കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിനെതിരെ പരാതിയുമായി ബി.ജെ.പിയും. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നല്‍കി.

നേരത്തെ ചിത്രത്തിനെതിരെ സി.പി.ഐ.എമ്മും പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സി.പി.ഐ.എം ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങുന്ന ട്രെയിലര്‍ ആളുകളെ സ്വാധീനിക്കുമെന്നതിനാലാണ് കമ്മീഷന് സി.പി.ഐ.എം പരാതി നല്‍കിയിരിക്കുന്നത്.മോദി ചിത്രത്തിനെതിരെ കമ്മീഷന്‍ നടപടിയെടുത്തത് പോലെ മമതയുടെ സിനിമയ്ക്കെതിരെയും കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.ഐ.എം നേതാവ് ന്യൂസ് 18നോട് പറഞ്ഞിരുന്നു.

മെയ് 3നാണ് സിനിമ റിലീസ് ചെയ്യുന്നത്. ബംഗാളില്‍ അവസാന രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മെയ് 7നും 12നുമാണ്.

മോദിയുടെ ജീവിതം പറയുന്ന ‘പി.എം നരേന്ദ്രമോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയെ കുറിച്ചുള്ള സിനിമയും വരുന്നത്.

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും കൃത്രിമം നടന്നതായി കാണിച്ചു കൊണ്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കണ്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും 464 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
DoolNews video