വനിതാ ഏഷ്യാ കപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ക്യാമ്പെയ്‌ന് തുടക്കമിട്ടത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ 108 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചു. ഗുല്‍ ഫെറോസ അഞ്ച് റണ്‍സിനും വിക്കറ്റ് കീപ്പര്‍ മുബീന അലി 11 റണ്‍സിനും പുറത്തായി. വണ്‍ ഡൗണായെത്തിയ സിദ്ര അമീന്‍, ആറാം നമ്പറിലിറങ്ങിയ തുബ ഹസന്‍, എട്ടാം നമ്പറിലിറങ്ങിയ ഫാത്തിമ സന എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്.

സിദ്ര അമീന്‍ 35 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ തുബ ഹസന്‍ 19 പന്തില്‍ 22 റണ്‍സും ഫാത്തിമ സന 16 പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിന് മടങ്ങി.

ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് നേടി. രേണുക സിങ്, ശ്രേയാങ്ക പാട്ടീല്‍, പൂജ വസ്ത്രാര്‍കര്‍ എന്നിവര്‍ രണ്ട് വീതം പാക് താരങ്ങളെയും മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

31 പന്തില്‍ 45 റണ്‍സ് നേടിയ മന്ഥാന മടങ്ങുമ്പോള്‍ വിജയത്തിന് 24 റണ്‍സ് മാത്രമകലെയായിരുന്നു ഇന്ത്യ. ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ 29 പന്തില്‍ 40 റണ്‍സ് നേടിയ ഷെഫാലി വര്‍മയെയും 102ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ ഡയലന്‍ ഹേമലതയെയും നഷ്ടമായെങ്കിലും ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ പാകിസ്ഥാനെതിരായ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. ഇതിന് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമും പുരുഷ ടീമും പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഫൈനലിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തറപറ്റിച്ചത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.