ഹാഷിറിന്റെ ആ റീലില്‍ എന്താണ് കോമഡിയെന്ന് ആദ്യം മനസിലായില്ല, ഒരുപാട് വട്ടം ഇരുന്ന് കണ്ടു: അജു വര്‍ഗീസ്
Malayalam Cinema
ഹാഷിറിന്റെ ആ റീലില്‍ എന്താണ് കോമഡിയെന്ന് ആദ്യം മനസിലായില്ല, ഒരുപാട് വട്ടം ഇരുന്ന് കണ്ടു: അജു വര്‍ഗീസ്
അമര്‍നാഥ് എം.
Wednesday, 8th April 2026, 7:08 am

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് നടന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ആദ്യചിത്രം ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്. വാഴയുടെ ആദ്യഭാഗത്തിന്റെ അതേ പാറ്റേണിലാണ് രണ്ടാം ഭാഗത്തിന്റെയും കഥ പറഞ്ഞുപോകുന്നത്. ഏതൊരു ചെറുപ്പക്കാരനും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥപറച്ചിലാണ് വാഴയുടെ വിജയത്തിന് പിന്നില്‍.

ഒരുകൂട്ടം ചെറുപ്പക്കാരുടെ കുട്ടിക്കാലം മുതല്‍ കോളേജ് കാലഘട്ടം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയവര്‍ക്കൊപ്പം സീനിയര്‍ താരങ്ങളും വാഴ 2ല്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ കഥാപാത്രവും ചിത്രത്തില്‍ അത്യാവശ്യം നല്ല ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു അജു വര്‍ഗീസ് അവതരിപ്പിച്ച മനോജ് സാര്‍.

അജു വര്‍ഗീസ് Photo: Screen grab/ Potrayal by Gaddafi

സ്‌കൂളില്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും പ്രിയപ്പെട്ട അധ്യാപകരുടെ മാതൃകയിലാണ് അജു മനോജ് സാറിനെ അവതരിപ്പിച്ചത്. വാഴ 2 ചെയ്യുന്ന സമയത്ത് താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ഹാഷിറും ഗ്യാങ്ങുമാണ് പ്രധാന വേഷം ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ അവരുടെ തമാശകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചെന്ന് അജു പറഞ്ഞു. പോര്‍ട്രേയല്‍സ് ബൈ ഗദ്ദാഫി ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഹാഷിറും ടീമുമാണ് ഈ പടത്തില്‍ ലീഡെന്നറിഞ്ഞപ്പോള്‍ അവരുടെ ഓരോ റീലും ഇരുന്ന് കണ്ടിട്ടുണ്ടായിരുന്നു. കാരണം, അതിലെ തമാശയുടെ എലമെന്റ് എന്താണെന്ന് എനിക്ക് പഠിക്കണം. ആദ്യമൊക്കെ കാണുമ്പോള്‍ എന്താണ് തമാശ എന്ന് കുറച്ച് നേരം ഇരുന്ന് ചിന്തിക്കും. അതിലൊന്നായിരുന്നു ഹാഷിറും അലനും മന്തിക്കടയില്‍ പോകുന്ന റീല്‍.

ഹാഷിര്‍ Photo: Hashiree/ Instagram

ആ റീലിലെ തമാശ മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. പിന്നീടാണ് അത് ഇപ്പോഴത്തെ പിള്ളേര്‍ വളര്‍ന്നുവരുന്ന സാഹചര്യം അങ്ങനെയാണ്. നമ്മള് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് ലൈമും പഫ്‌സുമാണ് പ്രധാന ഫുഡ് ഐറ്റം. സുധീഷേട്ടന്റെ കാലത്താണെങ്കില്‍ കട്ടന്‍ചായയും പരിപ്പുവടയുമായിരിക്കും. ഇന്നത്തെ പിള്ളേര്‍ക്ക് അത് മന്തിയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഓഡിയന്‍സിന് അത്തരം റീലുകള്‍ കണക്ടാകുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

അതേസമയം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 80 കോടിയോളമാണ് വാഴ 2 നേടിയത്. ആദ്യവീക്കെന്‍ഡില്‍ തന്നെ 50 കോടിയോളം നേടിയ ചിത്രം ഈ വര്‍ഷം മോളിവുഡിലെ രണ്ടാമത്തെ 100 കോടിയായി വാഴ 2 മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ആദ്യഭാഗത്തിന് തിരക്കഥയൊരുക്കിയ വിപിന്‍ ദാസാണ് രണ്ടാം ഭാഗത്തിന്റെയും കഥ ഒരുക്കിയത്.

Content Highlight: Aju Varghese about the reels of Haashir and Gang

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം