ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ അവന് അനുയോജ്യമാണ്: രഹാനെ
Cricket
ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ അവന് അനുയോജ്യമാണ്: രഹാനെ
സുദേവ് എ
Thursday, 13th August 2026, 8:38 pm

ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. ശ്രീലങ്കയിലെ സാഹചര്യം പടിക്കലിന് ഏറെ അനുയോജ്യമാണെന്നാണ് രഹാനെ പറഞ്ഞത്. എല്ലാ ഫോര്‍മാറ്റുകളിലും പടിക്കല്‍ മികച്ചതാണെന്നും വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ താരത്തിന് സാധിക്കുമെന്നും രഹാനെ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ഏറെ അനുയോജ്യമാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ തുടക്കത്തിലുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരിക്കല്‍ സെറ്റായാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും കളിക്കാന്‍ അദ്ദേഹത്തിന് മികച്ച ഷോട്ടുകളുണ്ട്. മൂന്നാം നമ്പര്‍ പൊസിഷനില്‍ ബാറ്റ് ചെയ്യുന്ന താരം വേഗത്തില്‍ റണ്‍സ് നേടുന്നത് വളരെ പ്രധാനമാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ മത്സരത്തില്‍ ടീമിന് മേല്‍കൈ നേടാന്‍ സാധിക്കും.

ഇപ്പോള്‍ പടിക്കല്‍ മികച്ച ഫോമിലാണ്. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം മികച്ചതാണ്. സ്വന്തം ഫോമില്‍ വിശ്വസിക്കുകയും അനാവശ്യമായ സമ്മര്‍ദം ഒഴിവാക്കുകയും ചെയ്യണം. എങ്ങനെ റണ്‍സ് നേടണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. കട്ട്, സ്വീപ്പ് എന്നീ ഷോട്ടുകള്‍ കളിക്കാനും സ്പിന്നര്‍മാര്‍ക്കെതിരെ മുന്നോട്ട് ഇറങ്ങി അറ്റാക്ക് ചെയ്യാനും അദ്ദേഹത്തിന് കഴിയും,’ അജിന്‍ക്യ രഹാനെ പറഞ്ഞു.

ഈ പരമ്പരക്ക് മുന്നോടിയായുള്ള ടെസ്റ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി പടിക്കല്‍ തിളങ്ങിരുന്നു. കൊളംബോയില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു പടിക്കലിന്റെ സെഞ്ച്വറി നേട്ടം.

121 പന്തില്‍ 103 റണ്‍സാണ് താരം നേടിയത്. 13 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സെഞ്ച്വറി നേടി ക്രീസില്‍ തുടരവെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. താരത്തിന്റെ ഈ മിന്നും പ്രകടനം പരമ്പരയിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

 

Content Highlight: Ajinkya Rahane talks about Devdutt Padikkal

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.