ഞാന്‍ അവന്റെ നന്‍പന്‍, അവന്റെ അണ്ണനാണ് ചെന്നൈയിലുള്ളത്, പുള്ളിക്ക് പണികിട്ടും: അജു വര്‍ഗീസ്
Malayalam Cinema
ഞാന്‍ അവന്റെ നന്‍പന്‍, അവന്റെ അണ്ണനാണ് ചെന്നൈയിലുള്ളത്, പുള്ളിക്ക് പണികിട്ടും: അജു വര്‍ഗീസ്
അമര്‍നാഥ് എം.
Saturday, 25th July 2026, 4:40 pm

ഓണ്‍ സ്‌ക്രീനിലെ സൗഹൃദവും വൈബും ഓഫ് സ്‌ക്രീനിലും കാണിക്കുന്ന താരങ്ങളാണ് ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍. അടി കപ്യാരേ കൂട്ടമണി മുതല്‍ ആരംഭിച്ച ഈ സൗഹൃദം ഇന്നും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഒന്നിച്ചുള്ള അഭിമുഖങ്ങളിലെല്ലാം പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും പരമാവധി എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്.

അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങിനിടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ഇന്‍ഡയറക്ടായി കളിയാക്കിക്കൊണ്ട് സംസാരിച്ചതാണ് ചര്‍ച്ചയായത്. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം മുന്‍നിരയില്‍ നവ്യ നായര്‍ ഉണ്ടായിരിക്കണമെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

അജു വര്‍ഗീസ്, നീരജ് മാധവ് Photo: Screen grab/ Ginger Media entertainment

തമിഴ് സിനിമാപേജുകളും വിജയ് ആരാധകരും ധ്യാനിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തി. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസും നീരജ് മാധവും. ധ്യാനിന്റെ സുഹൃത്തായതിനാല്‍ അജുവിന് ഇനി തമിഴ് സിനിമയില്‍ ചാന്‍സ് ലഭിക്കില്ലെന്ന് നീരജ് തമാശരൂപേണ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

‘എനിക്ക് വലിയ സീനില്ല. ഞാന്‍ അവന്റെ വെറും നന്‍പന്‍. അവന്റെ ചേട്ടനാണ് എട്ടിന്റെ പണി കിട്ടാന്‍ പോകുന്നത്. പുള്ളി ചെന്നൈയുടെ ആളല്ലേ. ഏതെങ്കിലും ചായക്കടയില്‍ ചെന്നിട്ട് ‘അണ്ണേ, ഒരു ടീ’ എന്ന് പറയുമ്പോള്‍ ‘ഡേയ് നീ അന്ത ധ്യാനുടെ അണ്ണന്‍ താനേ, കെട്ടി പോടഡാ ഇവനെ’ എന്ന് പറഞ്ഞ് പുള്ളിയെ അവിടെ കെട്ടിയിടാന്‍ ചാന്‍സുണ്ട്,’ അജു വര്‍ഗീസ് തമാശരൂപേണ പറഞ്ഞു.

എന്നാല്‍ ധ്യാന്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം തമാശകള്‍ പറയുന്നതെന്നും അജു പറയുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നല്ല അറിവുള്ളയാളാണ് ധ്യാനെന്നും ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ ഇങ്ങനെ മണ്ടന്‍ കളിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു എന്റര്‍ടൈന്മെന്റാണ് അതിലൂടെ ധ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അജു പറഞ്ഞു.

‘ഫ്രീഡം ഉള്ളിടത്തേ ധ്യാന്‍ ഇങ്ങനെ പറയാറുള്ളൂ. ഞാനും ഭഗത്തും ധ്യാന്‍ പറയുന്നത് കേട്ട് ചിരിക്കുകയായിരുന്നു. അവന്‍ ഈ പറയുന്നത് തമാശയായിട്ടാണെന്നും അതിനെ അത്ര സീരിയസായി എടുക്കണ്ടെന്നും അവനെ അറിയാവുന്നര്‍ക്ക് മനസിലാകും. അതാണ് ആ സ്റ്റേജിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese about Dhyan Sreenivasan’s comment on Vijay

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം