2027 -ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ആദ്യ ആറ് സ്ഥാനങ്ങളിൽ കളിക്കുന്നത് കഴിഞ്ഞ ലോകകപ്പിലെ അതേ താരങ്ങൾ തന്നെയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഇതിൽ ആറാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം താരത്തിന്റെ ഫോം നഷ്ടപ്പെട്ട ഒരു ഘട്ടം ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇത്തരമൊരു അഭിപ്രായം ചോപ്ര മുൻപോട്ട് വെച്ചത്.

‘ബാറ്റിങ് ഓർഡർ പരിശോധിച്ചാൽ 2023-ലേതും 2027-ലേതും തമ്മിൽ വ്യത്യാസമെന്നും കാണാൻ സാധിക്കില്ല. 2023-ലെ പോലെ തന്നെ രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ഓപ്പണർമാർ. രണ്ടുപേരും മികച്ച ഫോമിലാണ്.

ലോകകപ്പ് വരെ അവർ ഈ ഫോം തുടരുമെന്ന് ഞാൻ കരുതുന്നു. മൂന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. അദ്ദേഹത്തിന്റെ ഫോമിൽ മാറ്റം സംഭവിക്കുമെന്നും, അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുമെന്നും ഞാൻ കരുതുന്നില്ല.

ആകാശ് ചോപ്ര, ഹർദിക് പാണ്ഡ്യ

ശ്രേയസ് അയ്യരുടെ കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ഇന്നത്തെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. അഞ്ചാം സ്ഥാനത്ത് കെ.എൽ. രാഹുൽ തന്നെയാണ്. അതിലൊരു സംശയവുമില്ല.

ആറാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യയെയാണ് ഞാൻ കരുതുന്നത്. ആ റോൾ ചെയ്യാൻ കഴിവുള്ള ഒരേയൊരു താരം അദ്ദേഹമാണ്. ഹർദിക് മോശം ഫോമിലായി ഞാൻ ഇതുവരെ കണ്ടിട്ടില്ല, അതുകൊണ്ടുതന്നെ ആറാം സ്ഥാനത്ത് അദ്ദേഹം ടീമിന് അത്രയേറെ നിർണായകമാണ്,’ ചോപ്ര അഭിപ്രായപ്പെട്ടു.

2023 ലെ ഏകദിന ലോകകപ്പിൽ സീം ബൗളിങ് ഓൾറൗണ്ടറുടെ റോളിൽ ഹർദിക് പാണ്ഡ്യ കളിച്ചു, ബംഗ്ലാദേശിനെതിരായ ലീഗ് മത്സരത്തിനിടെ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ടൂർണമെന്റിലെ ബാക്കി മത്സരങ്ങളിൽ നിന്നും ഹർദിക് പുറത്താവുകയായിരുന്നു.

32 കാരനായ താരം 2025 മാർച്ച് മുതൽ ഏകദിന മത്സരങ്ങളൊന്നും കളിച്ചില്ല. പരിക്കുകാരണം ഈ കഴിഞ്ഞ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലും ഹർദിക്കിന് മാറി നിൽക്കേണ്ടി വന്നു. 2027 ലെ ഏകദിന ലോകകപ്പിൽ പരിക്കുകൾ മാറി ഹർദിക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Content Highlights : Akash Chopra predict 2027 world cup players