ചാരനായ് ടൊവിനോയും പൃഥ്വിയും, കുഞ്ചാക്കോയും, അക്ഷയ് ഖന്നക്ക്പകരം പാപ്പമാ ട്യൂണിട്ട് സീന്‍ തൂക്കുന്ന ജയറാമേട്ടന്‍; വൈറലായി ധുരന്ധര്‍ മലയാളം വേര്‍ഷന്‍
Malayalam Cinema
ചാരനായ് ടൊവിനോയും പൃഥ്വിയും, കുഞ്ചാക്കോയും, അക്ഷയ് ഖന്നക്ക്പകരം പാപ്പമാ ട്യൂണിട്ട് സീന്‍ തൂക്കുന്ന ജയറാമേട്ടന്‍; വൈറലായി ധുരന്ധര്‍ മലയാളം വേര്‍ഷന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 3rd February 2026, 10:29 am

തിയേറ്ററുകളില്‍ രാജകീയ തേരോട്ടം നടത്തി 1400 കോടിയോളം രൂപ കളക്ഷന്‍ നേടി ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ഹംസ അലിയെന്ന ചാരന്റെ കഥ പറയുന്ന ചിത്രം 150 കോടിയോളം മുടക്കി നെറ്റ്ഫ്‌ളിക്‌സ് ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പാകിസ്താനും യു.എ.ഇയും ബംഗ്ലാദേശുമടക്കം മുപ്പത്തിരണ്ടോളം രാജ്യങ്ങളില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ മുഖം മാറ്റി അതേ കഥാപാത്രം മറ്റ് താരങ്ങള്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന പരീക്ഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്. ഈ ട്രെന്‍ഡ് ഫോളോ ചെയ്ത് കൊണ്ട് ധുരന്ധര്‍ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പൃഥ്വിരാജും ടൊവിനോയും ധുരന്ധറില്‍ അഭിനയാച്ചാല്‍ എ.ഐ യുടെ ഭാവനയില്‍. Photo: cinewood 007/ facebook.com

ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അവതരിപ്പിച്ച പ്രധാനകഥാപാത്രം ഹംസ അലിയുടെ സ്ഥാനത്തേക്ക് മലയാളത്തിലെ മുന്‍നിര താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ മുഖം വെച്ചുള്ള എ.ഐ ഫോട്ടോസാണ് കൂടുതലും. മലയാളത്തിലാണ് ചിത്രം നിര്‍മിക്കുന്നതെങ്കില്‍ ഇവര്‍ മികച്ച രീതിയില്‍ വേഷം കൈകാര്യം ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

ചിത്രം തിയേറ്ററില്‍ ഇറങ്ങി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ട്രെന്‍ഡായ കഥാപാത്രമായിരുന്നു അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദിക്കൈത്ത് എന്ന കഥാപാത്രം. കാറില്‍ നിന്നിറങ്ങിയിട്ടുള്ള താരത്തിന്റെ നൃത്തരംഗങ്ങളും ട്രെയ്‌ലറിലെ വയലന്‍സ് രംഗങ്ങളും വലിയ രീതിയില്‍ വൈറലായിരുന്നു. ഈ കഥാപാത്രത്തിനായി മലയാളത്തിന്റെ ജനപ്രിയ നടന്‍ ജയറാമിനെ മാത്രമാണ് സോഷ്യല്‍ മീഡിയ തെരഞ്ഞെടുത്തത്. ഹിന്ദി ഗാനത്തിന് പകരം ജയറാമിന്റെ കരിയറിലെ സെന്‍സേഷനായ സലാം കശ്മീരിലെ പാപ്പമാ എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായിരിക്കുമെന്നും കമന്റുകളുണ്ട്.

സജ്ഞയ് ദത്ത് അവതരിപ്പിച്ച എസ്.പി ചൗധരി അസ്‌ലം എന്ന കഥാപാത്രത്തിന് രണ്ട് പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിജു മേനോനും, സുരേഷ് ഗോപിയും. ലുക്ക് കൊണ്ട് ബിജു മേനോന്‍ കൈയടി നേടുന്നുണ്ടെങ്കിലും സജ്ഞയ് ദത്ത് അവതരിപ്പിച്ച അതേ ഓറയോട് കൂടി മലയാളത്തില്‍ അവതരിപ്പിക്കാന്‍ പറ്റുക സുരേഷ് ഗോപിക്കാണെന്നാണ് അഭിപ്രായം.

ബിജു മേനോനും സുരേഷ് ഗോപിയും സജ്ഞയ് ദത്തിന്റെ കഥാപാത്രമായാല്‍. Photo: cinewood007/ Aattiprakkil Jimmy/ Facebook.com

സാറാ അര്‍ജുന്‍ അവതരിപ്പിച്ച യലിന ജമാലി എന്ന കഥാപാത്രത്തിനും പകരക്കാരുണ്ട്. നസ്രിയ നസീമിനെയും സര്‍വ്വം മായ ഫെയിം പ്രീതി മുകുന്ദനെയും അമലാ പോളിനെയുമാണ് സോഷ്യല്‍ മീഡിയയുടെ സെലക്ഷന്‍. അല്പം പരിഹാസത്തോടെയാണ് കുഞ്ചാക്കോയെ ഹംസയായി അവതരിപ്പിച്ചിരുന്നതെങ്കിലും ആര്‍ മാധവന്‍ അവതരിപ്പിച്ച അജയ് സന്യാല്‍ എന്ന കഥാപാത്രം താരത്തിന് പെര്‍ഫക്ട് കാസ്റ്റ് ആയിരിക്കുമെന്നാണ് എ.ഐ ഫോട്ടോ സൂചിപ്പിക്കുന്നത്.

Content Highlight: Ai generated images of Dhurandhar cast with Malayalam actors goes viral

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.