മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുകയും, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടൻ ആണ് അജു വർഗീസ്. ഇപ്പോഴിതാ, മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയുടെ റിലീസിന് ശേഷം, ചിത്രത്തിൽ അഭിനയിച്ച എല്ലാവരും കൂടി പുതിയൊരു സിനിമയുടെ ഓഡിഷന് പോയ അനുഭവവും, ആ സമയത്ത് താൻ ഒരു ഡയലോഗ് തെറ്റിച്ചു പറഞ്ഞതിനാൽ കൂടെ വന്നവർക്കും അവസരം നഷ്ടപ്പെട്ടതിന്റെ രസകരമായ ഓർമയും പങ്കുവെക്കുകയാണ് അജു വർഗീസ്.
മീഡിയ വൺ ഷോ മാളിന് മുമ്പ് നൽകിയ അഭിമുഖത്തിലെ ഈ ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
‘മലർവാടി ആർട്സ് ക്ലബ്ബ് കഴിഞ്ഞ സമയത്ത് ഫാസിൽ സർ ലിവിങ് ടുഗെദർ എന്ന സിനിമയ്ക്ക് വേണ്ടി ഓഡിഷൻ നടത്തുന്നുണ്ടെന്ന് അറിഞ്ഞു. അങ്ങനെ അന്ന് ഞങ്ങൾ അഞ്ചുപേരും കൂടെ വണ്ടിയെടുത്ത് ആലപ്പുഴയിലുള്ള സാറിന്റെ വീട്ടിലേക്ക് പോയി. സ്വാഭാവികമായും മലർവാടി എന്ന സിനിമയോടും അത് സംവിധാനം ചെയ്ത വിനീതേട്ടനോടും ഒക്കെയുള്ള സ്നേഹം ഞങ്ങൾക്ക് പകർന്നു കിട്ടാറുണ്ട്. അത് മാക്സിമം ഞങ്ങൾ മുതലെടുക്കാറുമുണ്ട്,’ നടൻ പറഞ്ഞു.
അന്ന് സംവിധായകൻ ഫാസിൽ അഭിനയിച്ചു കാണിച്ചതുപോലെ ചെയ്താൽ മതിയെന്ന് പറഞ്ഞെന്നും, അതിൽ ഒരു മൂവ്‌മെന്റോടെ ഉള്ള ഡയലോഗ് പറയേണ്ട സീൻ അഭിനയിക്കാൻ തനിക്ക് മാത്രം അല്പം ബുദ്ധിമുട്ടേണ്ടി വന്നെന്നും ഓർത്തെടുക്കുകയാണ് അജു വർഗീസ്.
‘അങ്ങനെ സാറിന്റെ വീട്ടിൽ പോയി അഭിനയിക്കേണ്ട സീനൊക്കെ കാണിച്ചു തന്നു. ഓരോരുത്തരായി അത് ചെയ്തു തുടങ്ങി. അപ്പോൾ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് രാധിക എന്നാണ്. ഫാസിൽ സർ അഭിനയിച്ചു കാണിച്ചുതന്ന അതേപോലെ അഭിനയിക്കാനാണ് പറഞ്ഞത്.
അങ്ങനെ നിവിനും ശ്രാവണും ഭഗതും ഒക്കെ ചെയ്തു, അടുത്തത് എന്റെ ഊഴമായിരുന്നു. അതായത് ആദ്യം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് നടന്ന് ഡയലോഗ് പറഞ്ഞ് സൈഡിലേക്ക് തിരിയണം, പിന്നെ ബാക്കോട്ട് തിരിച്ചു നടക്കണം. ചെറിയൊരു കൊറിയോഗ്രഫി ഉണ്ടായിരുന്നു. ഇന്ന് ഇതൊക്കെ ചെയ്യാൻ എളുപ്പമാണ്, പക്ഷെ അന്ന് തുടക്കകാലമല്ലേ. ഞാൻ ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണി മുന്നോട്ട് വരും, അപ്പോഴേക്കും പറയാനുള്ള ഡയലോഗ് മറക്കും. പിന്നെയും ഒന്നുകൂടെ ചെയ്യും.
ഒടുവിൽ മൂവ്‌മെന്റ് കറക്റ്റാക്കി ഡയലോഗ് പറഞ്ഞപ്പോൾ കഥാപാത്രത്തിന്റെ പേര് താൻ തെറ്റിച്ചു പറയുകയായിരുന്നുവെന്നും, ആ ഒരു കാരണം കൊണ്ട് താനടക്കം കൂടെവന്ന അഞ്ചുപേർക്കും അവസരം നഷ്ടപ്പെട്ടുവെന്നും അജു വർഗീസ് പറഞ്ഞു.
‘അങ്ങനെ അവസാനം ഡയലോഗും മൂവ്‌മെന്റും ഒക്കെ കറക്റ്റായി വന്നു. തിരിഞ്ഞുനിന്ന് ശ്യാമയോട് പറയണം എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്, അപ്പോൾ ഫാസിൽ സർ പറഞ്ഞു, എടോ കഥാപാത്രത്തിന്റെ പേര് രാധിക എന്നാണ് എന്ന്. അന്ന് ഔട്ട് ആയി, ഞാൻ കാരണം കൂടെ വന്ന നിവിൻ പോളി അടക്കം ഞങ്ങൾ അഞ്ചുപേർക്കും അവസാനം തിരിച്ചു പോരേണ്ടി വന്നു,’ അജു വർഗീസ് പറഞ്ഞു.