച്ച പടം ബെത്‌ലഹേം ആയിരിക്കുമെന്ന്. ഇതിന് ഭയങ്കര റിപ്പീറ്റ് വാല്യുവുണ്ട്. കുറെ റിപ്പീറ്റ് ഓഡിയൻസും വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഗിരീഷിന്റെ സ്ട്രോങ്ങ് പോയിന്റ് അതാണ്. അതിൽ തന്നെ നിൽക്കണം എന്നാണ് എന്റെ ആഗ്രഹം. ഗിരീഷിനും അങ്ങനെ തന്നെയാണ് ആഗ്രഹം എന്നാണ് ഞാൻ കരുതുന്നത്,’ ആകാശ് പറഞ്ഞു.
Content Highlight: Akash joseph talks about gireesh A.D Movies
