[]ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് ഒരാണ്ട്.

ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ച മരണത്തിന് ഒരാണ്ട് തികയുന്ന സാഹചര്യത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ സ്വദേശമായ കശ്മീരില്‍ കര്‍ഫ്യൂവിന് സമാനമായ അവസ്ഥയാണ് നിലവില്‍ വന്നിരിയ്ക്കുന്നത്.

കശ്മീരിലെ പ്രധാനപ്പെട്ട നഗരങ്ങളിലും മറ്റ് പ്രദേശങ്ങളില്ലാം ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പലയിടങ്ങളിലും പോലീസിനു പുറമേ സി.ആര്‍.പി.എഫ് ഭടന്മാരേയും വിന്യസിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമുള്‍പ്പെടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും താത്കാലികമായി സര്‍വ്വീസ് നിര്‍ത്തി വച്ചിട്ടുണ്ട്. ഔദ്യോഗികമായി വിശദീകരണങ്ങള്‍ ഒന്നും നല്‍കിയില്ലെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്തരം മുന്‍കൂര്‍ സുരക്ഷാ നടപടികളെന്നാണ് സൂചന.

അഫ്‌സല്‍ ഗുരുവിനെ തൂക്കിയേറ്റിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം കശ്മീരിന്റെ താഴ്‌വാരങ്ങളില്‍ നിരവധി സംഘര്‍ഷങ്ങളാണ് നടന്നത്. അന്ന് കശ്മീരില്‍ ദിവസങ്ങളോളം കര്‍ഫ്യൂ നിലനിന്നിരുന്നു.

രാഷ്ട്രപതി ദയാഹരജി തള്ളിയതിനെ തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. അതീവ രഹസ്യമായാണ് തീഹാര്‍ ജയിലില്‍ വച്ച് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

ശേഷം മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിയ്ക്കുകയും ചെയ്തു.

എന്നാല്‍ രഹസ്യമായി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാഞ്ഞതും ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയായിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ട് അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടെന്ന് തെളിയിയ്ക്കാന്‍ കഴിയാതിരുന്ന പ്രോസിക്യൂഷന്‍ അഫ്‌സല്‍ഗുരുവിന് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും പക്ഷേ പൊതുജന അഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത് എന്നുമായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

ഇതും പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി. പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ ഇത്തരത്തിലൊരു വധശിക്ഷ നടപ്പാക്കണമോയെന്ന ചോദ്യവും സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും നേരിട്ടിരുന്നു.

അതിന് മുമ്പ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെയും ഇത്തരത്തില്‍ തൂക്കിലേറ്റിയശേഷം മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചിരുന്നു.

2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇത് 2003 ഒക്‌ടോബര്‍ 29ന് ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു.

2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളുകയായിരുന്നു.