കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി സി.പി.ഐ.എം അംഗമാണെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

“ആകാശ് പാര്‍ട്ടി അംഗമല്ലെന്ന് ഞങ്ങളാരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, ഷുഹൈബ് വധക്കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന കാര്യം പാര്‍ട്ടി അന്വേഷിക്കും. പൊലീസും സി.ബി.ഐയുമൊക്ക ഇപ്പോള്‍ സി.പി.എമ്മിലെ പലരേയും പ്രതികളാക്കുന്നുണ്ടല്ലോ. അവരെല്ലാം യഥാര്‍ത്ഥ പ്രതികളാണോയെന്ന് പാര്‍ട്ടി അന്വേഷിക്കും” ജയരാജന്‍ പറഞ്ഞു.

സമരനാടകം തുടരാന്‍ വേണ്ടിയാണ് യു.ഡി.എഫ് ഇന്ന് സര്‍വകക്ഷിയോഗം ബഹിഷ്‌കരണ നാടകം നടത്തിയത്. അങ്ങേയറ്റം പരിഹാസ്യമായ നാടകമാണത്. ഇതിന് കൂടെക്കൂടാന്‍ മുസ്‌ലിം ലീഗും ചേര്‍ന്നത് പരിതാപകരമാണെന്നും ജയരാജന്‍ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന വെളിപ്പെടുത്തലുമായി ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് രംഗത്തെത്തിയിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയതെന്നും ആകാശിന്റെ ശരീരപ്രകൃതി ഇല്ലാത്തവരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നും നൗഷാദ് പറഞ്ഞിരുന്നു.