അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അടി റിലീസിനൊരുങ്ങുകയാണ്. വേ ഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ അവതാരകക്ക് അഹാന കൃഷ്ണ കൊടുത്ത മറുപടി ശ്രദ്ധ നേടുകയാണ്. ബിഹൈന്‍വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹശേഷം അഭിനയിക്കുന്നതിനെ പറ്റി അഹാന പറഞ്ഞത്.

ഒരു ക്ലീഷേ ചോദ്യമാണ്, എങ്കിലും ചോദിക്കുകയാണ്, വിവാഹം കഴിഞ്ഞാലും ഈ സ്‌ക്രീനില്‍ ഇതേ പോലെ, എന്ന് പറഞ്ഞ് അവതാരക ചോദ്യം പൂര്‍ത്തിയാക്കും മുമ്പേ ഒറ്റ അടി വെച്ചുതരും എന്നാണ് അഹാന പറഞ്ഞത്.

‘ക്ലീഷേയോ, ചവറ് ചോദ്യവുമായി വന്നിരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് ഒരടി തരാന്‍ തോന്നുന്നുണ്ട്. എന്താണ് ചോദിച്ചത്. വിവാഹം കഴിഞ്ഞിട്ട് സിനിമയില്‍ അഭിനയിക്കുമോ എന്നോ? ബെസ്റ്റ്. എനിക്ക് എണീറ്റ് നടക്കുന്ന കാലം വരെ സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം,’ അഹാന പറഞ്ഞു.

അഭിമുഖത്തിലെ ചോദ്യത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു നടനോടാണെങ്കില്‍ വിവാഹ ശേഷം അഭിനയിക്കുന്നതിനെ പറ്റി ചോദിക്കുമോയെന്നും വിവാഹം പെണ്‍കുട്ടികളുടെ കരിയറിന്റെ അന്ത്യമല്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അഭിമുഖം ആളുകള്‍ കാണാനാണോ ഇത്തരം നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നതെന്നും കമന്റുകളുണ്ട്.

ഏപ്രില്‍ 14നാണ് അടി റിലീസ് ചെയ്യുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് അടി സംവിധാനം ചെയ്യുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഫായിസ് സിദ്ധിഖാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ദിവസങ്ങള്‍ കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Content Highlight: ahana krsihana’s reply for acting after marriage