ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം അജിന്‍ക്യാ രഹാനെ. ശ്രീലങ്കയില്‍ ആദ്യ ദിവസം ബാറ്റ് ചെയ്യാന്‍ സുഖമാണെന്നും എന്നാല്‍ അമിതമായി പ്രതിരോധിച്ച് കളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ലങ്ക സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റുകള്‍ ഒരുക്കുമെന്നും അവര്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ടെന്നും രഹാനെ പറഞ്ഞു.
‘ശ്രീലങ്കയില്‍ പൊതുവെ ആദ്യ ദിവസം ബാറ്റ് ചെയ്യാന്‍ വിക്കറ്റ് വളരെ മികച്ചതായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ബാറ്ററെന്ന നിലയില്‍ ബൗളര്‍മാരെക്കാള്‍ മുകളില്‍ നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. ശ്രീലങ്കയില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യമാണിത്.
നിങ്ങള്‍ക്ക് അമിതമായി പ്രതിരോധിച്ച് കളിക്കാനാകില്ല. ഒരുപക്ഷേ കൂടുതല്‍ സജീവമായി കളിക്കേണ്ടിവരും. കാരണം, അവര്‍ സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റുകള്‍ ഒരുക്കും. ശ്രീലങ്കന്‍ ടീമിലാകട്ടെ മികച്ച സ്പിന്നര്‍മാരുമുണ്ട്,’ രഹാനെ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. സന്നാഹ മത്സരത്തിന് മുന്നോടിയ പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.